എൽജി ഇലക്ട്രോണിക്സ് ഐപിഒ നാളെ മുതല്‍, ഗ്രേ മാര്‍ക്കറ്റില്‍ വലിയ ആവേശം; നിക്ഷേപിക്കുന്നതിന് മുമ്പായി തീര്‍ച്ചയായും ഈ റിസ്കുകള്‍ അറിഞ്ഞിരിക്കണം

2025 ജൂൺ 30 വരെയുളള കണക്കനുസരിച്ച് കമ്പനി 4,717.05 കോടി രൂപയുടെ നികുതി ക്ലെയിമുകൾ നേരിടുന്നുണ്ട്
എൽജി ഇലക്ട്രോണിക്സ് ഐപിഒ നാളെ മുതല്‍, ഗ്രേ മാര്‍ക്കറ്റില്‍ വലിയ ആവേശം; നിക്ഷേപിക്കുന്നതിന് മുമ്പായി തീര്‍ച്ചയായും ഈ റിസ്കുകള്‍ അറിഞ്ഞിരിക്കണം
Published on

ദക്ഷിണ കൊറിയൻ കൺസ്യൂമർ ഡ്യൂറബിൾസ് കമ്പനിയായ എൽജി ഇലക്ട്രോണിക്‌സിന്റെ ഇന്ത്യൻ വിഭാഗമായ എൽജി ഇലക്ട്രോണിക്‌സ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്‍പ്പന നാളെ (ഒക്ടോബർ 7) മുതല്‍ ആരംഭിക്കുകയാണ്. ഓഫർ ഫോർ സെയിൽ വഴി പ്രൊമോട്ടറായ എൽജി ഇലക്ട്രോണിക്‌സ് ഇൻ‌കോർപ്പറേറ്റഡിന്റെ 10.18 കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. 11,607.01 കോടി രൂപയാണ് കമ്പനി സമാഹരിക്കുക.

1,080–1,140 രൂപ പ്രൈസ് ബാൻഡിൽ 13 ഓഹരികളുടെ ലോട്ട് സൈസാണ് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഒക്ടോബർ 9 നാണ് സബ്‌സ്‌ക്രിപ്‌ഷന്‍ അവസാനിക്കുക.

ഗ്രേ മാർക്കറ്റിൽ നിന്നുള്ള സൂചനകൾ അനുസരിച്ച് ഓഹരിക്ക് ശക്തമായ ഡിമാൻഡാണ് ഉളളത്. ഗ്രേ മാർക്കറ്റിൽ ഏകദേശം1,390 രൂപക്കാണ് ഓഹരിയുടെ വ്യാപാരം നടക്കുന്നത്. ഇത് 21.93 ശതമാനം ഗ്രേ മാർക്കറ്റ് പ്രീമിയമാണ് സൂചിപ്പിക്കുന്നത്. പ്രൈസ് ബാൻഡിന്റെ കൂടിയ വിലയേക്കാള്‍ 250 രൂപ കൂടുതലാണ് ഗ്രേ മാർക്കറ്റിൽ.

റിസ്കുകള്‍

അതേസമയം ഓഹരിക്ക് ചില അപകട സാധ്യതകളും ഉണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

എൽജി ഇലക്ട്രോണിക്സ് ഇന്ത്യ വിവിധ ബിസിനസ് പ്രവർത്തനങ്ങൾക്കായി തങ്ങളുടെ പ്രൊമോട്ടറായ ദക്ഷിണ കൊറിയയിലെ എൽജി ഇലക്ട്രോണിക്സിനെ ആശ്രയിക്കുന്നുണ്ട്. ബൗദ്ധിക സ്വത്തവകാശ ഉപയോഗത്തിന് ഇന്ത്യന്‍ വിഭാഗം റോയൽറ്റി നൽകുകയും ചെയ്യുന്നു. ഈ ബന്ധത്തിലെ ഏതെങ്കിലും തകർച്ച കമ്പനിയുടെ പ്രവർത്തനങ്ങളെയും സാമ്പത്തിക പ്രകടനത്തെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, എയർ കണ്ടീഷണറുകൾ, ടെലിവിഷനുകൾ എന്നിവയുടെ വിൽപ്പനയിലൂടെയാണ് വരുമാനത്തിന്റെ ഭൂരിഭാഗവും. ഇവയുടെ ഡിമാൻഡിൽ ഉണ്ടാകുന്ന ഏതൊരു ഇടിവും കമ്പനിയുടെ സാമ്പത്തിക പ്രകടനത്തെ സാരമായി ബാധിക്കുമെന്ന കാര്യം ശ്രദ്ധിക്കുക.

