ലാഭമെടുക്കാന്‍ തിരക്ക്, ഓഹരി വിപണിയില്‍ ഇടിവ്

ആഗോള ഓഹരി വിപണികളില്‍ ഇന്ന് കാളക്കൂറ്റന് പകരം കരടികള്‍ വന്നു. അതിന്റെ പ്രതിഫലനം ഇന്ത്യന്‍ ഓഹരി വിപണിയിലുമുണ്ടായപ്പോള്‍ സെന്‍സെക്‌സ് താഴ്ന്നത് 400 പോയ്ന്റ്. നിഫ്റ്റി 104 പോയ്ന്റും.

ലോകത്തെ പ്രമുഖ ഓഹരി വിപണികളിലെല്ലാം ലാഭമെടുക്കാന്‍ നിക്ഷേപകര്‍ തിരക്കുകൂട്ടി. ജപ്പാന്‍, തെക്കന്‍ കൊറിയ എന്നിവിടങ്ങളിലെ ഓഹരി സൂചികകള്‍ ഇടിവാണ് രേഖപ്പെടുത്തിയത്.

ഇന്ത്യന്‍ വിപണിയില്‍ സെന്‍സെക്‌സ് 400 പോയ്ന്റ്, 0.77 ശതമാനം, ഇടിഞ്ഞ് 52,000 പോയ്ന്റിന് താഴെ, 51,704ല്‍ ക്ലോസ് ചെയ്തു. എച്ച് ഡി എഫ് സി ദ്വയങ്ങള്‍ക്ക് ഇന്ന് വലിയ ഇടിവാണുണ്ടായത്. ഇതോടൊപ്പം ടിസിഎസ്, ഇന്‍ഫോസിസ്, എച്ച് യു എല്‍, ഏഷ്യന്‍ പെയ്ന്റ്‌സ് എന്നീ ഓഹരികള്‍ കൂടി താഴേക്ക് പോയപ്പോള്‍ സെന്‍സെക്‌സ് നഷ്ടത്തിലേക്ക് വീണു. സെന്‍സെക്‌സിന്റെ ഇന്നത്തെ 400 പോയ്ന്റ് ഇടിവില്‍ 300 പോയ്ന്റും ഈ ഓഹരികളുടെ സംഭാവനയായിരുന്നു.

നിഫ്റ്റി 104 പോയ്ന്റ് താഴ്ന്ന് 15,209 ല്‍ ക്ലോസ് ചെയ്തു.

അതേ സമയം മിഡ് കാപ്, സ്‌മോള്‍ കാപ് ഓഹരി സൂചികകള്‍ ഇന്നും ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

സ്വകാര്യവല്‍ക്കരണ വാര്‍ത്തകള്‍ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളെ ഇന്നും ചൂടുപിടിപ്പിച്ചു. പിഎസ്‌യു ബാങ്ക് സൂചിക ഇന്ന് ആറ് ശതമാനത്തിലേറെയാണ് ഉയര്‍ന്നത്.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് 14 ഓളം കേരള കമ്പനികളുടെ ഓഹരി വില ഇടിവ് രേഖപ്പെടുത്തി. കേരള ബാങ്കുകളുടെ ഓഹരികളില്‍, ധനലക്ഷ്മി ബാങ്ക് ഓഹരി വില ഇന്ന് ഏഴ് ശതമാനത്തിലേറെയാണ് വര്‍ധിച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില ആറു ശതമാനത്തിലേറെ വര്‍ധിച്ചു. സിഎസ്ബി ബാങ്ക്, ഫെഡറല്‍ ബാങ്ക് ഓഹരി വിലകള്‍ ഒരു ശതമാനത്തിലേറെ കൂടി. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനുള്ള നീക്കം പൊതുമേഖലാ ബാങ്ക് ഓഹരി വിലകളെ ഉയര്‍ത്തുന്നതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലെ ബാങ്കുകളുടെ ഓഹരി വിലകളും ഉയരുന്നത്. എന്‍ ബി എഫ് സികളുടെ പ്രശ്‌ന കടങ്ങള്‍ കൂടുമെന്ന വാര്‍ത്തകള്‍ക്കിടയിലും മണപ്പുറം, മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വിലകള്‍ ഇന്ന് വര്‍ധിച്ചു.






Related Articles
Next Story
Videos
Share it