ഒരു ജിയോയുടെ വിലയ്ക്ക് 120 വോഡാഫോൺ ഓഹരികൾ കിട്ടും; ഏതിലാകും ഇനി നേട്ട സാധ്യത?

ജിയോയുടെ വലിപ്പവും ഡിജിറ്റൽ കരുത്തും സാമ്പത്തിക ഭദ്രതയുമാണോ വിപണി വിലയിരുത്തുന്നത്? അതോ, പ്രതിസന്ധിയിലായ വൊഡാഫോണിന്റെ ശക്തമായ തിരിച്ചുവരവിനുള്ള സാധ്യതകളെ വിപണി കാണാതെ പോവുകയാണോ?
Jio Platforms Versus Vodafone Idea Stock Analysis
പ്രതീകാത്മക ചിത്രംImage Source: Canva/myvi.in/jio.com
Published on: 

ഇന്ത്യൻ ഓഹരി വിപണിയിൽ ആവേശക്കൊടുങ്കാറ്റ് വീശിയാണ് ശതകോടീശ്വര വ്യവസായിയായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ​ഗ്രൂപ്പിൽ നിന്നും ജിയോ പ്ലാറ്റ്ഫോംസ് (BSE: 545004, NSE: JPL) അരങ്ങേറ്റം കുറിച്ചത്. ഒക്ടോബർ 28-ന് നടന്ന ലിസ്റ്റിം​ഗിനുശേഷവും മുന്നേറ്റം കുറിച്ച ഒരു ജിയോ പ്ലാറ്റ്‌ഫോംസ് ഓഹരിയുടെ വിപണി വില ഇപ്പോൾ ഏകദേശം 120-ഓളം വോഡാഫോൺ ഐഡിയ (BSE: 532822, NSE: IDEA) ഓഹരികളുടെ വിലയ്ക്ക് തുല്യമാണ്. ഈ കണക്കുകൾ നിക്ഷേപകരെ കൊണ്ടെത്തിക്കുന്നത് വലിയൊരു ചോദ്യത്തിലേക്കാണ്!

ജിയോയുടെ വലിപ്പവും ഡിജിറ്റൽ കരുത്തും സാമ്പത്തിക ഭദ്രതയും ഒക്കെയാണോ വിപണി വിലയിരുത്തുന്നത്? അതോ, പ്രതിസന്ധിയിലായ എതിരാളിയുടെ ശക്തമായ തിരിച്ചുവരവിനുള്ള സാധ്യതകളെ വിപണി കാണാതെ പോവുകയാണോ?

ഐപിഒയിലെ ഇഷ്യൂ വിലയിൽ നിന്നും 21 ശതമാനം നേട്ടത്തോടെയാണ് ജിയോ ലിസ്റ്റിം​ഗ് കുറിച്ചത്. നിലവിൽ 1,420—1,430 രൂപ നിലവാരത്തിലാണ് ജിയോ ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നത്. അതേസമയം വോഡാഫോൺ ഐഡിയ ഓഹരിയാകട്ടെ ഭീമമായ കടം, ഫണ്ടിങ് ആവശ്യങ്ങൾ, ടെലികോം മേഖലയിലെ മത്സരം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ 11.80—12 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

'120 വോഡാഫോൺ ഓഹരികളോ അതോ ഒരു ജിയോ ഓഹരിയോ' — ഈ വിശകലനം കേവലമൊരു വിപണി വിലകളുടെ താരതമ്യത്തിനപ്പുറം, ബിസിനസ് ക്വാളിറ്റിയും കമ്പനിയുടെ വൻ തിരിച്ചുവരവും തമ്മിലുള്ള നിക്ഷേപകരുടെ തിരഞ്ഞെടുപ്പിനെയാണ് അടയാളപ്പെടുത്തുന്നത്. നിലവിലെ വിപണി സാഹചര്യത്തിൽ, റിസ്ക് കുറഞ്ഞതും ഉയർന്ന ലാഭസാധ്യതയുള്ളതുമായ 'ബെസ്റ്റ് റിസ്ക്-അഡ്ജസ്റ്റഡ് ട്രേഡ്' ഇതിൽ ഏതാണെന്ന് സെബി രജിസ്റ്റേർഡ് റിസർച്ച് അനലിസ്റ്റ് പി. സനൽ (SEBI Reg No: INH000022880) വിലയിരുത്തുന്നു.

