കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്
കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,650 രൂപയും പവന് 80 രൂപ കുറഞ്ഞ് 45,200 രൂപയുമായി. ആഗോള വിപണിയില്‍ സ്‌പോട്ട് സ്വര്‍ണം ഇന്നലെ 2,004 ഡോളര്‍ വരെ ഉയര്‍ന്നിട്ട് ഇന്നലെ 1,984 ഡോളറില്‍ ക്ലോസ് ചെയ്തു. നിലവില്‍ 1992 ഡോളറിലാണ് സ്‌പോട്ട് സ്വര്‍ണമുള്ളത്. ഈ കുറവാണ് നേരിയ തോതില്‍ കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. ഇന്നലെ കേരളത്തില്‍ പവന് 80 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
ഇക്കഴിഞ്ഞ ഒരു മാസത്തില്‍ കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 3,000 രൂപയിലേറെ വര്‍ധിച്ചിരുന്നു. ഒക്‌റ്റോബര്‍ 28നാണ് കേരളത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത്. 45,920 രൂപയായിരുന്നു അത്.
ഇസ്രായേല്‍-ഹമാസ് യുദ്ധവും ഓഹരി വിപണിയുടെ തളര്‍ച്ചയും മൂലം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം ആഗോള തലത്തില്‍ പുതിയ ഉയരങ്ങള്‍ താണ്ടിയതാണ് കേരളത്തിലെ വിലയിലും പുതിയ റെക്കോഡ് കുറിക്കാനിടയാക്കിയത്.
18 കാരറ്റ് സ്വര്‍ണം, വെള്ളി
കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണ വിലയിലും നേരിയ കുറവുണ്ടായി. ഗ്രാമിന് 5 രൂപ കുറഞ്ഞ് 4,680 രൂപയായി. വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 78 രൂപയാണ് വില. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് വില 103 രൂപ.