പുതുവര്‍ഷ പിറന്നതും ബുള്‍ കുതിപ്പോടെ, വിപണിയില്‍ ആവേശം തുടരുന്നു

അതിശയകുതിപ്പ് തുടരുകയാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍. ഇന്ന് വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 48,000 പോയ്ന്റ് എന്ന മാന്ത്രിക സംഖ്യയുടെ തൊട്ടരികില്‍ വരെ, 47,980 പോയ്ന്റ്, എത്തി. ക്ലോസിംഗ് പോയ്ന്റ് 47,869 ലായിരുന്നു. ഇന്നലത്തെ ക്ലോസിംഗില്‍ നിന്ന് 118 പോയ്ന്റ് അഥവാ 0.25 ശതമാനം ഉയര്‍ച്ച.

വ്യാപാരത്തിനിടയില്‍ നിഫ്റ്റിയും ഒരുഘട്ടത്തില്‍ ഇന്ന് പുതിയ ഉയരം കുറിച്ചു. 14,050 പോയ്ന്റ്. 14,000 എന്ന തലം കടന്ന് 14,018.5 പോയ്ന്റിലാണ് നിഫ്റ്റി ഇന്ന് ക്ലോസ് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 37 പോയ്ന്റ്, അഥവാ 0.26 ശതമാനം വര്‍ധന.

മലയാളികളായ കല്ലറയ്ക്കല്‍ കുടുംബം പ്രമോട്ട് ചെയ്യുന്ന ആന്റണി വേസ്റ്റ് ഹാന്‍ഡ്‌ലിംഗ് സെല്ലിന്റെ ലിസ്റ്റിംഗ് ദിനമായിരുന്നു ഇന്ന്. ഇഷ്യു വിലയേക്കാള്‍ 36 ശതമാനം ഉയര്‍ന്നായിരുന്നു ലിസ്റ്റിംഗെങ്കില്‍ വിപണി ക്ലോസിംഗ് സമയത്ത് ഓഹരി അതിന്റെ എല്ലാ നേട്ടവും കളഞ്ഞുകുളിച്ച് ലിസ്റ്റിംഗ് വിലയുടെ അഞ്ചുശതമാനം താഴ്ന്നു. 315 രൂപയായിരുന്നു ഇഷ്യു പ്രൈസ്. ഇന്ന് ലിസ്റ്റ് ചെയ്തത് 430 രൂപയ്ക്ക്. ക്ലോസിംഗ് സമയത്ത് വില 408 രൂപ. മുനിസിപ്പാലിറ്റികളിലെ ഖരമാലിന്യം നീക്കം ചെയ്ത് സംസ്‌കരിക്കുന്ന കമ്പനിയുടെ ഇഷ്യുവിന് 15 മടങ്ങ് അപേക്ഷകരുണ്ടായിരുന്നു.

സെന്‍സെക്‌സ് സൂചികാ കമ്പനികളില്‍ ഇന്ന് ഏറെ നേട്ടമുണ്ടാക്കിയ ഓഹരികള്‍ ടിസിഎസ്, എം&എം, എസ് ബി ഐ എന്നിവയാണ്. എന്നാല്‍ ഐസിഐസിഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ടൈറ്റന്‍ ഓഹരികള്‍ സെന്‍സെക്‌സിനെ താഴേക്ക് വലിച്ചു.

ഓട്ടോ കമ്പനികളുടെ ഡിസംബര്‍ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നതിനാല്‍ ഓട്ടോ ഓഹരികള്‍ ഇന്ന് ശ്രദ്ധാകേന്ദ്രമായിരുന്നു. എല്ലാ ഓട്ടോ ഓഹരികളും രണ്ടര ശതമാനം മുതല്‍ മൂന്നര ശതമാനം വരെ ഉയര്‍ച്ചയില്‍ ക്ലോസ് ചെയ്തു.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് ആറു കേരള കമ്പനികളുടെ ഓഹരികളാണ് താഴ്ച രേഖപ്പെടുത്തിയത്. ജിയോജിത് ഓഹരി വില ഇന്ന 5.77 ശതമാനം ഉയര്‍ന്നു. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് ഓഹരി വില 5.61 ശതമാനമാണ് വര്‍ധിച്ചത്.

മണപ്പുറം, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍ ഓഹരി വിലകളും ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്തി.

ഫെഡറല്‍ ബാങ്ക് ഓഹരി വില 2.02 ശതമാനം ഉയര്‍ന്നപ്പോള്‍ ധനലക്ഷ്മി ബാങ്ക് ഓഹരി വില 0.07 ശതമാനം താഴ്ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 0.66 ശതമാനം ഉയര്‍ന്ന് 9.09 രൂപയിലെത്തി.






Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it