ജിയോ v/s വൊഡാഫോൺ

ജിയോ പ്ലാറ്റ്ഫോംസും വോഡഫോൺ ഐഡിയയും തമ്മിലുള്ള സാമ്പത്തിക/ബിസിനസ്സ് താരതമ്യം പരിശോധിക്കുമ്പോൾ, കേവലം ഓഹരി വിലയിലെ കുറവ് ഒരു കമ്പനിയുടെ യഥാർത്ഥ മൂല്യത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് വ്യക്തമാകും. ജിയോ പ്ലാറ്റ്ഫോംസ് ഉയർന്ന ലാഭക്ഷമതയും ശക്തമായ പണലഭ്യതയും വിപണി നേതൃത്വവും പ്രകടമാക്കുന്നു. 53 കോടിയിലധികം വരുന്ന ഉപഭോക്തൃ അടിത്തറയും, 215 രൂപയ്ക്ക് മുകളിലുള്ള ശരാശരി ഉപഭോക്തൃ വരുമാനവും (ARPU), 50 ശതമാനത്തിലധികം വരുന്ന എബിറ്റ്ഡ (EBITDA) മാർജിനും ഇതിന് അടിവരയിടുന്നതായി അനലിസ്റ്റ് പി. സനൽ പറഞ്ഞു.

തുച്ഛമായ കടബാധ്യതയും ശക്തമായ പണമൊഴുക്കും (Cash flow) ഉള്ളതിനാൽ സാമ്പത്തിക ഞെരുക്കമില്ലാതെ അതിവേഗ 5G വ്യാപനവും ഡിജിറ്റൽ ഇക്കോസിസ്റ്റം നിക്ഷേപങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ ജിയോയ്ക്ക് സാധിക്കുന്നുണ്ട്. എന്നാൽ വൊഡാഫോൺ ഐഡിയയുടെ കുറഞ്ഞ ഓഹരി വില സൂചിപ്പിക്കുന്നത്, ഓഹരികൾ വൻതോതിൽ വിറ്റഴിച്ചുള്ള മൂലധന സമാഹരണവും (Equity Dilution) തുടർച്ചയായ സാമ്പത്തിക പാദങ്ങളിൽ രേഖപ്പെടുത്തുന്ന നഷ്ടവും സർക്കാരിലേക്കുള്ള എ.ജി.ആർ (AGR) / സ്പെക്ട്രം കുടിശ്ശികകൾ വഴിയുള്ള കനത്ത ബാധ്യതകളും തിരിച്ചടിയാകുന്നു. സമീപകാല ഫണ്ട് സമാഹരണവും താരിഫ് വർധനയും വഴി ബാങ്കിലെ കടം കുറയ്ക്കാനും ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) 195 രൂപ നിലവാരത്തിലേക്ക് ഉയർത്താനും സാധിച്ചിട്ടുണ്ടെങ്കിലും വൊഡാഫോണിന്റെ ദീർഘകാല ബാധ്യതകൾ ഇപ്പോഴും അവശേഷിക്കുന്നതായും പി. സനൽ ചൂണ്ടിക്കാട്ടി.

മൂലധന കാര്യക്ഷമതയിലെ അന്തരം

ബിസിനസ്സിൽ നിക്ഷേപിച്ചിരിക്കുന്ന ആകെ മൂലധനത്തിൽ നിന്ന് (Debt + Equity) വരുമാനം ഉണ്ടാക്കാനുള്ള കമ്പനിയുടെ ശേഷി അളക്കുന്ന ആർ.ഒ.സി.ഇ (ROCE) അനുപാതം ജിയോയുടേത് 12.1 ശതമാനമെന്ന ആരോഗ്യകരമായ നിലവാരത്തിലാണ് ഉള്ളത്. എന്നാൽ വൊഡാഫോൺ ഐഡിയയുടേത് -1.72 ശതമാനമെന്ന നെഗറ്റീവ് നിരക്കിലാണ്. കമ്പനിയിലേക്ക് എത്തിക്കുന്ന പുതിയ മൂലധനം പോലും നഷ്ടത്തിലേക്ക് വഴിമാറുന്നു എന്നാണ് ഇത് കാണിക്കുന്നത്.

