സ്വര്‍ണവില താഴേക്ക്; ഇന്ന് പവന് എന്ത് നല്‍കണം?
സ്വര്‍ണ വില ഇന്നും താഴ്ന്നു. ഗ്രാമിന് ഇന്ന് 40 രൂപ കുറഞ്ഞ് 5,570 രൂപയും പവന് 320 രൂപ കുറഞ്ഞ് 44,560 രൂപയുമായി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണ വില കുറയുന്നത്. 22 കാരറ്റ് സ്വര്‍ണത്തോടൊപ്പം 18 കാരറ്റ് സ്വര്‍ണവും ഇടിവിലാണ്. 18 കാരറ്റിന് 35 രൂപ കുറഞ്ഞ് 4,620 രൂപയുമായി.
ആഗോള വിപണിയില്‍ സ്‌പോട്ട് സ്വര്‍ണം തുടര്‍ച്ചയായ ഇടിവിലാണ്. സ്‌പോട്ട് സ്വര്‍ണം 1,949 ഡോളറിലാണ് ഉള്ളത്. ഇന്നലെ 1,950 ഡോളറിലാണ് സ്വര്‍ണം ക്ലോസ് ചെയ്തത്. ഒരാഴ്ച മുമ്പ് (നവംബര്‍ 2ന്) 1,985.07 ഡോളറിലാണ് സ്‌പോട്ട് സ്വര്‍ണം നിന്നിരുന്നത്. കേരളത്തില്‍ അപ്പോള്‍ 45,200 രൂപയായിരുന്നു പവന്‍ വില.
ഒരു പവന് ഇന്നെത്ര നല്‍കേണ്ടി വരും?
പവന്‍ വില ഇന്ന് 44,560 രൂപയാണ്. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, ഹോള്‍മാര്‍ക്ക് ഫീസ് എന്നിവ കൂടി നല്‍കണം. അപ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 48,100 രൂപയോ അതിലധികമോ വേണ്ടി വരും. പല ജൂവല്‍റികളിലും പണിക്കൂലി വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ സ്വര്‍ണ വിലയും നികുതിയും കൂട്ടി അതിനൊപ്പം എത്ര ശതമാനം പണിക്കൂലി എന്നുള്ളതു കൂടി കണക്കാക്കണം.
വെള്ളി വില
വെള്ളി വിലയില്‍ ഇന്നു മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 77 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് വില.