മലയാളി ലൈന്‍ മാറ്റി, മങ്കമാരും! മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം ഒരു ലക്ഷം കോടിയിലേക്ക്, വനിതാ നിക്ഷേപത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍, എസ്.ഐ.പിയില്‍ 27% വളര്‍ച്ച

സംസ്ഥാനത്ത് മ്യൂച്വല്‍ഫണ്ട് നിക്ഷേപകരില്‍ ഒന്നാം സ്ഥാനത്ത് കൊച്ചി, തിരുവനന്തപുരം രണ്ടാമത്
മലയാളി ലൈന്‍ മാറ്റി, മങ്കമാരും! മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം  ഒരു ലക്ഷം കോടിയിലേക്ക്, വനിതാ നിക്ഷേപത്തില്‍ ദേശീയ
ശരാശരിയേക്കാള്‍ മുന്നില്‍, എസ്.ഐ.പിയില്‍ 27% വളര്‍ച്ച
Published on

റിയല്‍ എസ്റ്റേറ്റും (Real Estate) സ്ഥിര നിക്ഷേപവും (Fixed Deposits) അടങ്ങുന്ന പരമ്പരാഗത നിക്ഷേപമാര്‍ഗങ്ങളെ വിട്ട് മ്യൂച്വല്‍ ഫണ്ടുകളിലേക്ക് (Mutual Funds) ചേക്കേറുകയാണ് കേരളത്തിലെ നിക്ഷേപകര്‍. നിലവില്‍ ഒരു ലക്ഷം കോടിയ്ക്കടുത്താണ് സംസ്ഥാനത്തെ മ്യൂച്വല്‍ ഫണ്ട് ആസ്തി (Asset under Management/AUM). 2025 മേയ് 31 വരെയുള്ള കാലയളവില്‍ 94,829.36 കോടി രൂപയാണ് മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയെന്ന്‌ അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ (Association of Mutual Funds in India /AMFI) കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആകെ ആസ്തിയുടെ 1.3 ശതമാനമാണിത്.

സംസ്ഥാനത്ത് മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തില്‍ ഏറ്റവും മുന്നില്‍ കൊച്ചിയാണ്. മേയ് 31 വരെയുള്ള കണക്കു പ്രകാരം മൊത്തം 16,229.30 കോടി രൂപയാണ് കൊച്ചിക്കാര്‍ നിക്ഷേപിച്ചിരിക്കുന്നത്. തൊട്ടു പിന്നില്‍ 10,163.09 കോടി രൂപയുടെ നിക്ഷേപവുമായി തിരുവനന്തപുരമാണ്. തൃശൂര്‍ മൂന്നും കോഴിക്കോട് നാലും സ്ഥാനത്താണ്.

പ്രതിമാസ തവണ വ്യവസ്ഥകളായി നിക്ഷേപിക്കാവുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളെ (SIP) കുറിച്ച് അവബോധം വര്‍ധിച്ചതിനൊപ്പം സുതാര്യത, വേഗത്തില്‍ പണമാക്കി മാറ്റാനുള്ള സൗകര്യം, എളുപ്പത്തിലുള്ള നിക്ഷേപം തുടങ്ങിയവയുമാണ്‌ മ്യൂച്വല്‍ഫണ്ടുകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതെന്ന് ആംഫി ചീഫ് എക്‌സിക്യൂട്ടിവ് വെങ്കട് ചലസാനി പറഞ്ഞു. ഇതിനൊപ്പം ഓഹരിയുടെ സമീപകാല പ്രകടനങ്ങളും യുവാക്കളെ കൂടുതലായി ആകര്‍ഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 250 രൂപ മുതല്‍ നിക്ഷേപിക്കാവുന്ന ഛോട്ടി എസ്.ഐ.പികളും ആംഫി അവതരിപ്പിച്ചിരുന്നു.

ഇക്വിറ്റിയോട് പ്രിയം, ഗോള്‍ഡ് ഇ.ടി.എഫിനോട് മുഖം തിരിച്ച്

ഇക്വിറ്റി ഫണ്ടുകളോടാണ് മലയാളികള്‍ക്ക് താത്പര്യം കൂടുതല്‍. മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് മൊത്തം നിക്ഷേപത്തിന്റെ 53.7 ശതമാനം ശതമാനം ഗ്രോത്ത്/ഇക്വിറ്റി അധിഷ്ഠിത പദ്ധതികളിലാണ്. ഡെറ്റ് ഫണ്ടുകളില്‍ 15.1 ശതമാനവും ലിക്വിഡ് പദ്ധതികളില്‍ 13.2 ശതമാനവും സ്വര്‍ണ ഇതര ഇടി എഫുകളില്‍ 11.3 ശതമാനവും നിക്ഷേപമുണ്ട്. ഭൗതിക രൂപത്തിലുള്ള സ്വര്‍ണത്തോട് വലിയ താത്പര്യം കാണിക്കുന്ന മലയാളികള്‍ പക്ഷെ സ്വര്‍ണ ഇ.ടി.എഫുകളോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. മൊത്തം മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തിന്റെ വെറും 0.9 ശതമാനം മാത്രമാണ് ഗോള്‍ഡ് ഇ.ടി.എഫ് നിക്ഷേപമെന്നും വെങ്കട് ചലസാനി ചൂണ്ടിക്കാട്ടി.

