Begin typing your search above and press return to search.
മൂന്നാം പാദ അറ്റാദായത്തില്‍ 18.2 ശതമാനം വര്‍ധനവ് നേടി ജ്യോതി ലാബ്സ്
രാജ്യത്തെ മുന്‍നിര എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്സ് കഴിഞ്ഞ ത്രൈമാസത്തില്‍ 18.2 ശതമാനം വര്‍ധനവോടെ 53.2 കോടി രൂപ അറ്റാദായം കൈവരിച്ചു. ഇക്കാലയളവില്‍ അറ്റ വില്‍പന 13.3 ശതമാനം വര്‍ധനവോടെ 477 കോടി രൂപയിലും എത്തി. ഉപഭോക്താക്കളുടെ തിരിച്ചു വരവ് കമ്പനിയുടെ പ്രകടനത്തിലും പ്രതിഫലിക്കുന്നുണ്ടെന്നാണ് നിഗമനം.
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ വിവിധ മേഖലകളിലുള്ള പുതിയ നീക്കങ്ങളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കമ്പനിയുടെ മൂന്നാം പാദ ഫലങ്ങളില്‍ പ്രകടമാണ്. ഡിസംബര്‍ 31-ന് അവസാനിച്ച കഴിഞ്ഞ ത്രൈമാസത്തില്‍ ഗ്രാമങ്ങളില്‍ നിന്നുള്ള ശക്തമായ പിന്തുണയും നഗര മേഖലകളിലെ സ്ഥിതി മെച്ചപ്പെട്ടതും സഹായകമായിട്ടുണ്ട്.
കഴിഞ്ഞ മൂന്നു ത്രൈമാസങ്ങളിലായി കമ്പനി 163.4 കോടി രൂപയുടെ അറ്റാദായമാണു കൈവരിച്ചിട്ടുള്ളത്. ഇക്കാലത്തെ അറ്റ വില്‍പന 7.3 ശതമാനം വര്‍ധിച്ച് 1414 കോടി രൂപയിലും എത്തിയിട്ടുണ്ട്.
കൂടുതല്‍ ശക്തമായ മാധ്യമ പിന്തുണയുടേയും കൂടുതല്‍ പ്രദേശങ്ങളിലേക്കുള്ള വികസനത്തിന്റേയും സഹായത്തോടെ ബ്രാന്‍ഡുകളെ ശക്തമാക്കുന്നതിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസത്തിലെ സാമ്പത്തിക ഫലങ്ങളെ കുറിച്ചു പ്രതികരിക്കവെ ജ്യോതി ലാബ്സ് മാനേജിങ് ഡയറക്ടര്‍ എം ആര്‍ ജ്യോതി പറഞ്ഞു.
തങ്ങളുടെ ഉല്‍പന്ന നിരയുടെ ശക്തിയും എല്ലാ വിഭാഗങ്ങളുമായുള്ള ഇഴുകിച്ചേരലും തങ്ങളുടെ ബിസിനസ് സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തി നേട്ടമുണ്ടാക്കാന്‍ സഹായിക്കുമെന്നും എം ആര്‍ ജ്യോതി കൂട്ടിച്ചേര്‍ത്തു.
Next Story
Videos