കിറ്റെക്‌സിലെ മാറ്റം ഓഹരി ഉടമകള്‍ക്ക് അവസരമോ, വെല്ലുവിളിയോ? കോര്‍പറേറ്റ് പുനഃസംഘടന അന്തിമ ഘട്ടത്തിലേക്ക്, വിശദാംശങ്ങള്‍ ഇങ്ങനെ

കിറ്റെക്സ് ചിൽഡ്രൻസ്‍‍വെയറിന്റെ 99.7 ശതമാനം ഓഹരികളും പ്രൊമോട്ടറായ സാബു എം. ജേക്കബിന്റെ കൈവശമാണുള്ളത്. അതിനാൽ പുതുതായി ഇഷ്യൂ ചെയ്യുന്ന കിറ്റെക്സ് ​ഗാർമെന്റ്സിന്റെ ഓഹരികളുടെ ഭൂരിഭാഗവും അദ്ദേഹത്തിനാണ് ലഭിക്കുക
Kitex Group Corporate Restructuring
സാബു എം ജേക്കബ്, സി.എം.ഡി, കിറ്റെക്സ് ​ഗാർമെന്റ്സ്
Published on

കിറ്റെക്സ് ഗ്രൂപ്പിന്റെ പ്രധാന വസ്ത്രനിർമ്മാണ പ്രവർത്തനങ്ങൾ ലിസ്റ്റഡ് കമ്പനിയായ കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡിന്റെ (BSE: 521248, NSE: KITEX) കീഴിൽ കേന്ദ്രീകരിക്കുന്ന വലിയൊരു കോർപറേറ്റ് പുനഃസംഘടന നടപടികൾ അന്തിമഘട്ടത്തിലേക്ക്. അൺലി​സ്റ്റഡ് കമ്പനിയും കിറ്റെക്സ് ​​​ഗ്രൂപ്പിന്റെ പ്രൊമോട്ടറുമായ സാബു എം ജേക്കബിന്റെ ഏറെക്കുറെ പരിപൂർണ ഉടമസ്ഥതയിലുമുള്ള കിറ്റെക്സ് ചിൽഡ്രൻസ്‍‍വെയർ ലിമിറ്റഡിന്റെ (KCL) ശിശുവസ്ത്ര നിർമ്മാണ യൂണിറ്റും അനുബന്ധ ഓഹരികളും കിറ്റെക്സ് ​ഗാർമെന്റ്സിലേക്ക് മാറ്റുന്നതിനുള്ള കോർപറേറ്റ് നടപടികൾക്ക് (Scheme of Arrangement) ഓഹരി ഉടമകളുടെ അം​ഗീകാരം ലഭിച്ചു.

ദേശീയ കമ്പനി നിയമകാര്യ ട്രൈബ്യൂണലിന്റെ (NCLT) കൊച്ചി ബെഞ്ചിന്റെ മേൽനോട്ടത്തിൽ ജൂലൈ 24-ന് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിൽ ഭൂരിഭാ​ഗം ഓഹരി ഉടമകളും ഈ കോർപറേറ്റ് പുനഃസംഘടനയെ അം​ഗീകരിച്ചിട്ടുണ്ട്. കിറ്റെക്സ് ​ഗാർമെന്റ്സിൽ പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം, വസ്ത്ര നിർമാണവുമായി ബന്ധപ്പെട്ട് ​ഗ്രൂപ്പിന് കീഴിലുള്ള ബിസിനസ് പ്രവർത്തനങ്ങൾ ഒരു കുടക്കീഴിലേക്ക് കൊണ്ടുവരാനുമാണ് ഈ നീക്കത്തിലൂടെ കിറ്റെക്സ് ​ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

ലയനമല്ല, ആസ്തി കൈമാറ്റം

കിറ്റെക്സ് ഗാർമെന്റ്സും കിറ്റെക്സ് ചിൽഡ്രൻസ്‍വെയറും തമ്മിലുള്ള പൂർണ്ണമായ ഒരു ലയനമല്ല (Merger), നിർദിഷ്ട കോർപറേറ്റ് ക്രമീകരണത്തിലൂടെ അരങ്ങേറുന്നത്. മറിച്ച്, കിറ്റെക്സ് ചിൽഡ്രൻസ്‍വെയറിന്റെ ശിശുവസ്ത്ര നിർമ്മാണ യൂണിറ്റ്, അതിന്റെ എല്ലാ ആസ്തികളും ബാധ്യതകളും ജീവനക്കാരും ലൈസൻസുകളും സഹിതം ലിസ്റ്റഡ് കമ്പനിയായ കിറ്റെക്സ് ​ഗാർമെന്റ്സിന് കൈമാറുകയാണ് ചെയ്യുന്നത്.