പ്രവർത്തന ലാഭവും അറ്റാദായ മാർജിനിലെ അന്തരവും

ഇരു കമ്പനികളുടെയും പ്രവർത്തന ലാഭക്ഷമത (Operating Profit Margin) ശക്തമായ നിരക്കിൽ കാണപ്പെടുന്നു. ജിയോയുടേത് 50 ശതമാനവും വൊഡാഫോൺ ഐഡിയയുടേത് 42.6 ശതമാനം വീതവുമെന്ന മികച്ച നിലയിലാണ്. ടെലികോം നെറ്റ്‍വർക്ക് പ്രവർത്തനങ്ങളിലൂടെ ഇരു കമ്പനികൾക്കും മികച്ച പ്രവർത്തന ലാഭം കൈവരിക്കാൻ സാധിക്കുന്നുണ്ട്.

എന്നാൽ യഥാർത്ഥ സാമ്പത്തിക ഞെരുക്കം പ്രകടമാകുന്നത് അറ്റാദായ മാർജിനിലാണ് (Net Profit Margin). പ്രവർത്തന ലാഭം 42.6 ശതമാനമുണ്ടായിട്ടും, വൻകിട കടബാധ്യതകൾക്കുള്ള പലിശച്ചെലവും സ്പെക്ട്രം കുടിശ്ശികകളും കാരണം വൊഡാഫോൺ ഐഡിയയുടെ അറ്റാദായ മാർജിൻ -54.0 ശതമാനമെന്ന വൻ നഷ്ടത്തിലേക്ക് മാറുന്നു. അതേസമയം ജിയോ പ്ലാറ്റ്ഫോംസ് 20.5 ശതമാനമെന്ന മികച്ച അറ്റാദായ മാർജിൻ നിലനിർത്തുകയും ചെയ്യുന്നു.

നിക്ഷേപകർ എന്ത് ചെയ്യണം?

വൊഡാഫോൺ ഐഡിയയെ ജിയോയ്ക്ക് പകരമുള്ള വിലകുറഞ്ഞ ഒരു ഓപ്ഷനായി കാണുന്നത് ഇരു കമ്പനികളും തമ്മിലുള്ള മൂലധന വിനിയോഗ ശേഷിയിലെയും (CapEx) പ്രവർത്തന ക്ഷമതയിലെയും വലിയ അന്തരം അവഗണിക്കുന്നതിന് തുല്യമാണെന്ന് റിസർച്ച് അനലിസ്റ്റ് പി. സനൽ പറഞ്ഞു. പ്രീമിയം ഡാറ്റ ഉപഭോക്താക്കളെ നിലനിർത്താനും പ്രവർത്തനക്ഷമതയിലൂടെ സ്ഥിരതയുള്ള വളർച്ച നേടാനും റിലയൻസ് ജിയോയ്ക്ക് സാധിക്കുന്നുണ്ട്. എന്നാൽ വൊഡാഫോൺ ഐഡിയയുടെ സ്ഥിതി വ്യത്യസ്തമാണ്. കമ്പനിയുടെ ഏത് മികച്ച പ്രകടനവും ഉയർന്ന വിപണി ചാഞ്ചാട്ടങ്ങൾക്കും (High Beta) പോളിസി ഇളവുകൾക്കും മാത്രം വിധേയമായ ഒരു തിരിച്ചുവരവ് സാധ്യത (Turnaround Play) മാത്രമാണ്.

വൊഡാഫോൺ ഐഡിയയുടെ ദീർഘകാല നിലനിൽപ്പ് വൻതോതിലുള്ള നെറ്റ്‍വർക്ക് വികസനത്തെയും കടബാധ്യതകളുടെ പുനഃക്രമീകരണത്തെയും ആശ്രയിച്ചിരിക്കുമ്പോൾ, ജിയോ പ്ലാറ്റ്ഫോംസ് സുസ്ഥിരമായ പണലഭ്യതയുള്ള കോമ്പൗണ്ടിംഗ് അവസരമാണ് വിപണിയിൽ മുന്നോട്ട് വെയ്ക്കുന്നതെന്നും പി. സനൽ പറഞ്ഞു.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്. ലേഖകനോ റിസർച്ച് അനലിസ്റ്റിനോ അവരുടെ ബന്ധുക്കൾക്കോ ഈ ഓഹരിയിൽ പ്രത്യേകിച്ചുള്ള സാമ്പത്തിക താത്പര്യങ്ങൾ ഇല്ല.)

A comparison of Jio Platforms and Vodafone Idea shares, focusing on business strength, profitability, debt risks and potential turnaround prospects.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```