സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്നു തന്നെ; കേരള കമ്പനികളില്‍ ഭൂരിഭാഗവും നേട്ടത്തില്‍

കോവിഡ് 19 കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും കമ്പനികളുടെ മികച്ച പാദഫലങ്ങള്‍, അമേരിക്കയുടെ സാമ്പത്തിക പാക്കേജിനെ കുറിച്ചുള്ള പ്രതീക്ഷകള്‍, ചൈന-യുഎസ് പ്രശ്‌നങ്ങളില്‍ വന്ന അയവ് എന്നിവയൊക്കെ ഇന്ന് ആഭ്യന്തര വിപണിയെ മുന്നോട്ടു നയിച്ചു.

ബാങ്ക്, ധനകാര്യം, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ ഓഹരികളില്‍ വാങ്ങല്‍ ദൃശ്യമായത് സെന്‍സെക്‌സിനെ തുടര്‍ച്ചയായ നാലാം ദിനവും ഉയര്‍ത്തി.
സെന്‍സെക്‌സ് 224.93 പോയ്ന്റ് ഉയര്‍ന്ന് 38,407.01 ലും നിഫ്റ്റി 52.30 പോയ്ന്റ് ഉയര്‍ന്ന് 11,322.50 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

ബ്ലൂചിപ് കമ്പനികളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് ആക്‌സിസ് ബാങ്കാണ്. QIB(ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ്) കള്‍ക്ക് ഓഹരി വിറ്റഴിച്ചതിലൂടെ 10000 കോടി രൂപ സമാഹരിച്ചുവെന്ന വാര്‍ത്തകള്‍ വന്നതോടെ ബാങ്കിന്റെ ഓഹരി വില 3 ശതമാനത്തിലധികം വര്‍ധിച്ചു.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.
ടൈറ്റാന്‍, ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക് എന്നീ ഓഹരികള്‍ നഷ്ടമുണ്ടാക്കി.
നിഫ്റ്റി മിഡ് കാപ് സൂചികകള്‍ 0.34 ശതമാനം ഇടിവുണ്ടാക്കി. അതേ സമയം നിഫ്റ്റി സ്‌മോള്‍ കാപ് സൂചികകള്‍ 0.37 ശതമാനം ഉയര്‍ന്നു.

1600 ഓളം ഓഹരികള്‍ ഇന്ന് നേട്ടത്തിലായിരുന്നു. 1161 ഓഹരികള്‍ നഷ്ടത്തിലും.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഗസ്റ്റില്‍ ഇതു വരെ 10,420 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്.

കേരള കമ്പനികളുടെ പ്രകടനം

എട്ട് കമ്പനികളുടെ ഓഹരികളൊഴികെ ബാക്കിയെല്ലാം ഇന്ന് ഗ്രീന്‍ സോണിലായിരുന്നു. ആറ് ശതമാനം നേട്ടവുമായി വിക്ടറി പേപ്പറാണ് നേട്ടത്തില്‍ മുന്നില്‍. കെഎസ്ഇ ഓഹരി വില അഞ്ച് ശതമാനവും ഈസ്റ്റേണ്‍ ട്രെഡ്‌സ്, റബ്ഫില എന്നീ ഓഹരികളുട വില മൂന്നു ശതമാനത്തിനു മുകളിലും വര്‍ധിച്ചു. കേരള ബാങ്കുകളില്‍ ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും നില മെച്ചപ്പെടുത്തിയപ്പോള്‍ സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് ഓഹരി വിലകള്‍ താഴേക്ക് പോയി.
എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് ഫിനാന്‍സ് നേരിയ നേട്ടമുണ്ടാക്കിയെങ്കിലും മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് വിലകളില്‍ ഇടിവ് ദൃശ്യമായി. ജിയോജിത്ത്, ഇന്‍ഡിട്രേഡ് ഓഹരികള്‍ ഇന്ന് നേട്ടത്തിലായിരുന്നു. അപ്പോളോ ടയേഴ്‌സ്, കൊച്ചിന്‍ മിനറല്‍സ്, നിറ്റ ഡെലാറ്റിന്‍, വിഗാര്‍ഡ് എന്നിവയാണ് ഇന്ന് വിലിടിഞ്ഞ മറ്റ് ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it