

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FII) ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള വിഹിതം, ആഗോള ബെഞ്ച്മാർക്ക് സൂചികകൾക്ക് അനുസൃതമായി പുനഃക്രമീകരിച്ചാൽ പോലും രാജ്യത്തേക്ക് വൻതോതിൽ മൂലധന പ്രവാഹമുണ്ടാകാമെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജെ.പി. മോർഗൻ. ഇന്ത്യൻ വിപണിയിൽ 'അണ്ടർവെയ്റ്റ്' (കുറഞ്ഞ വിഹിതം) നിലപാട് സ്വീകരിച്ചിരിക്കുന്ന വിദേശ ഫണ്ടുകൾ, അത് സാധാരണ നിലയിലുള്ള വിഹിതം (ന്യൂട്രൽ) എന്ന രീതിയിലേക്ക് നിലപാട് മാറ്റിയാൽ, ഏകദേശം 100 ബില്യൺ ഡോളർ (ഏകദേശം 9.25 ലക്ഷം കോടി രൂപ) നിക്ഷേപം വിപണിയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടിൽ വിലയിരുത്തുന്നത്.
ഇന്ത്യൻ വിപണിയിൽ പുതിയ നിക്ഷേപം നടത്താനുള്ള ശക്തമായ ആത്മവിശ്വാസമോ (Conviction) പുതുതായി വലിയ നിക്ഷേപ താൽപര്യമോ ഉണ്ടാകണമെന്നില്ല. നിലവിലെ നിക്ഷേപ വിഹിതത്തിൽ വരുത്തിയിരിക്കുന്ന കുറവ് നികത്തിയാൽ തന്നെ, ആഭ്യന്തര വിപണിക്ക് ശക്തമായ പിന്തുണ ലഭിക്കാമെന്നതുമാണ് ഈ വിലയിരുത്തലിന്റെ പ്രത്യേകത. ഇതിന്റെ ചുവടുപിടിച്ച് വരംനാളുകളിൽ നിഫ്റ്റി സൂചിക 29,000 എന്ന ഉയർന്ന നിലവാരത്തിലേക്ക് എത്താമെന്നും ജെ.പി. മോർഗൻ പ്രവചിക്കുന്നു.
ഗ്ലോബൽ ഫണ്ടുകൾ ഇന്ത്യൻ ഓഹരികളിൽ നിശ്ചിത മാനദണ്ഡത്തേക്കാൾ (ബെഞ്ച്മാർക്ക്) 1.1 ശതമാനം കുറവ് നിക്ഷേപമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ഗ്ലോബൽ എക്സ്-യുഎസ് ഫണ്ടുകളിൽ ഈ കുറവ് 3 ശതമാനവും ഏഷ്യ എക്സ്-ജപ്പാൻ ഫണ്ടുകളിൽ 3.8 ശതമാനവും എമേർജിങ് മാർക്കറ്റ് ഫണ്ടുകളിൽ 1.6 ശതമാനവുമാണ്. ഈ അണ്ടർവെയ്റ്റ് വിഹിതം പൂർണമായി നികത്തപ്പെട്ടാൽ ഇന്ത്യൻ വിപണിയിലേക്ക് വലിയ തോതിലുള്ള നിക്ഷേപ പ്രവാഹത്തിനുള്ള വഴിയൊരുങ്ങും.
എങ്കിലും ഈ സാധ്യത ഉറപ്പായ നിക്ഷേപമായി കണക്കാക്കാനാവില്ലെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ അണ്ടർവെയ്റ്റ് നില കുറയുകയും വിദേശ നിക്ഷേപകർ വിപണിയിലേക്ക് തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ വരെ 3,000 കോടി ഡോളറിലധികം ഓഹരികൾ വിറ്റഴിച്ച വിദേശികൾ നവംബറിൽ ഇതുവരെ 1,380 കോടി ഡോളർ തിരിച്ചുനിക്ഷേപിച്ചു. അതേസമയം ആഭ്യന്തര സ്ഥാപനങ്ങൾ ഈ മാസം 690 കോടി ഡോളറിന്റെ ഓഹരികൾ വിറ്റൊഴിവാക്കുകയും ചെയ്തു.