എസ്.ഐ.പികളിലും മുന്നേറ്റം

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് വഴിയുള്ള നിക്ഷേപത്തിലും കേരളം മുന്നേറുന്നുണ്ട്. മേയ് 31 വരെയുള്ള കാലയളവില്‍ 23.2 ലക്ഷം എസ്.ഐ.പി അക്കൗണ്ടുകളാണ് സംസ്ഥാനത്തുള്ളത്. മൊത്തം മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തിന്റെ 45 ശതമാനം വരുമിത്. എസ്.ഐ.പി കൈകാര്യം ചെയ്യുന്ന ആസ്തി 28,788.69 കോടിയാണ്. കേരളത്തില്‍ നിന്നുള്ള മൊത്തം മ്യൂച്വല്‍ഫണ്ട് ആസ്തിയുടെ 34 ശതമാനമാണിത്. വാര്‍ഷികാടിസ്ഥാനത്തില്‍ 27 ശതമാനത്തോളം വളര്‍ച്ചയും കേരളത്തില്‍ എസ്.ഐ.പികള്‍ നേടുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള പ്രതിമാസ എസ്.ഐ.പി നിക്ഷേപം 635 കോടി രൂപയായതായും ആംഫിയുടെ മാര്‍ച്ചിലെ കണക്കുകള്‍ കാണിക്കുന്നു.

വനിത നിക്ഷേപകര്‍ കൂടുന്നു

കേരളത്തിലെ മൊത്തം നിക്ഷേപകരുടെ കാര്യത്തില്‍ 24 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 2024 മാര്‍ച്ചില്‍ 10.45 ലക്ഷം നിക്ഷേപകര്‍ ഉണ്ടായിരുന്നത് 2025 മാര്‍ച്ചില്‍ 13.13 ലക്ഷമായി. കേരളത്തിലെ നിക്ഷേപകരില്‍ വനിതകളുടെ പങ്കാളിത്തം കൂടുതലാണെന്നതും എടുത്തു പറയേണ്ടതാണ്. മൊത്തം മ്യൂച്വല്‍ഫണ്ട് നിക്ഷേപകരില്‍ 28.5 ശതമാനവും വനിതകളാണ്. ദേശീയ ശരാശരിയായ 25.7 ശതമാനവുമായി നോക്കുമ്പോഴും ഇത് മികച്ചതാണ്. ദേശീയതലത്തില്‍ 5.35 കോടി വനിതാ നിക്ഷേപകരാണ് മ്യൂച്വല്‍ഫണ്ടിലുള്ളത്.

രാജ്യത്തെ മ്യൂച്വല്‍ഫണ്ട് ആസ്തി ₹74 ലക്ഷം കോടി

രാജ്യത്തെ മൊത്തം മ്യൂച്വല്‍ഫണ്ട് ആസ്തി ജൂണ്‍ വരെയുള്ള കണക്കു പ്രകാരം 74.41 ലക്ഷം കോടി രൂപയാണ്. മൊത്തം നിക്ഷേപകരുടെ എണ്ണം 5.52 കോടിയിലുമെത്തി. 49,095 കോടി രൂപയാണ്‌ ജൂണില്‍ പുതുതായി മ്യൂച്വല്‍ഫണ്ടുകളിലേക്ക്‌ എത്തിയത്. ഇതില്‍ 95 ശതമാനവും ഹൈബ്രിഡ്, ഇക്വിറ്റി വിഭാഗത്തിലായിരുന്നു. ഇക്വിറ്റി ഫണ്ടിന്റെ ആസ്തി മുന്‍ മാസത്തേക്കാള്‍ 4.4 ശതമാനം വര്‍ധിച്ച് 33.47 ലക്ഷം കോടിയായി.

റിസര്‍വ് ബാങ്ക് ജൂണില്‍ അടിസ്ഥാന പലിശ നിരക്കില്‍ അര ശതമാനം കുറവു വരുത്തിയത് സ്റ്റോക്ക് മാര്‍ക്കറ്റില്‍ 14,590 കോടി രൂപയുടെ വിദേശ നിക്ഷേപത്തിന് ഇടയാക്കി. ഇക്കാലയളവില്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 67,642 കോടിയാണ് നിക്ഷേപിച്ചത്.

ജൂണില്‍ എസ്.ഐ.പി വഴിയുള്ള നിക്ഷേപം 27,269 കോടി രൂപയായി. മുന്‍ പാദത്തേക്കാള്‍ 5.2 ശതമാനം വളര്‍ച്ചയുണ്ട്. ആദ്യമായാണ് എസ്.ഐ.പി ആസ്തി 27,000 കോടിയ്ക്ക് മുകളിലെത്തുന്നത്.

Kerala's mutual fund investment nears ₹1 lakh crore with rising SIP growth and leading female investor participation

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com