ജുന്‍ജുന്‍വാലയ്ക്ക് ഇന്ന് 61ാം പിറന്നാള്‍; 5000 രൂപയില്‍ നിന്നും 34000 കോടി സമ്പത്തിലെത്തിയ കഥ, ഒരെത്തിനോട്ടം

ഒരു ഇന്ത്യന്‍ ടാക്‌സ് ഓഫീസറുടെ മകനായി ഒരു സാധാരണ കുടുംബത്തില്‍ വളര്‍ന്നു വന്ന രാകേഷ് ജുന്‍ജുന്‍വാല 1985 ലാണ് കോളെജില്‍ പഠിക്കുന്ന കാല ഘട്ടത്തില്‍ ആദ്യമായി ഓഹരി നിക്ഷേപ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. അന്ന് ജുന്‍ജുന്‍വാലയ്ക്ക് മുന്നില്‍ 150 പോയിന്റില്‍ നില്‍ക്കുന്ന ബിഎസ്ഇ സെന്‍സെക്‌സും കയ്യില്‍ നിക്ഷേപിക്കാനായി ആകെയുള്ള 5000 രൂപയും മാത്രം. ഇതുവരെയുള്ള പണപ്പെരുപ്പം പരിശോധിച്ചാല്‍ തെറ്റില്ലാത്ത ഒരു തുക തന്നെയാണ് അത്. പിന്നെ ഒന്നും നോക്കിയില്ല, ഏറെ കാലമായി ഗവേഷണം നടത്തിയിരുന്ന ഓഹരി രംഗത്തേക്ക് രംഗപ്രവേശം നടത്തി.

