ജിയോ ഐപിഒ: ലോട്ടിന് ₹3,000 വരെ ലിസ്റ്റിങ് നേട്ടത്തിന് സാധ്യത; ഓഹരിയുടെ അലോട്ട്‌മെന്റ് ‌പരിശോധിക്കാനുള്ള 3 വഴികൾ ഇതാ

ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയുടെ അലോട്ട്‌മെന്റ് സ്റ്റാറ്റസ് കെഫിൻ ടെക്നോളജീസ്, എൻഎസ്ഇ, ബിഎസ്ഇ തുടങ്ങിയവയുടെ വെബ്‌സൈറ്റ് മുഖേന പരിശോധിക്കാം; ഒക്ടോബർ 28-നാണ് ജിയോ ഓഹരിയുടെ ലിസ്റ്റിങ് നിശ്ചയിച്ചിരിക്കുന്നത്
Reliance Jio IPO allotment status check
പ്രതീകാത്മക ചിത്രംImage Source: Canva
Published on: 

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോയുടെ ഐപിഒയിൽ (Jio Platforms IPO) അലോട്ട്‌മെന്റ് ലഭിക്കുന്ന നിക്ഷേപകർക്ക് ഏറ്റവും പുതിയ ഗ്രേ മാർക്കറ്റ് പ്രീമിയം (ജിഎംപി) അനുസരിച്ച് ഒറ്റ ലോട്ടിൽ നിന്നും ഏകദേശം 3,000 രൂപയുടെ ലിസ്റ്റിങ് നേട്ടത്തിനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ന് (ഒക്ടോബർ 26) രാവിലെ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ജിയോ ഐപിഒയുടെ ​ഗ്രേ മാർക്കറ്റ് പ്രീമിയം 249 രൂപയായിരുന്നു.

അതായത് ഐപിഒയിൽ ഇഷ്യൂ ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുള്ള ജിയോ ഓഹരിയുടെ ഉയർന്ന പ്രൈസ് ബാൻഡ് ആയ 1,119 രൂപ പ്രകാരം, നിലവിലെ ​ഗ്രേ മാർക്കറ്റ് പ്രീമിയം നൽകുന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിൽ ജിയോ ഓഹരിയുടെ ലിസ്റ്റിങ് വില 1,368 രൂപയായി കണക്കാക്കപ്പെടുന്നു. ഇത് ഏകദേശം 22.07 ശതമാനം നേട്ടത്തെ സൂചിപ്പിക്കുന്നു. ഐപിഒയിലെ ഒരു ലോട്ട് 12 ഓഹരികളായിരുന്നു.

അർഹരായ നിക്ഷേപകർക്കുള്ള അലോട്ട്‌മെന്റ് നടപടികൾ ഒക്ടോബർ 26-ന് അന്തിമമാക്കുമെന്നും ജിയോ പ്ലാറ്റ്ഫോംസ് ഓഹരികൾ ഒക്ടോബർ 28-ന് ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യുമെന്നുമാണ് നിലവിലെ അറിയിപ്പ്.

അലോട്ട്മെന്റ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

നിങ്ങളുടെ പാൻ (PAN), അപ്ലിക്കേഷൻ നമ്പർ അല്ലെങ്കിൽ ഡി.പി/ക്ലയന്റ് ഐ.ഡി (DP/Client ID) എന്നിവ ഉപയോഗിച്ച് പ്രധാനപ്പെട്ട 3 വഴികളിലൂടെ ജിയോ പ്ലാറ്റ്ഫോംസ് ഐ.പി.ഒ.യിൽ നിന്നുള്ള ഓഹരികളുടെ അലോട്ട്മെന്റ് സ്റ്റാറ്റസ് ഇന്നത്തോടെ പരിശോധിക്കാം:

  1. ജിയോ ഐപിഒയുടെ രജിസ്ട്രാറായ കെഫിൻ ടെക്നോളജീസിന്റെ (KFin Technologies) ഔദ്യോഗിക പേജ് സന്ദർശിച്ച്, ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് തിരഞ്ഞെടുക്കുക. ശേഷം പാൻ, അപ്ലിക്കേഷൻ നമ്പർ അല്ലെങ്കിൽ ഡി.പി ഐ.ഡി വിവരങ്ങൾ നൽകി സെർച്ച് ചെയ്യുക. ലിങ്ക് — (https://ipostatus.kfintech.com/)

  2. എൻ.എസ്.ഇയുടെ വെബ്‌സൈറ്റിലെ ഐപിഒ ബിഡ്ഡിംഗ് വിവരങ്ങൾ പരിശോധിക്കാനുള്ള പേജിൽ 'Equity' തിരഞ്ഞെടുത്ത ശേഷം ജിയോ പ്ലാറ്റ്ഫോംസ് സെലക്ട് ചെയ്യുക. അപ്ലിക്കേഷൻ നമ്പറും പാനും നൽകി അലോട്ട്മെന്റ് സ്റ്റാറ്റസ് ഉറപ്പാക്കാം. ലിങ്ക് — (https://www.nseindia.com/invest/check-trades-bids-verify-ipo-bids)

  3. ബി.എസ്.ഇയുടെ ഇൻവെസ്റ്റർ അപ്ലിക്കേഷൻ പേജിൽ 'Equity' ടൈപ്പ് ചെയ്തു തിരഞ്ഞെടുത്ത്, കമ്പനികളുടെ പട്ടികയിൽ നിന്ന് ജിയോ പ്ലാറ്റ്ഫോംസ് സെലക്ട് ചെയ്ത്, വിശദാംശങ്ങൾ നൽകി അലോട്ട്മെന്റ് സംബന്ധിച്ച റിസൾട്ട് കാണാം. ലിങ്ക് —(https://www.bseindia.com/investors/appli_check)

അലോട്ട്മെന്റ് ലഭിച്ചവരുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് ഒക്ടോബർ 27-ഓടെ ജിയോ ഓഹരികൾ ക്രെഡിറ്റ് ചെയ്യപ്പെടും. ഓഹരി ലഭിക്കാത്തവർക്ക് ഒക്ടോബർ 27-നുള്ളിൽ ഐപിഒയിൽ ബിഡ് ചെയ്ത തുക തിരികെ ലഭിക്കുന്നതായിരിക്കും (Refund).

ബിഡ്ഡിങ് വിശദാംശങ്ങൾ

ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്ക് ഏകദേശം 7.4 ലക്ഷം കോടി രൂപയുടെ ബിഡ്ഡുകൾ നിക്ഷേപകരിൽ നിന്നും ലഭിച്ചു. മൊത്തം സബ്‌സ്‌ക്രിപ്‌ഷൻ 22.19 മടങ്ങായിരുന്നു. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്‌സ് (QIB) വിഭാഗം 70.55 മടങ്ങും നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്‌സ് (NII) 14 മടങ്ങും റീട്ടെയിൽ നിക്ഷേപകരുടെ വിഭാ​ഗത്തിൽ 2.72 മടങ്ങും ബിഡ്ഡിങ് രേഖപ്പെടുത്തിയിരുന്നു. ജിയോ പ്ലാറ്റ്ഫോംസിന്റെ പ്രൊമോട്ടർ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഷെയർഹോൾഡർ ക്വോട്ടയിൽ 7.6 മടങ്ങും എംപ്ലോയി വിഭാഗത്തിൽ 2.93 മടങ്ങും ഐപിഒയിൽ ബിഡ്ഡിങ് രേഖപ്പെടുത്തി. 30,213 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് ഒക്ടോബർ 21 മുതൽ 23 വരെയായിരുന്നു ജിയോ പ്ലാറ്റ്ഫോംസ് ഐപിഒ അരങ്ങേറിയത്. ഇന്ത്യൻ വിപണി ഇതുവരെ സാക്ഷ്യംവഹിച്ചിട്ടുള്ള ഏറ്റവും വലിയ ഐപിഒയുമാണിത്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Investors can check Jio Platforms IPO allotment status through KFin Technologies, NSE and BSE, ahead of the scheduled October 28, 2026 listing.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com