ഇതിനുപുറമേ, കിറ്റെക്സ് ചിൽഡ്രൻസ്‍വെയറിന്റെ പക്കലുള്ള കിറ്റെക്സ് അപ്പാരൽ പാർക്സിലെ 30 ശതമാനം ഓഹരികളും കിറ്റെക്സ് യു.എസ്.എ എൽ.എൽ.സി.യിലെ 50 ശതമാനം ഓഹരികളും കൂടി കിറ്റെക്സ് ​ഗാർമെന്റ്സിലേക്ക് കൈമാറും. നിലവിൽ ഈ കമ്പനികളിലെ ബാക്കി ഓഹരികൾ കിറ്റെക്സ് ​ഗാർമെന്റ്സിന്റെ പക്കലുള്ളതിനാൽ, പുനഃസംഘടന പൂർത്തിയാകുന്നതോടെ ഈ രണ്ട് സ്ഥാപനങ്ങളുടെയും 100 ശതമാനം ഉടമസ്ഥത ലിസ്റ്റഡ് കമ്പനിയായ കിറ്റെക്സ് ​ഗാർമെന്റ്സിന് സ്വന്തമാകും.

പണമിടപാടില്ല; ഷെയർ സ്വാപ്പ് അനുപാതം

ഓഹരി കൈമാറ്റം വഴിയാണ് (Share Swap) കിറ്റെക്സ് ​ഗ്രൂപ്പിനുള്ളിലെ ഈ ഇടപാട് നടക്കുന്നത്. പണമായി യാതൊരു തുകയും കൈമാറുന്നില്ല.

  • ഷെയർ സ്വാപ്പ് അനുപാതം (Swap Ratio): കിറ്റെക്സ് ചിൽഡ്രൻസ്‍‍വെയറിന്റെ കൈവശമുള്ള ഓരോ 100 ഓഹരികൾക്കും (ഫേസ് വാല്യൂ 100 രൂപ), കിറ്റെക്സ് ​ഗാർമെന്റ്സിന്റെ 9,706 പുതിയ ഓഹരികൾ (ഫേസ് വാല്യൂ 1 രൂപ) നൽകും.

  • ഓഹരി വിതരണം: ഇതിലൂടെ കിറ്റെക്സ് ​ഗാർമെന്റ്സിന്റെ ആകെ ഓഹരികളുടെ എണ്ണം 19.95 കോടിയിൽ നിന്ന് 29.17 കോടിയായി ഉയരും. അതായത്, ഏകദേശം 9.22 കോടി പുതിയ ഓഹരികൾ (46 ശതമാനം വർദ്ധനവ്) കമ്പനി പുതുതായി ഇഷ്യൂ ചെയ്യുകയാണെന്ന് സാരം.

പ്രൊമോട്ടർ നിയന്ത്രണം ശക്തമാകും

കിറ്റെക്സ് ചിൽഡ്രൻസ്‍‍വെയറിന്റെ 99.7 ശതമാനം ഓഹരികളും പ്രൊമോട്ടറായ സാബു എം. ജേക്കബിന്റെ കൈവശമാണുള്ളത്. അതിനാൽ പുതുതായി ഇഷ്യൂ ചെയ്യുന്ന കിറ്റെക്സ് ​ഗാർമെന്റ്സിന്റെ ഓഹരികളുടെ ഭൂരിഭാഗവും അദ്ദേഹത്തിനാണ് ലഭിക്കുക.

ഇതോടെ, കിറ്റെക്സ് ​ഗാർമെന്റ്സിൽ പ്രൊമോട്ടർ ഗ്രൂപ്പിന്റെ നേരിട്ടുള്ള ഓഹരി വിഹിതം 40.7 ശതമാനത്തിൽ നിന്ന് 59.46 ശതമാനമായി ഉയരും. പൊതുജനങ്ങളുടെ ഓഹരി (Public Shareholding) വിഹിതം 43.34 ശതമാനത്തിൽ നിന്ന് 29.65 ശതമാനമായി കുറയും. കിറ്റെക്സ് ചിൽഡ്രൻസ്‍‍വെയറിന്റെ പക്കലുള്ള കിറ്റെക്സ് ​ഗാർമെന്റ്സ് ഓഹരികൾ കൂടി കണക്കാക്കുമ്പോൾ, പ്രൊമോട്ടർ അനുബന്ധ പങ്കാളിത്തം 70.35 ശതമാനമായി വർധിക്കും.

