വിപണിയില്‍ ലാഭമെടുപ്പ്, സൂചികകള്‍ താഴ്ന്നു

രണ്ടുദിവസം തുടര്‍ച്ചയായി ഉയര്‍ന്ന ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് രേഖപ്പെടുത്തിയത് താഴ്ച. ആഗോളതലതലത്തിലെ വിലക്കയറ്റ സൂചനകളും രാജ്യത്തെ വര്‍ധിച്ചുവരുന്ന കോവിഡ് മരണ നിരക്കും വിപണിയെ പ്രതികൂലമായി സ്വാധീനിച്ചു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി കോവിഡ് മരണനിരക്ക് രാജ്യത്ത് 4000ത്തിന് മുകളിലാണ്.

വിലക്കയറ്റം ആഗോളതലത്തില്‍ നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. റിസ്‌ക് ഏറെയുള്ള അസറ്റ് ക്ലാസുകളില്‍ നിന്ന് നിക്ഷേപകര്‍ പിന്‍വലിയാന്‍ നടത്തുന്ന ശ്രമം ഓഹരി വിപണികളെ സ്വാധീനിക്കുന്നുണ്ട്. ആഗോള ഓഹരികളിലെ ചാഞ്ചാട്ടവും രാജ്യത്തെ വര്‍ധിച്ചുവരുന്ന കോവിഡ് മരണങ്ങളും നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിക്കുമ്പോള്‍, ലാഭമെടുക്കാനുള്ള നീക്കങ്ങളാണ് ഇന്ന് ഓഹരി വിപണി താഴേക്ക് പോയതിന് ഒരു കാരണം. സെന്‍സെക്‌സ് 291 പോയ്ന്റ്, 0.58 ശതമാനം ഇടിഞ്ഞ് 49,903ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 78 പോയ്ന്റ് അഥവാ 0.52 ശതമാനം ഇടിഞ്ഞ് 15,030 ലും ക്ലോസ് ചെയ്തു.

ബിഎസ്ഇ സ്‌മോള്‍കാപ്, മിഡ് കാപ് സൂചികകള്‍ ഇന്ന് ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ഇന്നലെ റിസര്‍ട്ട് പുറത്തുവിട്ട ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില ഇന്ന് ആറുശതമാനത്തോളം ഇടിഞ്ഞു. ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓഹരി വില വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ എട്ടുശതമാനത്തിലേറെ താഴ്ന്നിരുന്നു.

ഗ്ലാന്‍ഡ് ഫാര്‍മയുടെ ഓഹരി വില ഇന്ന് സര്‍വകാല റെക്കോര്‍ഡിലെത്തി. ആറുമാസം മുമ്പ് ഓഹരി വിപണിയിലെത്തിയ ഈ കമ്പനിയുടെ ഓഹരി വില ഐപിഒ വിലയേക്കാള്‍ ഇരട്ടിയാണിപ്പോള്‍. ഐപിഒ നടത്തുമ്പോള്‍ റീറ്റെയ്ല്‍ നിക്ഷേപകരില്‍ നിന്ന് തണുപ്പന്‍ സ്വീകരണമായിരുന്നു ഗ്ലാന്‍ഡ് ഫാര്‍മയ്ക്കുണ്ടായത്. രണ്ടുദിവസം കൊണ്ട് ഗ്ലാന്‍ഡ് ഫാര്‍മയുടെ ഓഹരി വില 17 ശതമാനത്തോളമാണ് ഉയര്‍ന്നത്. ഐപിഒ വില 1500 രൂപയായിരുന്നെങ്കില്‍ ഇന്ന് ഓഹരി വില 3,266 രൂപയാണ്. റീറ്റെയ്ല്‍ നിക്ഷേപകര്‍ വേണ്ടത്ര പരിഗണിക്കാതിരുന്ന ഈ കമ്പനിയുടെ കുതിപ്പിന്റെ മെച്ചം ഇപ്പോള്‍ ലഭിക്കുന്നത് നിക്ഷേപക സ്ഥാപനങ്ങള്‍ക്കാണ്.
കേരള കമ്പനികളുടെ പ്രകടനം

ശതാബ്ദി വര്‍ഷത്തില്‍, ചരിത്രത്തിലെ തന്നെ മികച്ച റിസള്‍ട്ട് പുറത്തുവിട്ട സിഎസ്ബി ബാങ്കിന്റെ ഓഹരി വില ഇന്ന് 11.59 ശതമാനം ഉയര്‍ന്ന് 320.60 രൂപയിലെത്തി. ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വിലകളും ഇന്ന് ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ധനലക്ഷ്മി ബാങ്ക് ഓഹരി വില 0.90 ശതമാനം താഴ്ന്നു. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില നാല് ശതമാനത്തോളം വര്‍ധിച്ചു. കിറ്റെക്‌സ് ഓഹരി വിലയും നാല് ശതമാനത്തോളം ഉയര്‍ച്ച രേഖപ്പെടുത്തി. വിഗാര്‍ഡ് ഓഹരി വിലയില്‍ 3.55 ശതമാനം വര്‍ധനയുണ്ടായി.





Related Articles
Next Story
Videos
Share it