
തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയ ശേഷം, ആഗോള വിപണിയുടെ ചുവടുപിടിച്ച് പിന്നോക്കം പോയ ഓഹരി വിപണി നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 4.89 പോയ്ന്റ് ഉയര്‍ന്ന് 55949.10 പോയ്ന്റിലും നിഫ്റ്റി 2.20 പോയ്ന്റ് ഉയര്‍ന്ന് 16636.90 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1578 ഓഹരികള്‍ നേട്ടമുണ്ടാക്കി. 1372 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായപ്പോള്‍ 105 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ബിപിസിഎല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ഭാരതി എയര്‍ടെല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, മാരുതി സുസുകി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, പവര്‍ ഗ്രിഡ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
മെറ്റല്‍ സൂചികയില്‍ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി. ഓട്ടോ, ഫാര്‍മ, പിഎസ് യു ബാങ്ക് ഓഹരികള്‍ കൂടി വിറ്റഴിക്കലിന് സാക്ഷിയായി. അതേസമയം എഫ്എംസിജി, ഓയ്ല്‍ & ഗ്യാസ്, റിയല്‍റ്റി, പവര്‍ സെക്ടറല്‍ സൂചികകള്‍ ഉയര്‍ന്നു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളില്‍ 0.3 ശതമാനം നേട്ടം ഉണ്ടായി.
കോവിഡ് ഡെല്‍റ്റ വകഭേദത്തിന്റെ ഉയര്‍ച്ച സൃഷ്ടിച്ച ആശങ്കയും ചൈനയും യുഎസും തമ്മില്‍ ഉണ്ടായ പുതിയ ഉരസലുകളുമാണ് ആഗോള വിപണിയെ ദുര്‍ബലമാക്കിയത്. ഇതോടെ ഇന്ത്യന്‍ നിക്ഷേപകരും ജാഗ്രത പാലിച്ചതോടെ വിപണിയില്‍ മുന്നേറ്റം നിലനിര്‍ത്താനാവാതെ പോയി.
കേരള കമ്പനികളില്‍ 13 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. 13.35 ശതമാനം നേട്ടമുണ്ടാക്കി കേരള ആയുര്‍വേദ കുതിപ്പ് തുടരുകയാണ്. ഹാരിസണ്‍സ് മലയാളം (5.59 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (4.76 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.76 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (2.73 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.56 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു.
ഇന്‍ഡിട്രേഡ്, റബ്ഫില ഇന്റര്‍നാഷണല്‍, ആസ്റ്റര്‍ ഡി എം, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, എഫ്എസിടി, ഫെഡറല്‍ ബാങ്ക് തുടങ്ങി 16 കേരള കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
Read DhanamOnline in English
Subscribe to Dhanam Magazine