2025 ജൂൺ 30 വരെയുളള കണക്കനുസരിച്ച് കമ്പനി 4,717.05 കോടി രൂപയുടെ നികുതി ക്ലെയിമുകൾ നേരിടുന്നുണ്ട്. ഇത് കമ്പനിയുടെ മൊത്തം മൂല്യത്തിന്റെ ഏകദേശം 73.16 ശതമാനമാണെന്നത് ശ്രദ്ധേയമാണ്.

കമ്പനിയുടെ ശക്തി

വീട്ടുപകരണങ്ങളിലും ഉപഭോക്തൃ ഇലക്ട്രോണിക്സ് വ്യവസായത്തിലും എൽ‌ജി ഇലക്ട്രോണിക്സ് ഇന്ത്യക്ക് രാജ്യത്ത് വലിയ വിപണി വിഹിതമാണ് ഉളളത്. വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, പാനൽ ടെലിവിഷനുകൾ, ഇൻവെർട്ടർ എയർ കണ്ടീഷണറുകൾ, മൈക്രോവേവ് എന്നിവയുൾപ്പെടെ വ്യത്യസ്ത ഉൽപ്പന്ന വിഭാഗങ്ങളില്‍ ഇന്ത്യയില്‍ എൽ‌ജി ഇലക്ട്രോണിക്സ് മാർക്കറ്റ് ലീഡറാണ്.

ഇന്ത്യയിലുടനീളം വിപുലമായ വിതരണ, വിൽപ്പനാനന്തര സേവന ശൃംഖല കമ്പനിയുടെ മറ്റൊരു നേട്ടമാണ്. കമ്പനിയുടെ വിൽപ്പന ശൃംഖലയിൽ 35,640 ബി2സി കേന്ദ്രങ്ങള്‍ ഉൾപ്പെടുന്നു. പ്രധാന ഷോപ്പിംഗ് ഏരിയകളിൽ തന്ത്രപരമായി സ്ഥിതി ചെയ്യുന്ന എൽജി ബ്രാൻഡ്‌ഷോപ്പുകൾ, റിലയൻസ് റീട്ടെയിൽ, ക്രോമ പോലുള്ള വ്യാപാര സ്റ്റോറുകൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, പരമ്പരാഗത സ്റ്റോറുകൾ, വിതരണക്കാർ, സബ്-ഡീലർമാർ എന്നിവയടക്കം വിപുലമായ സംവിധാനമാണ് എല്‍ജിക്കുളളത്. നോയിഡയിലും പൂനെയിലും രണ്ട് നിർമ്മാണ യൂണിറ്റുകളും കമ്പനി പ്രവർത്തിപ്പിക്കുന്നു

2024 സാമ്പത്തിക വര്‍ഷത്തില്‍ വിപണി വിഹിത വരുമാനത്തില്‍ ആഗോളതലത്തില്‍ സിംഗിൾ ബ്രാൻഡ് എന്ന നിലയില്‍ മുൻനിരയിലാണ് ഗൃഹോപകരണ നിർമ്മാതാക്കളായ എൽജി ഇലക്ട്രോണിക്സ്. ആഗോളതലത്തിലുളള എൽജി ബ്രാൻഡിന്റെ അംഗീകാരം ഇന്ത്യന്‍ വിഭാഗത്തിനെ മികച്ച ഉപയോക്തൃ വിശ്വാസവും വിപണി വിഹിതവും കരസ്ഥമാക്കാന്‍ സഹായിക്കുന്നു.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

LG Electronics India IPO opens tomorrow with strong grey market demand, but investors should note key financial risks.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com