തുടര്‍ച്ചയായ ആറാം ദിവസവും നേട്ടമുണ്ടാക്കി ഓഹരി വിപണി

തുടര്‍ച്ചയായ ആറാം ദിവസവും നേട്ടമുണ്ടാക്കി ഓഹരി വിപണി. സെന്‍സെക്‌സ് 70.35 പോയ്ന്റ് ഉയര്‍ന്ന് 46,960.69 പോയ്ന്റിലും നിഫ്റ്റി 19.80 പോയ്ന്റ് ഉയര്‍ന്ന് 13,760.50 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു.

ഐറ്റി, ഫാര്‍മ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോഴും ഫിനാന്‍ഷ്യല്‍ ഓഹരികളില്‍ ലാഭമെടുപ്പ് നടന്നതോടെ ആഗോള വിപണി ഇന്നുണ്ടാക്കിയ നേട്ടം ഇന്ത്യന്‍ ഓഹരി വിപണിക്ക് വേണ്ടത്ര മുതലെടുക്കാനായില്ല. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിലെ താഴ്ചയ്ക്ക് ശേഷം വ്യാപാരം അവസാനിപ്പിക്കാറായപ്പോഴാണ് വിപണി ഉണര്‍ന്നത്. യൂറോപ്യന്‍ വിപണിയിലെ പോസിറ്റീവ് ചലനം ഇന്ത്യന്‍ വിപണിയെയും സ്വാധിനിക്കുകയായിരുന്നു. ടിസിഎസില്‍ നിന്നുള്ള ബൈബാക്ക് ഓഫറാണ് ഐറ്റി ഓഹരികള്‍ക്ക് നേട്ടമായത്. ബ്രെക്‌സിറ്റ് ഇടപാടും യുഎസിന്റെ ഉത്തേജകപാക്കേജുമാകും വരും ദിനങ്ങളില്‍ ആഗോള വിപണിയെ നയിക്കുക.
1125 ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 1611 ഓഹരികളുടെ വില താഴ്ന്നു. 122 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഒഎന്‍ജിസി, മാരുതി സുസുകി, ഐഒസി തുടങ്ങിയവയ്ക്ക് കാലിടറിയപ്പോള്‍ ഡോ റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, വിപ്രോ, സിപ്ല തുടങ്ങിയ നേട്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

തുടര്‍ച്ചയായ രണ്ടാം ദിവസവും ഭൂരിഭാഗം കേരള കമ്പനികള്‍ക്കും നേട്ടമുണ്ടാക്കാനാകാതെ പോയി. ഒന്‍പത് ഓഹരികളുടെ വില മാത്രമാണ് ഉയര്‍ന്നത്. 18 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 1.69 ശതമാനം നേട്ടവുമായി നിറ്റ ജലാറ്റിന്‍ നേട്ടമുണ്ടാക്കിയ കമ്പനികളില്‍ മുന്നിലായി. മൂന്നു രൂപ ഉയര്‍ന്ന് 180.45 രൂപയാണ് ഇന്നത്തെ ഓഹരി വില. ഇന്‍ഡിട്രേഡിന്റെ ഓഹരി വില 50 പൈസ ഉയര്‍ന്ന് (1.35 ശതമാനം) 37.50 രൂപയിലും സിഎസ്ബി ബാങ്കിന്റേത് 2.30 രൂപ ഉയര്‍ന്ന് (1.04 ശതമാനം) 223.60 രൂപയിലും എത്തി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, കെഎസ്ഇ, ആസ്റ്റര്‍ ഡിഎം, എഫ്എസിടി, റബ്ഫില ഇന്റര്‍നാഷണല്‍, മണപ്പുറം ഫിനാന്‍സ് എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.
അപ്പോളോ ടയേഴ്‌സിന്റെ വിലയില്‍ 3.09 ശതമാനം ഇടിവുണ്ടായി. 6.10 രൂപ കുറഞ്ഞ് 191.45 രൂപയിലെത്തി. ഹാരിസണ്‍സ് മലയാളത്തിന്റെ ഓഹരി വില 2.40 രൂപ ഇടിഞ്ഞ് (2.03 ശതമാനം) 115.55 രൂപയിലും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റേത് 18 പൈസ ഇടിഞ്ഞ് (1.97 ശതമാനം) 8.96 രൂപയിലുമെത്തി.





Related Articles

Next Story

Videos

Share it