ജിയോ ഫിനാന്‍ഷ്യലിന്റെ ലാഭത്തില്‍ 101% കുതിപ്പ്; ലിസ്റ്റിംഗിന് ശേഷമുള്ള ആദ്യ ഫലം

റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തിയ ശേഷം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ബാങ്കിതര ധനകാര്യ സ്ഥാപനമായ (NBFC) ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (Jio Fin) നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 101.3 ശതമാനം വളര്‍ച്ചയോടെ 668.18 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ജൂണ്‍പാദത്തില്‍ ലാഭം 331.92 കോടി രൂപയായിരുന്നു.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ശേഷമുള്ള ജിയോ ഫിനിന്റെ ആദ്യ ത്രൈമാസ പ്രവര്‍ത്തനഫലമാണിത്. കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ജിയോ ഫിന്‍ ഓഹരി വിപണിയില്‍ ആദ്യ ചുവടുവച്ചത്. അന്ന് ഓഹരി ഒന്നിന് വില 265 രൂപയായിരുന്നു (BSE). ഇപ്പോള്‍ വിലയുള്ളത് 227.15 രൂപയിലാണ്.
വരുമാനം 47% ഉയര്‍ന്നു
ജിയോ ഫിനിന്റെ മൊത്ത വരുമാനം (Total Income) 46.8 ശതമാനം വര്‍ധിച്ച് 608 കോടി രൂപയിലെത്തി. ഏപ്രില്‍-ജൂണ്‍പാദത്തില്‍ ഇത് 414 കോടി രൂപയായിരുന്നു.
കമ്പനിയുടെ ചെലവുകള്‍ (expenses) 53.81 കോടി രൂപയില്‍ നിന്ന് 32.7 ശതമാനം ഉയര്‍ന്ന് 71.43 കോടി രൂപയായി. പലിശ വരുമാനം 202 കോടി രൂപയില്‍ നിന്ന് 186 കോടി രൂപയായി കുറഞ്ഞു. നിലവില്‍ 1.44 ലക്ഷം കോടി രൂപയാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിപണിമൂല്യം (market cap).
വ്യക്തിഗത വായ്പ, ഉപഭോക്തൃ വായ്പ, ബിസിനസ് വായ്പ, ഇന്‍ഷ്വറന്‍സ്, പേയ്‌മെന്റ് സേവനങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്ന സ്ഥാപനമാണ് ജിയോ ഫിന്‍.
പുതിയ സി.ടി.ഒയെ നിയമിച്ചു
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായി (CTO) എ.ആര്‍. ഗണേഷിനെ നിയമിച്ചു. ഇന്നലെ ഓഹരി വിപണികള്‍ക്ക് നല്‍കിയ കത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഐ.സി.ഐ.സി.ഐ ബാങ്കില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസറായി (CISO) പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it