ആഗോള വിപണികള്‍ക്കൊപ്പം ചുവടു വച്ച് ഇന്ത്യന്‍ വിപണിയും; നിഫ്റ്റിയും സെന്‍സെക്‌സും റിക്കാര്‍ഡ് മറികടന്നു

ജോ ബൈഡന്റെ വിജയവും ആഗോള വിപണികളിലെ പോസിറ്റീവ് വാര്‍ത്തകളും ഇന്ത്യന്‍ ഓഹരി വിപണിയേയും ഉയര്‍ത്തി. ചരിത്രത്തിലെ ഏറ്റവും വലിയ തിരുത്തല്‍ രേഖപ്പെടുത്തി എട്ട് മാസം പിന്നിടുമ്പോള്‍ വിപണി പുതിയ റിക്കാര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ന്.

സെന്‍സെക്‌സ് 704 പോയ്ന്റ് ഉയര്‍ന്ന് 42,597 ലും നിഫ്റ്റി 197.50 പോയ്ന്റ് ഉയര്‍ന്ന് 12,461 ലുമെത്തി.

എല്ലാ സെക്ടറുകളും തന്നെ ഉയര്‍ച്ചയിലായിരുന്നു. ബാങ്ക് ധനകാര്യ ഓഹരികളിലാണ് മികച്ച ബയിംഗ് ദൃശ്യമായത്.

ബിഎസ്ഇ മിഡ് ക്യാപ് സൂചികകള്‍ ഒരു ശതമാനവും സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.5 ശതമാനവും ഉയര്‍ന്നു.

ഡിവിസ് ലാബാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരി. ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എച്ച് യു എല്‍, ബിപിസിഎല്‍, എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, പവര്‍ ഗ്രിഡ് എന്നീ ഓഹരികളും മികച്ച നേട്ടം രേഖപ്പെടുത്തി.

കോള്‍ ഇന്ത്യ, അദാനി പോര്‍ട്ട്‌സ്, സിപ്ല എന്നീ ഓഹരികള്‍ നഷ്ടമുണ്ടാക്കി.

കേരള ഓഹരികളുടെ പ്രകടനം

കേരള ഓഹരികളില്‍ 11 എണ്ണം നഷ്ടം രേഖപ്പെടുത്തി. ബാങ്ക് ഓഹരികളെല്ലാം നേട്ടത്തിലായിരുന്നു. എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി മാത്രമാണ് ഗ്രീന്‍ സോണില്‍ നിന്നത്. അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡിഎം, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, കേരള ആയുര്‍വേദ, ജിയോജിത്, കിറ്റെക്‌സ്, വെര്‍ട്ടെക്‌സ്, വിക്ടറി പേപ്പര്‍, വണ്ടര്‍ ലാ എന്നീ ഓഹരികളുടെ വിലയും ഉയര്‍ന്നു.

ഏവിറ്റി, എഫ്എസിടി, ഹാരിസണ്‍സ് മലയാളം, ഇന്‍ഡിട്രേഡ്, കെഎസ്ഇ, നിറ്റ ജെലാറ്റിന്‍, പാറ്റ്‌സ്പിന്‍, റബ്ഫില, വി-ഗാര്‍ഡ എന്നിവയാണ് വില താഴ്ന്ന ഓഹരികള്‍





Related Articles

Next Story

Videos

Share it