വിപണി മൂല്യം ₹12.49 ലക്ഷം കോടി, റിലയന്‍സിന് പിന്നാലെ രണ്ടാമനായി ജിയോ പ്ലാറ്റ്‌ഫോംസ്‌, മറികടന്നത് ഭാരതി എയര്‍ടെല്ലിനെ

റിലയൻസ് ഗ്രൂപ്പിന്റെ മൊത്തം മൂല്യം 28 ലക്ഷം കോടി കടന്നു; ടാറ്റയേയും അദാനിയേയും പിന്നിലാക്കി മുന്നേറ്റം
വിപണി മൂല്യം ₹12.49 ലക്ഷം കോടി, റിലയന്‍സിന് പിന്നാലെ രണ്ടാമനായി ജിയോ പ്ലാറ്റ്‌ഫോംസ്‌, മറികടന്നത് ഭാരതി എയര്‍ടെല്ലിനെ
image created with
Published on: 

ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതു ഓഹരി വില്‍പ്പനയ്ക്ക് (IPO) ശേഷം ജിയോ പ്ലാറ്റ്‌ഫോംസ്‌ (Jio Platforms) ദലാല്‍ സ്ട്രീറ്റില്‍ അരങ്ങേറ്റം കുറിച്ചു. ലിസ്റ്റിംഗോടെ ഇന്ത്യന്‍ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യത്തില്‍ (Market Capitalisation) രണ്ടാം സ്ഥാനം എന്ന നേട്ടവും പിടിച്ചെടുത്തിരിക്കുകയാണ് കമ്പനി. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള മാതൃ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് തൊട്ടുപിന്നിലായാണ് ജിയോ ഇടംപിടിച്ചത്. ടെലികോം ഭീമനായ ഭാരതി എയര്‍ടെല്ലിനെ മറികടന്നാണ് ഈ മുന്നേറ്റം.

ഐപിഒയുടെ ഉയര്‍ന്ന പ്രൈസ് ബാന്‍ഡായ 1,119 രൂപ വച്ച് കണക്കാക്കുമ്പോള്‍ ജിയോ പ്ലാറ്റ്‌ഫോംസിന്റെ പ്രാഥമിക വിപണി മൂല്യം 10.3 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ 21.3 ശതമാനത്തിലധികം പ്രീമിയത്തിലാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. ഇത് പ്രകാരം ജിയോ പ്ലാറ്റ്ഫോംസിന്റെ വിപണി മൂല്യം 12.49 ലക്ഷം കോടി രൂപ കടന്നു.

ഇതോടെ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ഭാരതി എയര്‍ടെല്ലിനെ (ഏകദേശം 11.59 ലക്ഷം കോടി രൂപ) മറികടന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ഏകദേശം 16.2 ലക്ഷം കോടി രൂപ) കഴിഞ്ഞാല്‍ വിപണിയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയായി ജിയോ മാറും.

അദാനിക്കും ടാറ്റക്കും മേലെ

ജിയോ പ്ലാറ്റ്ഫോംസിന്റെ വിപണി പ്രവേശനത്തോടെ റിലയന്‍സ് ഗ്രൂപ്പ് കമ്പനികളുടെ സംയോജിത വിപണി മൂല്യത്തിലും വലിയ കുതിച്ചുചാട്ടമാണുണ്ടായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും ജിയോയുടെയും സംയോജിത വിപണി മൂല്യം 28 ലക്ഷം കോടി രൂപ കടന്നു. ഗ്രൂപ്പിലെ മറ്റു കമ്പനികള്‍ കൂടി ചേര്‍ത്താല്‍ ഇത് 30.34 ലക്ഷം കോടി രൂപയാകും.

നിലവില്‍ ടാറ്റ ഗ്രൂപ്പിലെ 32 ലിസ്റ്റഡ് കമ്പനികളുടെ ആകെ വിപണി മൂല്യം 25.7 ലക്ഷം കോടി രൂപയും, അദാനി ഗ്രൂപ്പിന്റെ 11 കമ്പനികളുടെ മൂല്യം 16.6 ലക്ഷം കോടി രൂപയുമാണ്. ജിയോയുടെ കരുത്തുറ്റ ലിസ്റ്റിംഗ് റിലയന്‍സ് ഗ്രൂപ്പിനെ ടാറ്റ ഗ്രൂപ്പിനും മുകളില്‍ രാജ്യത്തെ ഏറ്റവും മൂല്യമുള്ള കോര്‍പ്പറേറ്റ് ഗ്രൂപ്പാക്കി മാറ്റിയിരിക്കുന്നു.ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ജസ്റ്റ് ഡയല്‍, നെറ്റ്‌വര്‍ക്ക് 18 മീഡിയ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ജി.ടി.പി.എല്‍ ഹാത്ത്‌വേ തുടങ്ങി 10 ലിസ്റ്റഡ് കമ്പനികളാണ് ഗ്രൂപ്പിനു കീഴിലുള്ളത്.

വന്‍ നിക്ഷേപക പങ്കാളിത്തം

30,213 കോടി രൂപ സമാഹരിച്ച ഐപിഒയ്ക്ക് നിക്ഷേപകരില്‍ നിന്ന് ലഭിച്ച വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. മൊത്തം 22 മടങ്ങിലധികം സബ്‌സ്‌ക്രിപ്ഷനാണ് ലഭിച്ചത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്സ് (QIB) വിഭാഗത്തില്‍ 70 മടങ്ങിലധികം അപേക്ഷകള്‍ ലഭിച്ചു.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 1,46,885 കോടി രൂപയായി ഉയര്‍ന്നപ്പോള്‍, അറ്റാദായം (PAT) 15 ശതമാനം വര്‍ധിച്ച് 30,049 കോടി രൂപയായി.കമ്പനിയുടെ എബിറ്റ 76,255 കോടി രൂപയായി വര്‍ധിച്ചു. ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (ARPU) 215.6 രൂപയായി ഉയര്‍ന്നു.

5ജി ശൃംഖലയുടെ വ്യാപനം, ഹോം ബ്രോഡ്ബാന്‍ഡ് (JioAirFiber), ക്ലൗഡ് സര്‍വീസുകള്‍, നിര്‍മ്മിത ബുദ്ധി (AI) മേഖലകളിലെ സാന്നിധ്യം എന്നിവ ജിയോയുടെ ഭാവി വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തേകുമെന്നാണ് വിലയിരുത്തല്‍.

Jio Platforms secures second spot in Indian market capitalization, pushing Reliance Group ahead of Tata Group as India's top corporate conglomerate.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com