

കാര്‍വി സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി പണയം വച്ചിരിക്കുന്ന നിക്ഷേപ സെക്യൂരിറ്റികളുടെ കൈമാറ്റം നിര്‍ത്തിവയ്ക്കാന്‍ സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (എസ്എടി) ദേശീയ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററിക്ക് (എന്‍എസ്ഡിഎല്‍) നിര്‍ദ്ദേശം നല്‍കി.വായ്പ നല്‍കിയവരുടെ ആശങ്കകള്‍ ഡിസംബര്‍ നാലിനകം കേള്‍ക്കാനും ഡിസംബര്‍ 10 നകം തീരുമാനം എടുക്കാനും ട്രിബ്യൂണല്‍ സെബിയോട് നിര്‍ദ്ദേശിച്ചു.
ട്രൈബ്യൂണലിന് മുന്‍പാകെ ബജാജ് ഫിനാന്‍സ് നല്‍കിയ ഹര്‍ജിയിലാണ് പുതിയ ഉത്തരവ്. കാര്‍വി വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി പണയം വച്ച ക്ലെന്റ് സെക്യൂരിറ്റികളിലെ നിക്ഷേപം തിരികെ നല്‍കാനുളള സെബിയുടെ തീരുമാനത്തിനെതിരെയാണ് ബജാജ് ഫിനാന്‍സ് ഹര്‍ജി നല്‍കിയത്. ഇതിന്റെ ഭാഗമായാണ് നിക്ഷേപ സെക്യൂരിറ്റികളുടെ കൈമാറ്റം എസ്എടി തടഞ്ഞത്.
എന്‍എസ്ഡിഎല്‍ ഡിസംബര്‍ 2 ന് 83,000 ഉപഭോക്താക്കളുടേതായി 2,013.77 കോടി രൂപയുടെ മൂല്യമുളള സെക്യൂരിറ്റികളാണ് ഉപഭോക്താക്കള്‍ക്ക് കൈമാറിയത്. ആകെ 95,000 ത്തോളം ഉപഭോക്താക്കളെ കാര്‍വിയുടെ നടപടി നേരിട്ട് ബാധിച്ചു. ശേഷിക്കുന്ന മിക്ക അക്കൗണ്ടുകളും കാര്‍വി സ്റ്റോക്ക് ബ്രോക്കിംഗുമായി തര്‍ക്കത്തിലാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ ശേഷിക്കുന്നവര്‍ക്കും അവരുടെ പണം അഥവാ സെക്യൂരിറ്റികള്‍ തിരികെ ലഭിക്കുമെന്നതാണ് ഇപ്പോഴത്തെ നില്.
ക്ലയന്റ്, പ്രൊപ്രൈറ്ററി അക്കൗണ്ടുകള്‍ എന്നിവ വേര്‍തിരിക്കണമെന്ന് സെബിയുടെ ജൂണ്‍ സര്‍ക്കുലര്‍ നിര്‍ബന്ധമാക്കിയതിന് ശേഷമാണ് ബജാജ് ഫിനാന്‍സ് 100 കോടി രൂപ കാര്‍വിക്ക് വായ്പ നല്‍കിയത്. ഉപഭോക്തൃ സെക്യൂരിറ്റികള്‍ പണയമായി സ്വീകരിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കാന്‍ കഴിയില്ലെന്ന് ഈ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. കേസില്‍ ബജാജ് ഫിനാന്‍സിന് ശക്തമായ അവകാശവാദമില്ലെന്നാണ് ഈ സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്.
എസ്എടിക്ക് ഇത്തരം പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെന്നും ഇവ ഉയര്‍ന്ന കോടതികളില്‍ തീരുമാനമെടുക്കേണ്ട വിഷയമാണെന്നും പ്രമുഖ ദേശീയ മാധ്യമമായ മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍വി നിക്ഷേപ തട്ടിപ്പ് മറ്റൊരു നിഷ്‌ക്രിയ ആസ്തി പ്രതിസന്ധിയായി ബാങ്കുകളെ ബാധിക്കാന്‍ സാധ്യതയുളളതായി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വരും ദിവസങ്ങളില്‍ വലിയ നിയമ പോരാട്ടങ്ങളിലേക്കാണ് ഈ പ്രതിസന്ധി നീങ്ങുന്നത്.
സെബിയുടെ തീരുമാനത്തെ എതിര്‍ത്ത് എച്ച്ഡിഎഫ്‌സി ബാങ്കും ഐസിഐസിഐ ബാങ്കും എസ്എടിയെ സമീപിച്ചിട്ടുണ്ട്. പണയം വച്ച ഈ ഓഹരികളുടെ അടിസ്ഥാനത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍വിക്ക് 400 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. ഉപഭോക്തൃ അക്കൗണ്ടുകളിലേക്ക് മാറ്റിയ എല്ലാ സെക്യൂരിറ്റികളും ഉടനടി മരവിപ്പിക്കണമെന്ന് ബാങ്കുകളുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ബാങ്കുകളുടെ സമ്മതമില്ലാതെ പണയം വച്ച ഓഹരികള്‍ കൈമാറാന്‍ കഴിയില്ല.
കാര്‍വി സ്റ്റോക്ക് ബ്രോക്കിങ്ങിന്റെ ലൈസന്‍സ് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് പിന്നാലെ മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും മരവിപ്പിച്ചിരുന്നു. ഇതോടെ ഓഹരി ദല്ലാളായിട്ടുളള കാര്‍വിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി മുടങ്ങി. എന്നാല്‍, ഡെറിവേറ്റീവ് വിഭാഗത്തില്‍ നിലവില്‍ പൂര്‍ത്തിയാക്കാനുളള ഇടപാടുകള്‍ നടത്താന്‍ കഴിയും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine