ഐറ്റി, മെറ്റല്‍, റിയല്‍റ്റി ഓഹരികള്‍ കരുത്തായി; ഓഹരി സൂചികകളില്‍ മുന്നേറ്റം
രണ്ടു ദിവസത്തെ ഇടിവിനു ശേഷം സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 497 പോയ്ന്റ് ഉയര്‍ന്ന് 56319.01 പോയ്ന്റിലും നിഫ്റ്റി 156.60 പോയ്ന്റ് ഉയര്‍ന്ന് 16770.80 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.
ഇന്നലെ വ്യാപകമായ വിറ്റഴിക്കലിന് സാക്ഷ്യം വഹിച്ച വിപണി ഇന്ന്, ആഗോള വിപണിയില്‍ നിന്നുള്ള ശുഭസൂചനകളുടെ പ്രതീക്ഷയില്‍ കരുത്തു നേടി. വിദേശ നിക്ഷേപകര്‍ വിറ്റഴിക്കല്‍ തുടരുകയും ഒമിക്രോണ്‍ വകഭേദത്തെ സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുകയും ചെയ്യുന്നതിനിടയിലും ഇന്ത്യന്‍ നിക്ഷേപകര്‍ ശുഭാപ്തിവിശ്വാസത്തോടെ ശ്രദ്ധാപൂര്‍വം നിക്ഷേപം തുടര്‍ന്നു.
2204 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1033 ഓഹരികളുടെ വിലിയിടിഞ്ഞു. 11 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
എച്ച് സി എല്‍ ടെക്‌നോളജീസ്, വിപ്രോ, യുപിഎല്‍, അദാനി പോര്‍ട്‌സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, സിപ്ല, എസ്ബിഐ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നേട്ടം രേഖപ്പെടുത്തി. റിയല്‍റ്റി, കാപിറ്റല്‍ ഗുഡ്‌സ്, ഫാര്‍മ, എനര്‍ജി, ഐറ്റി, മെറ്റല്‍ സൂചികകള്‍ 1-3 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ ഒരു ശതമാനം നേട്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 18 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. 6.08 ശതമാനം നേട്ടവുമായി സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് നേട്ടത്തില്‍ മുന്നിലെത്തി. നിറ്റ ജലാറ്റിന്‍ (3.71 ശതമാനം), എവിറ്റി (3.41 ശതമാനം), ഹാരിസണ്‍സ് മലയാളം (2.49 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.32 ശതമാനം), കെഎസ്ഇ (2.11 ശതമാനം), എഫ്എസിടി (2.09 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, സിഎസ്ബി ബാങ്ക് , ആസ്റ്റര്‍ ഡി എം, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്,ഇന്‍ഡിട്രേഡ് (ജെആര്‍ജി) തുടങ്ങി 11 കേരള ഓഹരികള്‍ക്ക് ഇന്ന നേട്ടമുണ്ടാക്കാനാകാതെ പോയി.