അഞ്ചുദിവസത്തിനിടെ ഈ കുഞ്ഞന്‍ കേരള കമ്പനി നേടിയത് 19 ശതമാനത്തിന്റെ നേട്ടം
ഓഹരി വിപണിയില്‍ മുന്നേറ്റവുമായി കേരള കമ്പനിയായ വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് ലിമിറ്റഡ്. അഞ്ച് ദിവസത്തിനിടെ 19 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ കുഞ്ഞന്‍ കേരള കമ്പനി നേടിയത്. വെള്ളിയാഴ്ച വിപണി അവസാനിച്ചപ്പോള്‍ 2.71 രൂപയാണ് വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ ഓഹരി വില. അഞ്ച് ദിവസമായി ഈ ഓഹരി അപ്പര്‍സര്‍ക്യൂട്ടിലാണ് ഉയരുന്നത്. നേരത്തെ സമാനമായി 4.63 രൂപ വരെ ഉയര്‍ന്ന വെര്‍ട്ടെക്‌സ് ജനുവരി ഏഴിന് ശേഷം താഴ്ച്ചയിലേക്ക് വീണിരുന്നു. ഒരു മാസത്തിനിടെ 12 ശതമാനം ഉയര്‍ന്ന വെര്‍ട്ടെക്‌സിന്റെ ഓഹരി വില ആറ് മാസത്തിനിടെ 17 ശതമാനവും ഒരു വര്‍ഷത്തിനിടെ 222.62 ശതമാനവും നേട്ടമുണ്ടാക്കി. ഒരു വര്‍ഷം മുമ്പ് വെറും 84 പൈസയായിരുന്നു ഈ ഓഹരിയുടെ വില.
1993 ല്‍ സ്ഥാപിതമായ സ്റ്റോക്ക് ബ്രോക്കറേജ് കമ്പനിയായ വെര്‍ട്ടെക്‌സ് 2005 ലാണ് വിപണിയിലെത്തുന്നത്. 2010 ല്‍ ഏറ്റവും ഉയര്‍ന്ന നിലയായ 75.60 രൂപ എന്ന നിലയിലെത്തിയ ഈ കമ്പനിയുടെ ഓഹരി വില വര്‍ഷങ്ങളായി ഒറ്റയക്കത്തില്‍ തുടരകയാണ്. എന്നിരുന്നാലും, ഈ കമ്പനിക്ക് ഏറ്റെടുക്കല്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
2021 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ അറ്റ വില്‍പ്പനയില്‍ 14.63 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2.07 കോടിയുടെ അറ്റ വില്‍പ്പനയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനി നേടിയത്. 2020 ഡിസംബറില്‍ 1.80 കോടിയായിരുന്നു വെര്‍ട്ടെക്‌സിന്റെ അറ്റ വില്‍പ്പന. ത്രൈമാസ അറ്റാദായം 28.5 ശതമാനം കുറഞ്ഞ് 2021 ഡിസംബറിലെ 0.03 കോടി രൂപയായി.