

ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പനയ്ക്ക് ഒരുങ്ങി മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്ഫോംസ്. ഏകദേശം 37,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന ഐപിഒ ഒക്ടോബര്‍ 21ന് ആരംഭിച്ചേക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഓഹരികള്‍ ഒക്ടോബര്‍ 28ന് ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ. തീയതികള്‍ സംബന്ധിച്ച് റിലയന്‍സ് ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല. റിലയന്‍സ് ഗ്രൂപ്പില്‍ നിന്ന് 2008ന് ശേഷം വിപണിയിലെത്തുന്ന ആദ്യ ഐപിഒ കൂടിയാണിത്.
2024ല്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ നടത്തിയ 27,858.75 കോടി രൂപയുടെ ഐപിഒയാണ് രാജ്യത്തെ ഇതുവരെയുള്ള ഏറ്റവും വലുത്. ജിയോ ഈ റെക്കോഡ് മറികടന്നേക്കും. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കഴിഞ്ഞ മാസം 22,562.71 കോടി രൂപ ഐപിഒ വഴി സമാഹരിച്ചിരുന്നു.
ഐപിഒയിലൂടെ ലഭിക്കുന്ന പണത്തിന്റെ വലിയൊരു പങ്ക് ടെലികോം വിഭാഗത്തിന്റെ കടം തിരിച്ചടയ്ക്കാനാണ് ജിയോ വിനിയോഗിക്കുക. മെറ്റയും ഗൂഗിളും പ്രധാന വിദേശ നിക്ഷേപകരായ ജിയോ പ്ലാറ്റ്ഫോംസിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ്, സ്ഥാപനങ്ങള്‍ക്കായുള്ള നെറ്റ്വര്‍ക്ക് സേവനങ്ങള്‍ എന്നിവയിലും സാന്നിധ്യമുണ്ട്.
മെറ്റയും ഗൂഗിളും ഐപിഒയില്‍ തങ്ങളുടെ ഓഹരികള്‍ വില്‍ക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ലിസ്റ്റിംഗോടെ ജിയോയുടെ മൂല്യം ഉയര്‍ന്നാല്‍ ഇവരുടെ നിക്ഷേപങ്ങളുടെ മൂല്യത്തിലും വര്‍ധനയുണ്ടാകാം.
വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി നടത്തിയ ആഗോള റോഡ്ഷോകള്‍ ജിയോ പ്ലാറ്റ്ഫോംസ് കഴിഞ്ഞദിവസം പൂര്‍ത്തിയാക്കി. റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനിയും റിലയന്‍സ് റീട്ടെയില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇഷ അംബാനിയുമാണ് റോഡ്ഷോകള്‍ക്ക് നേതൃത്വം നല്‍കിയത്. യുഎസ്, യുകെ, ദുബായ്, സിംഗപ്പൂര്‍, ഹോങ്കോങ് എന്നിവിടങ്ങളിലാണ് സാധ്യതയുള്ള നിക്ഷേപകരുമായി കമ്പനി കൂടിക്കാഴ്ചകള്‍ നടത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine