സ്വര്‍ണ ഇറക്കുമതിയില്‍ പ്രതിസന്ധി, കല്യാണ്‍ അടക്കമുളള ജുവല്ലറി ഓഹരികൾക്ക് വൻ ഇടിവ്

ഇറക്കുമതിയിലെ തടസം വിപണിയില്‍ സ്വര്‍ണ ലഭ്യതയില്‍ കുറവ് വരുത്തുമെന്ന ആശങ്കയില്‍ ജുവല്ലറികള്‍
സ്വര്‍ണ ഇറക്കുമതിയില്‍ പ്രതിസന്ധി, കല്യാണ്‍ അടക്കമുളള ജുവല്ലറി ഓഹരികൾക്ക് വൻ ഇടിവ്
Published on

പ്രമുഖ ജുവല്ലറി ഗ്രൂപ്പുകളായ കല്യാൺ ജുവലേഴ്‌സ്, ടൈറ്റൻ തുടങ്ങിയവയുടെ ഓഹരി മൂല്യത്തിൽ ഇന്ന് (ഏപ്രില്‍ 17) വ്യാപാരത്തിനിടെ വൻ ഇടിവ്. കല്യാൺ ജുവലേഴ്‌സിന്റെ ഓഹരിയില്‍ 6 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. സ്വര്‍ണം, വെളളി എന്നിവയുടെ പുതിയ ഇറക്കുമതി ബാങ്കുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ജുവല്ലറി ഓഹരികള്‍ക്ക് തിരിച്ചടിയായത്.

അതേസമയം, റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ശേഷം സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യാൻ അനുമതി നല്‍കിക്കൊണ്ട് 15 ബാങ്കുകളുടെ പട്ടിക കേന്ദ്ര വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, ആക്സിസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ബാങ്കുകളാണ് പട്ടികയിലുളളത്. വിജ്ഞാപനം അനുസരിച്ച് 2029 മാര്‍ച്ച് 31 വരെയാണ് ഇറക്കുമതിക്ക് അനുമതിയുളളത്. ഇതോടെ ഓഹരികള്‍ നേരിയ തോതില്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്.

അനുമതി ഉത്തരവ് ലഭിച്ചില്ല

കേന്ദ്ര സർക്കാരിന്റെ പുതിയ അനുമതി ഉത്തരവ് (Fresh authorisation order) ലഭിക്കാത്തതാണ് സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി നടത്തുന്നതിന് ബാങ്കുകൾ പുതിയ ഓർഡറുകൾ നല്‍കുന്നത് നിർത്തിവെക്കാനുളള കാരണം.

ഓരോ വര്‍ഷവും സ്വര്‍ണം, വെളളി ഇറക്കുമതി നടത്താന്‍ യോഗ്യതയുളള ബാങ്കുകളുടെ വിവരങ്ങള്‍ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) പുറത്തുവിടാറുണ്ട്. നേരത്തെയുളള ഉത്തരവിന്റെ കാലാവധി കഴിഞ്ഞ മാസം (മാർച്ച് 31 ന്) പൂര്‍ത്തിയായിരുന്നു. പുതിയ ഉത്തരവ് ലഭിക്കാത്തതിനാല്‍ വലിയ തോതില്‍ സ്വര്‍ണം, വെളളി എന്നിവ കസ്റ്റംസ് അനുമതി ലഭിക്കാത്ത അവസ്ഥയിലാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്ഷയ തൃതീയ അടുക്കുന്നു

ഇതുസംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കല്യാൺ ജുലലേഴ്‌സ് ഓഹരികൾ ഉച്ചകഴിഞ്ഞുളള സെഷനില്‍ 5 ശതമാനത്തോളം ഇടിഞ്ഞ് 420 രൂപയിലും തനിഷ്ക് ഗ്രൂപ്പിന്റെ ടൈറ്റന്‍ ഓഹരികള്‍ 0.70 ശതമാനം ഇടിഞ്ഞ് 4,431 രൂപയിലും എത്തി.

സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുന്ന അക്ഷയ തൃതീയ ഞായറാഴ്ച നടക്കാനിരിക്കെ രൂപപ്പെട്ട ഈ സാഹചര്യം കച്ചവടത്തെ ബാധിക്കുമോ എന്ന പ്രതിസന്ധിയും സൃഷ്ടിക്കുന്നു. ഇറക്കുമതിയിലെ തടസം വിപണിയില്‍ സ്വര്‍ണ ലഭ്യതയില്‍ കുറവ് വരുത്തുമെന്ന ആശങ്കയിലാണ് ജുവല്ലറികള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com