

ബംഗ്ലാദേശിന് മേല്‍ 35 ശതമാനം താരിഫ് പ്രഖ്യാപിച്ച് യു.എസ് ഉത്തരവ് വന്നതോടെ ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ കമ്പനികളുടെ ഓഹരി വിലയില്‍ കുതിപ്പ്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് അടക്കം വസ്ത്ര നിര്‍മാണ രംഗത്തെ വമ്പന്മാരുടെയെല്ലാം ഓഹരിവില എട്ടു ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്.
ആഗോള ടെക്‌സ്‌റ്റൈല്‍ രംഗത്തെ മുന്‍നിര കയറ്റുമതിക്കാരാണ് ബംഗ്ലാദേശ്. അവരുടെ വിദേശനാണ്യത്തിന്റെ 80 ശതമാനവും ടെക്‌സ്റ്റൈല്‍ കയറ്റുമതിയില്‍ നിന്നാണ്. താരിഫ് വര്‍ധിപ്പിച്ചതോടെ ടെക്‌സ്‌റ്റൈല്‍ രംഗത്ത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് മത്സരിക്കാന്‍ ബംഗ്ലാദേശിനുള്ള സാധ്യത കുറയും. രാഷ്ട്രീയ അസ്ഥിരത മൂലം അടുത്തിടെ ബംഗ്ലാദേശില്‍ നിരവധി കമ്പനികള്‍ പൂട്ടിയിരുന്നു. വിദേശ ഓര്‍ഡറുകള്‍ കുറഞ്ഞതും തിരിച്ചടിയായി.
ഇന്ന് ഉച്ചയ്ക്ക് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരിവില നാല് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു. മുന്‍ വര്‍ഷം മാര്‍ച്ചിലേക്കാള്‍ വരുമാനം ഇരട്ടിയായി ഉയര്‍ത്താന്‍ കഴിഞ്ഞ പാദത്തില്‍ കിറ്റെക്‌സിന് സാധിച്ചിരുന്നു. ജൂണില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ ലാഭം ഉയരുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇതും ഓഹരിവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
മറ്റ് പ്രമുഖ ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ കമ്പനികളായ ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്ട്‌സ്, കെ.പി.ആര്‍ മില്‍, വര്‍ധമാന്‍ ടെക്‌സ്റ്റയില്‍സ്, അരവിന്ദ് ലിമിറ്റഡ് എന്നിവയുടെ ഓഹരിവിലയും ഉയര്‍ന്നിട്ടുണ്ട്.
മുമ്പ് ബംഗ്ലാദേശിനു മേല്‍ ചുമത്തിയിരുന്നത് 37 ശതമാനം താരിഫ് ആയിരുന്നു. പുതിയ നിരക്കുപ്രകാരം ഇത് 35 ശതമാനമാണ്. ചെറിയ കുറവു വരുത്തിയെങ്കിലും ബംഗ്ലാദേശിനെ സംബന്ധിച്ച് താങ്ങാവുന്നതല്ല ഇത്. ചര്‍ച്ചകള്‍ക്ക് ഇനിയും സമയമുണ്ടെന്ന് യു.എസ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ബംഗ്ലാദേശിനെക്കാള്‍ കുറഞ്ഞ താരിഫാണ് ഇന്ത്യയ്ക്ക് ചുമത്തിയിരിക്കുന്നത്. ടെക്‌സ്റ്റൈല്‍ വ്യവസായത്തിനായി വലിയ പദ്ധതികള്‍ പ്രഖ്യാപിച്ചതും ബംഗ്ലാദേശിലെ ഓര്‍ഡറുകള്‍ ഇന്ത്യന്‍ കമ്പനികളിലേക്ക് വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine