കളമൊരുങ്ങി, ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒക്ക് അംബാനി, ജിയോ പ്ലാറ്റ്‌ഫോംസ് 17 ബാങ്കർമാരെ നിയമിച്ചു

ഗൂഗിൾ, മെറ്റ തുടങ്ങിയ തന്ത്രപ്രധാന നിക്ഷേപകർ തങ്ങളുടെ ഓഹരികൾ നിലനിർത്താനാണ് സാധ്യത
Reliance chairman Mukesh Ambani Jio logo
image credit : canva , Jio
Published on

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുളള റിലയൻസ് ഇൻഡസ്ട്രീസിന്റെ (Reliance Industries) ടെലികോം-ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ്, തങ്ങളുടെ വരാനിരിക്കുന്ന മെഗാ ഐപിഒ (IPO) നിയന്ത്രിക്കുന്നതിനായി 17 ആഗോള, ആഭ്യന്തര ഇൻവെസ്റ്റ്‌മെന്റ് ബാങ്കുകളെ നിയമിച്ചു. ഇതോടെ ഇന്ത്യയിലെ വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആകാൻ സാധ്യതയുള്ള ഈ പ്രക്രിയയ്ക്ക് ഔദ്യോഗികമായി തുടക്കമായിരിക്കുകയാണ്.

ആകെ മൂല്യം 180 ബില്യൺ ഡോളർ

ഗോൾഡ്മാൻ സാക്സ്, മോർഗൻ സ്റ്റാൻലി, സിറ്റിഗ്രൂപ്പ്, ജെപി മോർഗൻ തുടങ്ങിയ അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ ബാങ്കുകളും, കോട്ടക് മഹീന്ദ്ര ക്യാപിറ്റൽ, ആക്‌സിസ് ക്യാപിറ്റൽ, ജെഎം ഫിനാൻഷ്യൽ, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്‌സ് തുടങ്ങിയ ആഭ്യന്തര ബാങ്കുകളും ഈ സംഘത്തിലുളളതായി ETNow റിപ്പോര്‍ട്ട് ചെയ്യുന്നു. ജിയോ പ്ലാറ്റ്‌ഫോംസിന്റെ (Jio Platforms) ആകെ മൂല്യം ഏകദേശം 180 ബില്യൺ ഡോളർ ആയിരിക്കുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.

5 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള കമ്പനികൾക്ക് ആദ്യഘട്ടത്തിൽ 2.5 ശതമാനം ഓഹരികൾ മാത്രം പൊതുജനങ്ങൾക്ക് നൽകി ലിസ്റ്റ് ചെയ്യാൻ സെബിയുടെ (SEBI) പുതിയ നിയമം അനുവദിക്കുന്നുണ്ട്. ഇത്തരത്തിൽ 2.5 ശതമാനം ഓഹരികൾ വിറ്റഴിച്ചാൽ പോലും ഏകദേശം 40,000 കോടി രൂപ (4.5 ബില്യൺ ഡോളർ) സമാഹരിക്കാൻ ജിയോക്ക് സാധിക്കും.

ഐപിഒയുടെ കരട് രേഖയായ ഡിആർഎച്ച്പി (DRHP) തയാറാക്കുന്ന ജോലികൾ നിലവിൽ പുരോഗമിക്കുകയാണ്. ഐപിഒ വഴി കെകെആർ (KKR), ടിപിജി (TPG), സിൽവർ ലേക്ക് തുടങ്ങിയ ആദ്യകാല നിക്ഷേപകർ തങ്ങളുടെ ഓഹരികൾ ഭാഗികമായി വിറ്റഴിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഗൂഗിൾ, മെറ്റ തുടങ്ങിയ തന്ത്രപ്രധാന നിക്ഷേപകർ തങ്ങളുടെ ഓഹരികൾ നിലനിർത്താനാണ് സാധ്യത. ഡിസംബർ പാദത്തിലെ സാമ്പത്തിക കണക്കുകൾ ഉൾപ്പെടുത്തി ഈ മാസം അവസാനത്തോടെ തന്നെ അപേക്ഷ സമർപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com