

തുടക്കം മുതല്‍ ഇടിവിലേക്ക് വീണ ഓഹരി വിപണി ഉച്ചയോടെ പച്ചയിലേക്ക് തിരിച്ചുകയറി. ബെഞ്ച് മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 231 പോയ്ന്റ് ഉയര്‍ച്ചയോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖലാ ബാങ്കുകള്‍, ഓട്ടോ, മെറ്റല്‍ ഓഹരികള്‍ പോസിറ്റീവിലേക്ക് നീങ്ങിയതാണ് വിപണിക്ക് അനുകൂലമായത്. സെന്‍സെക്‌സ് 56,825 എന്ന താഴ്ന്ന നിലയില്‍ നിന്ന് 0.4 ശതമാനം ഉയര്‍ന്ന് 57,593.5 പോയ്ന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 17,004 എന്ന താഴ്ന്ന നിലയില്‍ നിന്ന് തിരിച്ചുകയറുകയും 69 പോയ്ന്റ് അഥവാ 0.4 ശതമാനം ഉയര്‍ന്ന് 17,222 ല്‍ വ്യപാരം അവസാനിപ്പിക്കുകയും ചെയ്തു.
നിഫ്റ്റി 50 സൂചികയില്‍ 4 ശതമാനം ഉയര്‍ന്ന് ഭാരതി എയര്‍ടെല്ലാണ് മികച്ച നേട്ടം നേട്ടം കൈവരിച്ചത്. കോള്‍ ഇന്ത്യ, ആക്സിസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, ഐടിസി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്യുഎല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, പവര്‍ ഗ്രിഡ്. എന്നീ ഓഹരികള്‍ മൂന്ന് ശതമാനം വരെ ഉയര്‍ന്നു. യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്സ്, നെസ്ലെ, എച്ച്ഡിഎഫ്സി, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ്, എച്ച്സിഎല്‍ ടെക്, അദാനി പോര്‍ട്ട്സ് എന്നിവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.3 ശതമാനവും 0.5 ശതമാനവും താഴ്ന്നു.
കമ്പനികളില്‍ പിവിആറിന്റെയും Inox Leisure ന്റെയും ഓഹരികള്‍ തിങ്കളാഴ്ചത്തെ ഇന്‍ട്രാ-ഡേ ട്രേഡില്‍ 20 ശതമാനം വരെ ഉയര്‍ന്നു. രണ്ട് പ്രധാന മള്‍ട്ടിപ്ലക്സ് ഉടമകളായ പിവിആറും Inox Leisure ഉം ലയന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ഈ ഓഹരികള്‍ കുതിച്ചുയര്‍ന്നത്. കൂടാതെ, 2022 മാര്‍ച്ച് 31 വ്യാഴാഴ്ച നടക്കുന്ന ബോര്‍ഡ് മീറ്റിംഗില്‍ ഓഹരികള്‍ തിരികെ വാങ്ങുന്നത് പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗെയില്‍ ഇന്ത്യ പ്രഖ്യാപിച്ചതിന് ശേഷം ഓഹരികള്‍ ബിഎസ്ഇയില്‍ 4 ശതമാനം ഉയര്‍ന്ന് 153.25 രൂപയിലെത്തി. മേഖലാതലത്തില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക 1 ശതമാനത്തിലധികം ഉയര്‍ന്ന് മികച്ച മേഖലാ നേട്ടമുണ്ടാക്കി. നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സൂചിക 0.9 ശതമാനം ഇടിഞ്ഞു.
ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നെങ്കിലും കേരള കമ്പനികളില്‍ പലതും വിപണിയില്‍ തിരിച്ചടി നേരിട്ടു. 10 കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ആസ്റ്റര്‍ ഡിഎമ്മിന്റെ ഓഹരി വില 10.81 ശതമാനം ഉയര്‍ന്ന് നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ചു. അപ്പോളോ ടയേഴ്സ് (0.75 ശതമാനം), എഫ്എസിടി (1.01 ശതമാനം), ഫെഡറല്‍ ബാങ്ക് (1.03 ശതമാനം), കേരള ആയുര്‍വേദ (2.29 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.80 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (4.69 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് കമ്പനികള്‍. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, സിഎസ്ബി ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മുത്തൂറ്റ് ഫിനാന്‍സ്, നിറ്റ ജലാറ്റിന്‍ തുടങ്ങിയ കമ്പനികളുടെ ഓഹരിവിലകളില്‍ ഇടിവുണ്ടായി
Read DhanamOnline in English
Subscribe to Dhanam Magazine