

രാജ്യത്തെ ടെലികോം-ഡിജിറ്റൽ രംഗത്തെ ചരിത്രപരമായ ഐപിഒകളിലൊന്നായ ജിയോ പ്ലാറ്റ്‌ഫോംസ് (Jio Platforms) ഓഹരികൾ ഒക്ടോബർ 28-ന് വിപണിയിൽ ലിസ്റ്റ് ചെയ്യാനിരിക്കെ, നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഗ്രേ മാർക്കറ്റ് നൽകുന്ന സൂചനകളിലേക്കാണ്. ജിയോയുടെ പ്രാരംഭ ഓഹരി വിൽപ്പനയിൽ (IPO) റീറ്റെയ്ല്‍ നിക്ഷേപകർക്കായി നിശ്ചയിച്ചിരുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപത്തുകയായ 13,428 രൂപ ലിസ്റ്റിംഗ് വേളയിൽ എങ്ങനെ മാറുമെന്ന കണക്കുകൂട്ടലുകൾ വിപണിയിൽ സജീവമാണ്. നിരീക്ഷകരുടെ വിലയിരുത്തലുകൾ അനുസരിച്ച്, ജിയോ ഓഹരികൾ മികച്ച നേട്ടത്തോടെ അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിയോ ഓഹരികളുടെ അലോട്ട്‌മെന്റ് ഒക്ടോബർ 26-ന് പൂർത്തിയാകുമെമെന്നാണ് കരുതുന്നത്. ഒക്ടോബർ 27-ന് നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് ഓഹരികൾ ക്രഡിറ്റ് ചെയ്യപ്പെടും. അതേസമയം, അലോട്ട്‌മെന്റ് ലഭിക്കാത്ത നിക്ഷേപകർക്കുള്ള റീഫണ്ട് നടപടികളും അന്നുതന്നെ പൂർത്തിയാക്കും.
ഒക്ടോബർ 28 രാവിലെ 10 മണിക്ക് ബിഎസ്ഇ, എൻഎസ്ഇ എന്നീ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഓഹരി ലിസ്റ്റ് ചെയ്യും.
ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയിൽ അപ്പർ പ്രൈസ് ബാൻഡ് ആയ 1,119 രൂപ നിരക്കിലാണ് റീറ്റെയ്ല്‍ നിക്ഷേപകർ അപേക്ഷ സമർപ്പിച്ചത്. ഒരു ലോട്ടില്‍ 12 ഓഹരികളാണ് ഉൾപ്പെടുത്തിയിരുന്നത്.
മിനിമം നിക്ഷേപം: 12 ഓഹരികൾ × 1,119 രൂപ = 13,428 രൂപ.
ഗ്രേ മാർക്കറ്റിൽ (Grey Market Premium - GMP) ഓഹരി ഒന്നിന് ഏകദേശം 260 രൂപയുടെ പ്രീമിയമാണ് സൂചിപ്പിക്കുന്നത്. ഇന്നലെ ഇത് 238 രൂപയായിരുന്നു. അപ്പർ പ്രൈസ് ബാൻഡായ 1,119 രൂപയോടൊപ്പം ഈ പ്രീമിയം തുകയായ 260 രൂപ കൂടി കൂട്ടുമ്പോൾ ഓഹരിയുടെ സാധ്യമായ ലിസ്റ്റിംഗ് വില ഏകദേശം 1,379 രൂപയായി കണക്കാക്കാം.
ഈ നിരക്കിൽ കണക്കാക്കുമ്പോൾ, 12 ഓഹരികളുള്ള ഒരു മിനിമം ലോട്ടിന്റെ ആകെ മൂല്യം 16,548 രൂപയായി ഉയരും. (12 × 1,357 രൂപ). അതായത്, ബ്രോക്കറേജ് ചാർജുകളും നികുതിയും മറ്റ് ബാധകമായ ചെലവുകളും കിഴിച്ചാൽ, നിക്ഷേപകർക്ക് ലഭിച്ചേക്കാവുന്ന ഏകദേശ നേട്ടം (Notional Gain) 3,120 രൂപയാണ്. ഇത് പ്രാരംഭ നിക്ഷേപത്തിന്റെ ഏകദേശം 23.23 ശതമാനത്തോളം വരും.
എന്നാല്‍ ഓര്‍ക്കുക,ഗ്രേ മാർക്കറ്റ് എന്നത് ഔദ്യോഗിക സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് പുറത്ത് നടക്കുന്ന അനൗദ്യോഗിക വ്യാപാരമായതിനാൽ, ലിസ്റ്റിംഗിന് മുമ്പ് പ്രീമിയം തുകയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഗ്രേ മാർക്കറ്റ് കണക്കുകൾ ഒരിക്കലും ഉറപ്പായ ലിസ്റ്റിംഗ് നേട്ടത്തിന്റെ ഗ്യാരണ്ടിയല്ല.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ പ്ലാറ്റ്‌ഫോംസിന്റെ 30,213 കോടി രൂപയുടെ ബ്രഹ്മാണ്ഡ ഐപിഒയ്ക്ക് വിപണിയിൽ വൻ സ്വീകാര്യതയാണ് നേടിയത്. ഏകദേശം 7.41 ലക്ഷം കോടി രൂപയുടെ ബിഡുകളാണ്. അതായത് മൊത്തത്തിൽ 22.19 ഇരട്ടിയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. ഇതിൽ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സ് (QIB) വിഭാഗം 70.55 ഇരട്ടിയും റീട്ടെയിൽ വിഭാഗം 2.72 ഇരട്ടിയും സബ്‌സ്‌ക്രിപ്ഷൻ നേടി. ശക്തമായ ഡിമാൻഡ് നിലനിൽക്കുന്നുണ്ടെങ്കിലും, ലിസ്റ്റിംഗ് ദിവസത്തെ യഥാർത്ഥ വിപണി സാഹചര്യങ്ങളും വിലനിർണ്ണയവും നിക്ഷേപകർ ശ്രദ്ധാപൂർവ്വം വിലയിരുത്തേണ്ടതുണ്ട്.
കമ്പനിയുടെ സാമ്പത്തിക അടിത്തറ പരിശോധിക്കുമ്പോൾ, മുൻ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1.46 ലക്ഷം കോടി രൂപയും അറ്റാദായം 30,049 കോടി രൂപയുമാണ് ജിയോ രേഖപ്പെടുത്തിയിട്ടുള്ളത്. ഹ്രസ്വകാല ലിസ്റ്റിംഗ് ആവേശത്തിനപ്പുറം കമ്പനിയുടെ ദീർഘകാല വളർച്ചാ സാധ്യതകൾ നിക്ഷേപകർ മനസിലാക്കേണ്ടതുണ്ട്.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
An updated financial breakdown of Jio Platforms' potential listing gains as the grey market premium climbs to ₹260 per share ahead of its debut.
Read DhanamOnline in English
Subscribe to Dhanam Magazine