Begin typing your search above and press return to search.
ലാഭമെടുപ്പ്: വിപണി ഇടിഞ്ഞു; സെന്‍സെക്‌സ് 60000 ല്‍ താഴെ

സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നത് സൂചികകള്‍ ഇടിയാന്‍ കാരണമായി. സെന്‍സെക്‌സ് 410.28 പോയ്ന്റ് ഇടിഞ്ഞ് 59667.60 പോയ്ന്റിലും നിഫ്റ്റി 106.50 പോയ്ന്റ് ഇടിഞ്ഞ് 17748 പോയ്ന്റിലും ക്ലോസ് ചെയ്തു.
യുഎസ് ബോണ്ട് വരുമാനത്തിലെ വര്‍ധന, ക്രൂഡ് ഓയ്ല്‍ വില വര്‍ധനവ്, ചൈനീസ് പ്രതിസന്ധി തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ആഗോള വിപണി ദുര്‍ബലമായതും ഇന്ത്യന്‍ ഓഹരി സൂചികകളില്‍ പ്രതിഫലിച്ചു. അതേസമയം മെറ്റല്‍, പവര്‍, ഓയ്ല്‍ & ഗ്യാസ് ഓഹരികള്‍ ഒരു പരിധിവരെ ഇടിവിനെ പ്രതിരോധിച്ചത് വന്‍ വീഴ്ചയ്ക്ക് തടയിട്ടു.
1463 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1715 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 164 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു. ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ഡിവിസ് ലാബ്‌സ്, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയവയാണ് വിലിയിടിഞ്ഞ പ്രമുഖ ഓഹരികള്‍. പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, കോള്‍ ഇന്ത്യ, എന്‍ടിപിസി, ഐഒസി, ബിപിസിഎല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായി.
ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 0.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഐറ്റി, റിയല്‍റ്റി സൂചികകളിലാണ് ഇന്ന് കൂടുതല്‍ ഇടിവുണ്ടായത്. 2-3 ശതമാനം. എന്നാല്‍ പവര്‍, ഓയ്ല്‍ & ഗ്യാസ്, മെറ്റല്‍ സൂചികകള്‍ നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ എട്ടെണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.31 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (3.96 ശതമാനം), ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ (1.93 ശതമാനം), എവിറ്റി (1.29 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.88 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (0.68 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.39 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (0.11 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യ, ഇന്‍ഡിട്രേഡ് (ജെആര്‍ജി), അപ്പോളോ ടയേഴ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, എഫ്എസിടി തുടങ്ങി 18 കേരള കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. ധനലക്ഷ്മി ബാങ്ക്, കല്യാണ്‍ ജൂവലേഴ്‌സ്, കെഎസ്ഇ എന്നിവയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.
Next Story