
മുകേഷ് അംബാനിയുടെ ജിയോഫിനാന്‍ഷ്യലിന്റെയും ബ്ലാക്ക്‌റോക്കിന്റെയും സംയുക്ത സംരംഭമായ ജിയോബ്ലാക്ക് റോക്ക് ബ്രോക്കിംഗിന് (Jio BlackRock Broking) പ്രവര്‍ത്തന അനുമതി നല്‍കി സെബി. ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് കുറഞ്ഞ ചെലവില്‍ സാങ്കേതികവിദ്യാധിഷ്ഠിതമായ വ്യാപാര സേവനങ്ങള്‍ വാഗ്ദാനം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജിയോയുടെ ശക്തമായ ഡിജിറ്റല്‍ വ്യാപ്തിയും ബ്ലാക്ക് റോക്കിന്റെ നിക്ഷേപ പരിജ്ഞാനവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇന്ത്യയുടെ മ്യൂച്വല്‍ ഫണ്ട് വിപണി പിടിക്കാനാണ് കമ്പനിയുടെ ശ്രമം.
രാജ്യത്തെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളോട് മത്സരിച്ചു വേണം ജിയോയുടെ ബ്രോക്കറേജ് സംരംഭത്തിന് വിപണി പിടിക്കാന്‍. കേരളത്തില്‍ നിന്നുള്ള ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഡിസ്‌കൗണ്ട് പ്ലാറ്റ്‌ഫോമുകളായ സെരോധ, അപ്‌സ്‌റ്റോക്‌സ്, ഏയ്ഞ്ചല്‍ വണ്‍, 5 പൈസ, മോത്തിലാല്‍ ഒസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയാണ് ബ്രോക്കറേജ് വിപണിയില്‍ മുന്‍നിരയിലുള്ളത്. രാജ്യത്തെ ആക്ടീവ് ഇടപാടുകാരുടെ 20 ശതമാനവും സെരോധയ്ക്കാണ്. സീറോ ബ്രോക്കറേജ്, യൂസര്‍ ഫ്രണ്ട്‌ലിയായ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലൂടെയാണ് ഈ കമ്പനികള്‍ വിപണി പിടിച്ചത്. കൂടുതല്‍ വിപുലമായ തന്ത്രങ്ങളുമായാകും വിദേശ കൂട്ടുമായി ഇന്ത്യന്‍ വിപണിയിലെത്തുന്ന കമ്പനി മുന്നേറുക.
ഈ മാസം ആദ്യം സംയുക്ത സംരംഭത്തിന്റെ നിക്ഷേപ ഉപദേശ സ്ഥാപനമായ ജിയോബ്ലാക്ക്‌റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് (Jio BlackRock Investment Advisers/JBIAPL) സെബിയില്‍ നിന്ന് പ്രവര്‍ത്തനാനുമതി ലഭിച്ചിരുന്നു. ഇതുകൂടാതെ കഴിഞ്ഞ മാസം മ്യൂച്വല്‍ഫണ്ട് ബിസിനസ് തുടങ്ങാനും കമ്പനിക്ക് അനുമതി ലഭിച്ചിരുന്നു.
2023 ജൂലൈയിലാണ് ബ്ലാക്ക്‌റോക്കുമായി സംയുക്ത സംരംഭത്തെകുറിച്ച് ജിയോ ബ്ലാക്ക്‌റോക്ക് ആദ്യം പ്രഖ്യാപിക്കുന്നത്. പിന്നീട് 2024 ഒക്ടോബറില്‍ തത്വത്തില്‍ അംഗീകാരം ലഭിച്ചു.
കഴിഞ്ഞയാഴ്ച ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ജിയോ പേയ്‌മെന്റ്‌സ് ബാങ്കിന്റെ 7.91 കോടി ഓഹരികള്‍ 104.54 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. ഇതോടെ ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പൂര്‍ണ സബ്‌സിഡിയറിയായി ജിയോപേയ്‌മെന്റ്‌സ് ബാങ്ക് മാറി.
ബ്രോക്കറേജ് രംഗത്തേക്ക് കടക്കുന്ന വാര്‍ത്തകളെ തുടര്‍ന്ന് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരി വില ഇന്ന് അഞ്ച് ശതമാനത്തിനടുത്ത് ഉയര്‍ന്നു. ഓഹരി വില 329 രൂപ വരെ എത്തുകയും ചെയ്തു. ഈ വര്‍ഷം ഇതുവരെ ഓഹരി വില 6.50 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine