ഒടുവില്‍ 'വിശ്രമിച്ച്' സ്വര്‍ണവില; റെക്കോഡിനരികെ പവന്‍
ആഗോള വിപണിയില്‍ സ്വര്‍ണവില കാര്യമായ മാറ്റം കാഴ്ചവയ്ക്കാതിരുന്നതിനെ തുടര്‍ന്ന്, കേരളത്തിലെ വിലയിലും ഇന്ന് മാറ്റമില്ല. ഔണ്‍സിന് 1986-87 ഡോളര്‍ നിരക്കില്‍ തുടരുകയാണ് രാജ്യാന്തര വില.
കേരളത്തിൽ ഗ്രാമിന് 5,680 രൂപയും പവന് 45,440 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പവന്റെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 45,760 രൂപ മറികടക്കാന്‍ ഇനിയുള്ളത് 321 രൂപയുടെ അകലം മാത്രം. ഇക്കഴിഞ്ഞ മേയ് അഞ്ചിനായിരുന്നു സ്വര്‍ണം കേരളത്തിൽ സര്‍വകാല റെക്കോഡ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായി കുതിപ്പ് നടത്തിയ ശേഷമാണ് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകാതിരുന്നത്. കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല. വില ഗ്രാമിന് 4,708 രൂപ. വെള്ളി വില രണ്ട് ദിവസമായി മാറ്റമില്ലാതെ തുടരുന്നു. സാധാരണ വെള്ളിക്ക് ഗ്രാമിന് 78 രൂപയും പരിശുദ്ധ വെള്ളിക്ക് 103 രൂപയുമാണ് വില.
ആഭരണം വാങ്ങുമ്പോള്‍
ഒരു പവന് വില ഇന്ന് 45,440 രൂപയാണ്. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, ഹോള്‍മാര്‍ക്ക് ഫീസ് എന്നിവ കൂടി നല്‍കണം. അപ്പോള്‍ 50,000 രൂപയോ അതിലധികമോ വേണ്ടി വരും.