Begin typing your search above and press return to search.
കിംഗ്‌സ് ഇന്‍ഫ്രയുടെ രണ്ടാംപാദ ലാഭം 78% കുതിച്ചു; വരുമാന വളര്‍ച്ച 50%
കേരളം ആസ്ഥാനമായ പ്രമുഖ സാങ്കേതിക വിദ്യാധിഷ്ഠിത മത്സ്യക്കൃഷി, സമുദ്രോത്പന്ന കമ്പനിയായ കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വേഴ്‌സ് നടപ്പുവര്‍ഷത്തെ (2023-24) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ പുറത്തുവിട്ടത് മികച്ച പ്രവര്‍ത്തനഫലം.
കമ്പനിയുടെ വരുമാനം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 14.14 കോടി രൂപയില്‍ നിന്ന് 50.1 ശതമാനം വര്‍ധിച്ച് 21.23 കോടി രൂപയിലെത്തി. പലിശ, നികുതി തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ) 2.23 കോടി രൂപയില്‍ നിന്ന് 76 ശതമാനം ഉയര്‍ന്ന് 3.92 കോടി രൂപയായി.
എബിറ്റ്ഡ മാര്‍ജിന്‍ 15.77 ശതമാനത്തില്‍ നിന്ന് 18.47 ശതമാനത്തിലേക്ക് മെച്ചപ്പെട്ടതും കമ്പനിക്ക് കരുത്താണ്. 2.15 കോടി രൂപയാണ് കഴിഞ്ഞപാദത്തില്‍ കമ്പനിയുടെ ലാഭം. കഴിഞ്ഞവര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തിലെ 1.21 കോടി രൂപയേക്കാള്‍ 76 ശതമാനമാണ് വര്‍ധന. ഓരോ ഓഹരിയില്‍ നിന്നുള്ള നേട്ടം അഥവാ ഇ.പി.എസ് (EPS) 0.52 രൂപയില്‍ നിന്ന് 79 ശതമാനം വര്‍ധിച്ച് 0.93 രൂപയായി.
ഓഹരി നഷ്ടത്തില്‍
ഇന്നലെ വൈകിട്ടാണ് കമ്പനി പ്രവര്‍ത്തനഫലം പുറത്തുവിട്ടത്. ഇന്ന് 0.69 ശതമാനം താഴ്ന്ന് 137.05 രൂപയിലാണ് ബി.എസ്.ഇയില്‍ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്.
പ്രമുഖ ഓഹരി നിക്ഷേപകനായിരുന്ന (Value Investor), അന്തരിച്ച രാകേഷ് ജുന്‍ജുന്‍വാലയുടെ സഹോദരന്‍ രാജേഷ് ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപമുള്ള കമ്പനിയാണ് കിംഗ്‌സ് ഇന്‍ഫ്ര. 1.02 ശതമാനം ഓഹരി പങ്കാളിത്തമാണ് അദ്ദേഹത്തിനുള്ളത്.
Next Story
Videos