ഇന്നത്തെ ബിഗ് ബുള്‍ പണ്ടൊരു കരടി
ടാറ്റ ടീയിലാണ് രാകേഷ് ജുന്‍ജുന്‍വാല അന്ന് തന്റെ വലിയ നിക്ഷേപം നടത്തിയത്. 43 രൂപ വീതമുള്ള 5000 ടാറ്റ ടീ ഷെയറുകളില്‍ നിന്നും 1986 ആയപ്പോഴേക്കും അഞ്ച് ലക്ഷം രൂപയെന്ന വലിയ നേട്ടം ജുന്‍ജുന്‍വാല സ്വന്തമാക്കി. അന്ന് ടാറ്റ ടീയുടെ 43 രൂപ വിലയുള്ള 5,000 ഓഹരികള്‍ വാങ്ങിയെങ്കിലും വെറും മൂന്ന് മാസത്തിനുള്ളില്‍ 143 രൂപയായി ഓഹരി വില സൂം ചെയ്തു, മൂന്നിരട്ടിയിലധികം നിക്ഷേപിച്ച പണം ലഭിച്ചപ്പോള്‍ രാകേഷ് എന്ന ചെറുപ്പക്കാരന്‍ ഓഹരി വിപണിയിലെ ഹരമറിഞ്ഞു. ഒപ്പം ഇത്് ബുദ്ധിപരമായി ചുവടുവച്ചാല്‍ നേട്ടം കൊയ്യുന്നവരുടെ കളിക്കളമാണെന്ന സത്യവും മനസ്സിലാക്കി.
ഹര്‍ഷദ് മേത്തയുടെ കാലത്ത് ഒരു ബെയര്‍ ഇന്‍വെസ്റ്റര്‍ ആയിരുന്ന ജുന്‍ജുന്‍വാല പിന്നീട് ഹര്‍ഷദ് മേത്ത സ്‌കാമിന്റെ സമയത്ത് ഷോര്‍ട്ട് സെല്ലിംഗും മറ്റും നടത്തി 1992 ല്‍ വന്‍ നേട്ടം കൈവരിച്ച കഥകളൊക്കെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. 1990 കളില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ആധിപത്യം സ്ഥാപിച്ചിരുന്നത് കാര്‍ട്ടലുകളാണ്. ബ്ലാക്ക് കോബ്ര എന്നറിയപ്പെടുന്ന മനു മാനെക് അത്തരമൊരു ബെയര്‍ കാര്‍ട്ടലിനെ നയിച്ചു, അനുയായികളായ രാധാകിഷന്‍ ദമാനി, രാകേഷ് ജുന്‍ജുന്‍വാല തുടങ്ങിയവര്‍ പങ്കെടുത്തു. എന്നാല്‍ 1992 ലെ ഹര്‍ഷദ് മേത്ത അഴിമതിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തക സുചേത ദലാല്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ന്നു.
രാരേ എന്റര്‍പ്രൈസസ് (Rare Enterprisse)
രാകേഷ് ജുന്‍ജുന്‍വാലയ്‌ക്കൊപ്പം ചേര്‍ത്തു വച്ച് വായിക്കുന്നൊരുപേരാണ് നിക്ഷേപക കൂടിയായ ഭാര്യ രേഖ ജുന്‍ജുന്‍വാലയുടേത്.
1987 ല്‍ രാകേഷ് രാധേശ്യാം ജുന്‍ജുന്‍വാല അന്ധേരിയിലെ മറ്റൊരു ഇന്‍വെസ്റ്റര്‍ വനിതയായ രേഖ ജുന്‍ജുന്‍വാലയെ വിവാഹം കഴിച്ചു.
2003 ല്‍, രാകേഷ് ജുന്‍ജുന്‍വാല സ്വന്തം സ്റ്റോക്ക് ട്രേഡിംഗ് സ്ഥാപനമായ രാരേ (RARE) എന്റര്‍പ്രൈസസ് സ്ഥാപിച്ചു, അദ്ദേഹത്തിന്റെയും ഭാര്യ രേഖയുടെയും പേരുകളുടെ ആദ്യ രണ്ട് ഇനീഷ്യലുകളില്‍ നിന്നാണ് ഈ പേര് ലഭിച്ചത് - രാകേഷില്‍ നിന്നുള്ള 'രാ'; രേഖയില്‍ നിന്ന് 'രേ'.
ഇന്ത്യയുടെ വാരന്‍ ബഫറ്റ് ആയ കോടീശ്വരന്‍!
2021 മാര്‍ച്ച് 31 ന് അവസാനിച്ച പാദാവസാനത്തെ കണക്ക് പ്രകാരം, ടൈറ്റന്‍ കമ്പനി, ടാറ്റ മോട്ടോഴ്‌സ്, ക്രിസില്‍, ലുപിന്‍, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍, നസറ ടെക്‌നോളജീസ്, ഫെഡറല്‍ ബാങ്ക്, ഡെല്‍റ്റ കോര്‍പ്പ്, ഡിബി റിയല്‍റ്റി, ടാറ്റ കമ്മ്യൂണിക്കേഷന്‍സ് എന്നിവയുള്‍പ്പെടെ 37 ഓഹരികള്‍ രാകേഷ് ജുന്‍ജുന്‍വാലയും അസോസിയേറ്റുകളും പരസ്യമായി കൈവശം വച്ചിട്ടുണ്ട്. ട്രെന്‍ഡ്ലൈനിന്റെ റിപ്പോര്‍ട്ട് പ്രകാരം 19,695.3 കോടി രൂപയുടെ ആസ്തിയാണ് ഇവയ്ക്കുള്ളത്. വാച്ച് ആന്‍ഡ് ജ്വല്ലറി നിര്‍മാതാക്കളായ ടൈറ്റന്‍ കമ്പനിയാണ് അദ്ദേഹത്തിന്റെ ഏറ്റവും വിലപ്പെട്ട ഹോള്‍ഡിംഗ് ഹോള്‍ഡിംഗ് മൂല്യം 7,879 കോടി രൂപ; ടാറ്റ മോട്ടോഴ്സ് 1,474.4 കോടി രൂപ; ക്രിസില്‍ 1,063.2 കോടി രൂപ.
ബാങ്കിംഗ് ഇഷ്ടം
രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയില്‍ ഏറ്റവും ബുള്ളിഷ് ആയി അദ്ദേഹം പറയുന്നത് ബാങ്കിംഗ് മേഖലയിലേതാണ്.
കാര്യക്ഷമമല്ലാത്ത പ്രകടനം കാഴ്ച വയ്ക്കുന്ന ബാങ്കുകള്‍ ഉള്‍പ്പെടെ ബാങ്കിംഗ് മേഖലയെ രാകേഷ് ജുന്‍ജുന്‍വാല വളരെ ബുള്ളിഷ് ആയാണ് നിക്ഷേപം നടത്തുന്നത്. കാര്യക്ഷമമല്ലാത്ത ബാങ്കുകള്‍ക്ക് വളരെ ഉയര്‍ന്ന ചെലവ്-വരുമാന അനുപാതങ്ങളുണ്ടെന്നും അത് ഗണ്യമായി കുറയുമെന്നും അടുത്തിടെ ടിവി അഭിമുഖത്തില്‍ ജുന്‍ജുന്‍വാല പറഞ്ഞിരുന്നു. രാജ്യം വരും വര്‍ഷങ്ങളില്‍ 10-12 ശതമാനം ജിഡിപിയും വളര്‍ച്ച നേടുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് സംഭവിച്ച ഘടനാപരമായ മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയെക്കുറിച്ചുള്ള തന്റെ ബുള്ളിഷ് കാഴ്ചപ്പാടുകള്‍ എന്നും ജുന്‍ജുന്‍വാല പറയുന്നു.

(വിവരങ്ങൾക്ക് കടപ്പാട്: ഫിനാൻഷ്യൽ എക്സ്പ്രസ് , ട്രെൻഡ് ലൈൻ വെബ്‌സൈറ്റ് )

Related Articles
Next Story
Videos
Share it