പുനഃസംഘടനയുടെ ലക്ഷ്യങ്ങൾ

കിറ്റെക്സ് ചിൽഡ്രൻസ്‍‍വെയറിന്റെ വരുമാനത്തിന്റെ 100 ശതമാനവും, അറ്റാദായത്തിന്റെ 96.7 ശതമാനവും നൽകിയിരുന്ന പ്രധാന ബിസിനസ് ആണ് കിറ്റെക്സ് ​ഗാർമെന്റ്സിലേക്ക് മാറുന്നത്. കൈമാറ്റത്തിന് ശേഷം കിറ്റെക്സ് ചിൽഡ്രൻസ്‍‍വെയർ ഒരു ഹോൾഡിംഗ് കമ്പനിയായി തുടരുകയും അതിന്റെ ഭൂമി, കെട്ടിടങ്ങൾ തുടങ്ങിയ ആസ്തികൾ നിലനിർത്തുകയും ചെയ്യും. സമാനമായ ബിസിനസുകൾ ഏകോപിപ്പിക്കുക, പ്രവർത്തനക്ഷമത വർധിപ്പിക്കുക, ചെലവുകൾ കുറയ്ക്കുക, ഭാവി വികസനങ്ങൾക്കായി വലിയ തോതിൽ മൂലധനം സമാഹരിക്കുക എന്നിവയാണ് ഈ ഏകീകരണത്തിലൂടെ കിറ്റെക്സ് ​ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

നിലവിലെ ഓഹരി ഉടമകൾ അറിയേണ്ടത്

കിറ്റെക്സ് ​ഗാർമെന്റ്സിന്റെ നിലവിലെ ചെറുകിട നിക്ഷേപകർക്ക് (Retail Investors) കിറ്റെക്സ് ചിൽഡ്രൻസ്‍വെയറുമായുള്ള ലയന നീക്കം അവസരങ്ങളും വെല്ലുവിളികളും ഉയർത്തുന്നുണ്ട്:

  • അനുകൂല ഘടകങ്ങൾ: കമ്പനിയുടെ നിർമ്മാണ ശേഷിയും വരുമാന അടിത്തറയും വലുതാകുന്നു. രണ്ട് പ്രധാന ഉപകമ്പനികളുടെ പൂർണ്ണ ഉടമസ്ഥത ലഭിക്കുന്നത് ദീർഘകാല വളർച്ചയ്ക്ക് ഗുണകരമാകും.

  • ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: 9 കോടിയിലധികം പുതിയ ഓഹരികൾ വിപണിയിലെത്തുന്നതോടെ (Equity Dilution) നിലവിലെ നിക്ഷേപകരുടെ ഓഹരി വിഹിതത്തിന്റെ ശതമാനത്തിൽ കുറവുണ്ടാകും. കൂടാതെ പബ്ലിക് ഫ്ലോട്ട് (Public float) ചുരുങ്ങുകയും പ്രൊമോട്ടർ കൈവശം വെക്കുന്ന ഓഹരി വിഹിതം കൂടുകയും ചെയ്യും.

അതേസമയം, കിറ്റെക്സ് ​​ഗാർമെന്റ്സിന്റെ ഓ​ഹരി മൂലധനത്തിൽ (Equity Capital) ഉണ്ടാകുന്ന 46 ശതമാനം വർധനവിന് ആനുപാതികമായി ലാഭവും പണലഭ്യതയും (Cash flow) ഉറപ്പാക്കാൻ വിപുലീകരിക്കപ്പെട്ട പുതിയ ബിസിനസിന് സാധിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ചെറുകിട നിക്ഷേപകർക്കുള്ള യഥാർത്ഥ നേട്ടം കര​ഗതമാകുന്നത്. തിങ്കളാഴ്ചത്തെ (ജൂലൈ 27) വ്യാപാരത്തിനൊടുവിൽ ഒരു ശതമാനം നേട്ടത്തോടെ 148 രൂപയിലാണ് കിറ്റെക്സ് ​ഗാർമെന്റ്സ് ഓഹരിയുടെ ക്ലോസിം​ഗ് കുറിച്ചത്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com