ആറ് ദിവസത്തെ നേട്ടത്തിനൊടുവില്‍ വിപണിയില്‍ ഇടിവ്

കേരള കമ്പനികളില്‍ കൊച്ചിന്‍ മിനറല്‍സ് & റുട്ടൈലിന്റെ ഓഹരിവില 20 ശതമാനത്തോളം ഉയര്‍ന്നു
ആറ് ദിവസത്തെ നേട്ടത്തിനൊടുവില്‍ വിപണിയില്‍ ഇടിവ്
Published on

പോസിറ്റീവോടെ വ്യാപാരം തുടങ്ങിയെങ്കിലും ആറ് ദിവസത്തെ നേട്ടത്തിനൊടുവില്‍ ഓഹരി വിപണി ഇടിഞ്ഞു. നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെയാണ് വിപണി താഴ്ന്നത്. ഉയര്‍ന്ന ചാഞ്ചാട്ടത്തിന് സാക്ഷ്യം വഹിച്ച വിപണിയില്‍ സെന്‍സെക്‌സ് സൂചിക 52 പോയ്ന്റ് അഥവാ 0.09 ശതമാനം നഷ്ടത്തോടെ 58,299 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 50 സൂചിക ആറ് പോയ്ന്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 17,382 ലുമെത്തി.

മേഖലാതലത്തില്‍ നിഫ്റ്റി ഫാര്‍മ (2.37 ശതമാനം), നിഫ്റ്റി ഐടി (1.2 ശതമാനം), നിഫ്റ്റി എഫ്എംസിജി (0.5 ശതമാനം) സൂചികകള്‍ കൂടുതല്‍ നേട്ടമുണ്ടാക്കി. നിഫ്റ്റി പിഎസ്ബി സൂചിക 1.75 ശതമാനം ഇടിഞ്ഞു.

ഓഹരികളില്‍, സിപ്ല, നെസ്ലെ ഇന്ത്യ, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഹിന്‍ഡാല്‍കോ, ദിവിസ് ലാബ്സ്, ഡോ. റെഡ്ഡീസ് ലാബ്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവ 1-3.2 ശതമാനം ഉയര്‍ന്നു. എന്‍ടിപിസി, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, കോള്‍ ഇന്ത്യ, ആര്‍ഐഎല്‍, എസ്ബിഐ, ശ്രീ സിമന്റ്, പവര്‍ ഗ്രിഡ്, കൊട്ടക് ബാങ്ക്, ആക്സിസ് ബോള്‍ എന്നിവ 1-3 ശതമാനം വരെ ഇടിഞ്ഞു.

വിശാല വിപണികളില്‍, ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.3 ശതമാനവും 0.2 ശതമാനവും കൂട്ടി. ജിയോയുമായി കരാറില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ ഇന്നലെ 20 ശതമാനം ഉയര്‍ന്ന സുബെക്‌സ് ലിമിറ്റഡ് ഇന്നും 20 ശതമാനം കുതിച്ചു.

കേരള കമ്പനികളുടെ പ്രകടനം

നേരിയ ഇടിവോടെ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 16 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈലിന്റെ ഓഹരിവില 20 ശതമാനത്തോളം കുതിച്ച് 136.90 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. വണ്ടര്‍ലാ ഹോളിഡേയ്‌സ് 8.13 ശതമാനവും കല്യാണ്‍ ജൂവലേഴ്‌സ്, എഫ്എസിടി, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവ അഞ്ച് ശതമാനം വീതവും നേട്ടമുണ്ടാക്കി. പാറ്റ്‌സ്പിന്‍ ഇന്ത്യ, കിറ്റെക്‌സ്, കെഎസ്ഇ, എവിറ്റി, അപ്പോളോ ടയേഴ്‌സ് എന്നിവയുടെ ഓഹരിവില 1-2 ശതമാനം വരെ ഉയര്‍ന്നു.

അതേസമയം, ആസ്റ്റര്‍ ഡി എം, ഇന്‍ഡിട്രേഡ് (ജെആര്‍ജി), നിറ്റ ജലാറ്റിന്‍, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് എന്നിവ 1-3 ശതമാനം വരെ ഇടിഞ്ഞു. റബ്ഫില ഇന്റര്‍നാഷണലിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com