വിപണിയേക്കാള്‍ മുന്നേറി ജുന്‍ജുന്‍വാല ഓഹരികള്‍

2022-23 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് കാലയളവില്‍ വിപണി വളര്‍ച്ചയെ മറികടന്ന പ്രകടനം കാഴ്ചവച്ച് അന്തരിച്ച പ്രമുഖ ഓഹരി നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ ഓഹരി പോര്‍ട്ട് ഫോളിയോ. രാകേഷ് ജുന്‍ജുന്‍വാലയുടേയും ഭാര്യ രേഖ ജുന്‍ജുന്‍വാലയുടേയും പേരിലുള്ള വിവിധ കമ്പനികളിലെ ഓഹരി നിക്ഷേപത്തില്‍ 11 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 6 ശതമാനവും നിഫ്റ്റി 50 6.7 ശതമാനവും മാത്രമാണ് ഇക്കാലയളവില്‍ ഉയര്‍ന്നത്.

2023 മാര്‍ച്ച് 31 ന് 32,445 കോടി രൂപയായിരുന്നു ജൂന്‍ജൂന്‍വാല പോര്‍ട്ട് ഫോളിയോയിലുള്ള ഓഹരികളുടെ മൂല്യം. 2023 മെയ് 26 ന്‌ അത് 35,799 കോടി രൂപയായി. 65 ശതമാനം വില ഉയര്‍ന്ന ആപ്‌ടെക് ഓഹരികളാണ് പോര്‍ട്ട്‌ഫോളിയോയ്ക്ക് കരുത്ത് പകര്‍ന്നത്. ആപ്‌ടെക്കിന്റെ ലാഭം നാലാം പാദത്തില്‍ 30.5 ശതമാനം ഉയര്‍ന്ന് 33.35 കോടി രൂപയായിരുന്നു. ബോര്‍ഡ് 2:5 എന്ന അനുപാതത്തില്‍ ഓഹരിക്ക് ആറു രൂപ ഡിവിഡന്‍ഡും പ്രഖ്യാപിച്ചിരുന്നു.
15-28 ശതമാനം വളര്‍ച്ച
മുന്‍നിര ഓഹരി സൂചികകളെയെല്ലാം മറികടക്കുന്ന പ്രകടനമാണ് ജൂന്‍ജൂന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയിലെ വൈവിധ്യമാര്‍ന്ന മേഖലകളിലുള്ള ഓഹരികള്‍ കാഴ്ചവച്ചത്. ടാറ്റ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ് ഡി.വി.ആര്‍, മെട്രോ ബ്രാന്‍ഡ്‌സ്, ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി, ക്രിസില്‍ എന്നീ ഓഹരികള്‍ 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ഇതുവരെയുള്ള കാലയളവില്‍ 15-28 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. ടൈറ്റന്‍ ഓഹരിയില്‍ ഇക്കാലയളവില്‍ ഒമ്പത് ശതമാനം വര്‍ധനയാണുണ്ടായത്. ഇതു വഴി പോര്‍ട്ട്‌ഫോളിയോയിലേക്ക് ചേര്‍ക്കപ്പെട്ടത് 1,065 കോടി രൂപയാണ്. ജുന്‍ജുന്‍വാലയുടെ കൈവശമുള്ള ടൈറ്റന്‍ കമ്പനിയുടെ ഓഹരി മൂല്യം 12,887 കോടി രൂപയായി. മെട്രോ ബ്രാന്‍ഡ്‌സ് 612 കോടി രൂപ, ടാറ്റ മോട്ടോഴ്‌സ് 557 കോടി രൂപ, ക്രിസില്‍ 197 കോടി രൂപ, ഇന്ത്യന്‍ ഹോട്ടല്‍സ് 178 കോടി രൂപ, സ്റ്റാര്‍ ഹെല്‍ത്ത് 159 കോടി രൂപ എന്നിങ്ങനെയാണ് ഇക്കാലയളവില്‍ മൂല്യം വര്‍ധിച്ചത്.
ആഗ്രോ ടെക് ഫുഡ്‌സാണ് ജുന്‍ജുന്‍വാലയ്ക്ക് ഇക്കാലയളവില്‍ നഷ്ടമുണ്ടാക്കിയത്. ഓഹരിവില 12 ശതമാനത്തോളം താഴേക്ക് പോയി. ഓട്ടോലൈന്‍ ഇന്‍ഡസ്ട്രീസ് ഓഹരി വില എട്ട് ശതമാനവും ഫെഡറല്‍ ബാങ്ക് ഓഹരി വില 5 ശതമാനവും ഇടിവ് രേഖപ്പെടുത്തിയതും പോര്‍ട്ട്‌ഫോളിയോയെ ബാധിച്ചു. നിലവില്‍ ജുന്‍ജുന്‍വാലയുടെ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ റെയര്‍ എന്റര്‍പ്രൈസസാണ് പോര്‍ട്ട്‌ഫോളിയോ കൈകാര്യം ചെയ്യുന്നത്.

പോര്‍ട്ട്‌ഫോളിയോയില്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it