2027 അവസാനത്തോടെ നിഫ്റ്റി സൂചിക 29,000 നിലവാരം മറികടക്കുമെന്നാണ് ജെ.പി മോർഗന്റെ അടിസ്ഥാന വിലയിരുത്തൽ. വിപണിക്ക് അനുകൂലമായ സാഹചര്യങ്ങൾ തുടർന്നാൽ (ബുള്ളിഷ്) 31,000 വരെയും, പ്രതികൂല സാഹചര്യത്തിൽ 22,000 എന്ന ലക്ഷ്യങ്ങളും ജെ.പി മോർഗൻ മുന്നോട്ടുവയ്ക്കുന്നു. എംഎസ്സിഐ ഇന്ത്യ സൂചികയിലെ കമ്പനികളുടെ വരുമാന വളർച്ച 2026-ൽ 12 ശതമാനവും 2027-ൽ 14 ശതമാനവുമാകുമെന്നാണ് പ്രവചനം.
നവംബറിലെ വിപണി മുന്നേറ്റത്തിന് പിന്നാലെ എംഎസ്സിഐ ഇന്ത്യയുടെ ഫോർവേഡ് പി/ഇ 19.7 മടങ്ങിലാണ്. പത്തു വർഷ ശരാശരി 20.3 മടങ്ങ്. മറ്റ് എമേർജിങ് മാർക്കറ്റുകളേക്കാൾ ഇന്ത്യൻ വിപണിയുടെ വാല്യുവേഷൻ പ്രീമിയം 139 ശതമാനമായി ഉയർന്നിട്ടുണ്ട്. മുൻകാല ശരാശരി 70 ശതമാനമാണ്. അതിനാൽ നിലവിലെ ഉയർന്ന മൂല്യനിർണയ സാഹചര്യത്തിൽ, ഓഹരികളുടെ വിലനിലവാരം ഇനിയും ഉയരുന്നതിനേക്കാൾ കമ്പനികളുടെ യഥാർത്ഥ വരുമാന വളർച്ചയായിരിക്കും വിപണിയുടെ തുടർന്നുള്ള മുന്നേറ്റത്തെ നിയന്ത്രിക്കുകയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഓഹരികളിൽ വൻതോതിൽ നിക്ഷേപം കുമിഞ്ഞുകൂടിയ സാഹചര്യത്തിൽ, വൈവിധ്യവൽക്കരണം തേടുന്ന വിദേശ ഫണ്ടുകൾക്ക് ഇന്ത്യൻ വിപണി മികച്ച അവസരമാകുമെന്ന് വിലയിരുത്തൽ. വിപണിയുടെ വലിപ്പവും ഉയർന്ന പണലഭ്യതയും (ലിക്വിഡിറ്റി) വൻതോതിലുള്ള വിദേശ നിക്ഷേപങ്ങളെ ഉൾക്കൊള്ളാൻ ഇന്ത്യയെ പ്രാപ്തമാക്കുന്നു.
മുൻഗണന നൽകുന്ന മേഖലകൾ: ബാങ്കിങ്, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ (കൺസ്യൂമർ), അടിസ്ഥാന സൗകര്യ-വ്യവസായ (ഇൻഡസ്ട്രിയൽസ്) മേഖലകളിൽ ജെപി മോർഗൻ മികച്ച വളർച്ചാ സാധ്യത കാണുന്നു.
നിക്ഷേപം കുറയ്ക്കുന്നവ (അണ്ടർവെയ്റ്റ്): ഐടി, മെറ്റീരിയൽസ് മേഖലകളിൽ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം.
പലിശ നിരക്കുകളിലെ വർധനവ്, ഭക്ഷ്യവിലക്കയറ്റം, ഗ്രാമീണ മേഖലയിലെ ദുർബലമായ ഉപഭോക്തൃ ആവശ്യകത എന്നിവയാണ് വിപണി നേരിടുന്ന പ്രധാന അപകടസാധ്യതകൾ.
ചുരുക്കത്തിൽ വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്താൻ പുതിയ വളർച്ചാ ഘടകങ്ങൾ തേടേണ്ടതില്ലെന്നും, നിലവിലുള്ള നിക്ഷേപ വിഹിതത്തിലെ കുറവ് (അണ്ടർവെയ്റ്റ്) നികത്തുന്നതുതന്നെ വിപണിയിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
JP Morgan sees potential inflows of up to $100 billion into Indian equities if global funds move from underweight to neutral allocations, and sets a 29,000 Nifty target for end-2027.
Read DhanamOnline in English
Subscribe to Dhanam Magazine