ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഗസ്റ്റ് 21ന് ലിസ്റ്റ് ചെയ്യും
കഴിഞ്ഞ മാസം റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തിയ റിലയന്‍സ് ഗ്രൂപ്പിന്റെ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ (NBFC) ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ജെ.എഫ്.എസ്.എല്‍) ഓഗസ്റ്റ് 21 ന് ലിസ്റ്റ് ചെയ്യുമെന്ന് കമ്പനി എക്സ്ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു.
ഓഹരിയുടെ വില 261.85 രൂപ
ജൂലൈ 20ന് റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വിഭജിക്കപ്പെട്ട ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വില നിര്‍ണ്ണയിക്കാന്‍ കമ്പനി ഒരു പ്രത്യേക ട്രേഡിംഗ് സെഷന്‍ നടത്തിയിരുന്നു. മിക്ക ബ്രോക്കറേജുകളും ജെ.എഫ്.എസ്.എല്‍ ഓഹരിയുടെ വില ഏകദേശം 160-190 രൂപ ആയിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 1.66 ലക്ഷം കോടി രൂപ വിപണി മൂല്യം നല്‍കികൊണ്ട് ട്രേഡിംഗ് സെഷന്‍ വില 261.85 രൂപയായി തീരുമാനിച്ചു. യോഗ്യരായ നിക്ഷേപകര്‍ക്ക് ഓഗസ്റ്റ് 10-ന് അവരുടെ ഡീമാറ്റ് അക്കൗണ്ടില്‍ ജെ.എഫ്.എസ്.എല്ലിന്റെ ഓഹരികള്‍ ലഭിച്ചു തുടങ്ങി.
41.3 കോടി ഓഹരികള്‍
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പൂര്‍ണ്ണമായ ബിസിനസ് മോഡല്‍ ഇപ്പോഴും വ്യക്തമല്ലെങ്കിലും ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജറായ ബ്ലാക്ക് റോക്കുമായി ചേര്‍ന്ന് 50:50 സംയുക്ത സംരംഭം വഴി ഒരു അസറ്റ് മാനേജ്‌മെന്റ് ബിസിനസ്സ് ആരംഭിക്കുമെന്ന് കമ്പനി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ 6.1% വരുന്ന 41.3 കോടി ഓഹരികളുണ്ട്. ഇതിന്റെ വിപണിമൂല്യം ഏകദേശം 1.05 ലക്ഷം കോടി രൂപയാണ്. ഈ ഗണ്യമായ ഉടമസ്ഥത കമ്പനിയുടെ ഉയര്‍ന്ന വിപണി മൂല്യത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്.
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതിന്റെ വില നിശ്ചയിച്ചതിന് ശേഷം സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിലവില്‍ ഓഹരിയൊന്നിന് 261.85 രൂപ നിശ്ചയിച്ച് ഡമ്മിയായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതില്‍ വ്യാപാരം സാധ്യമല്ല. 21ന് വിപണിയില്‍ ലിസ്റ്റ് ചെയ്ത ശേഷമേ വ്യാപാരം നടത്താനാകുകയുള്ളു. ഓഗസ്റ്റ് 21-ന് വ്യാപാരം ആരംഭിക്കുന്നതോടെ കമ്പനിയുടെ ഓഹരി വില എങ്ങനെ മാറിമാറയുമെന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.