ഓഹരിയില്‍ അറിഞ്ഞ് നിക്ഷേപിക്കാം, നേട്ടം കൊയ്യാം

കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടെ ഇന്ത്യന്‍ സാമ്പത്തിക രംഗം 10 ശതമാനമെന്ന ശരാശരി വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. സമാന കാലയളവില്‍ നിഫ്റ്റി 50 സൂചികയിലെ കമ്പനികള്‍ നല്‍കിയ നേട്ടം പ്രതിവര്‍ഷം 12 ശതമാനവും. അതായത്, നിഫ്റ്റി 50ല്‍ 2012 ഡിസംബറില്‍ ഒരാള്‍ 100 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ അത് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മൂന്ന് മടങ്ങിലേറെ വളര്‍ച്ച നേടുമായിരുന്നു.

ഇന്ത്യന്‍ നിക്ഷേപകരുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ മാര്‍ഗങ്ങളായ സ്വര്‍ണവും സ്ഥിരനിക്ഷേപവും ഇക്കാലയളവില്‍ യഥാക്രമം 6.1%, 7% നേട്ടമാണ് നല്‍കിയത്. അതേസമയം ഈ കാലഘട്ടത്തില്‍ രാജ്യത്തെ ശരാശരി നാണ്യപ്പെരുപ്പം 5.4 ശതമാനമായിരുന്നു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകും ഓഹരികള്‍ മാത്രമാണ്, നാണ്യപ്പെരുപ്പത്തെ മറികടന്നുള്ള അര്‍ത്ഥവത്തായ നേട്ടം സമ്മാനിക്കുകയും നിക്ഷേപകരുടെ സമ്പത്ത് വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുന്നത്.

എന്നിരുന്നാലും, ഇപ്പോഴും ഇന്ത്യയിലെ ബഹുഭൂരിപക്ഷം നിക്ഷേപകര്‍ക്കും ഓഹരി വിപണിയില്‍ എങ്ങനെ നിക്ഷേപം നടത്തണമെന്നതിനെ കുറിച്ച് കൃത്യമായ ധാരണയില്ല. ''തെറ്റായ നേരത്ത് നിക്ഷേപം നടത്തുന്നതിലൂടെയോ ശരിയല്ലാത്ത പോര്‍ട്ട്‌ഫോളിയോ തിരഞ്ഞെടുക്കുന്നതിലൂടെയോ ഓഹരി വിപണി സമ്മാനിക്കുന്ന പലമടങ്ങ് നേട്ടം സ്വന്തമാക്കാന്‍ നിക്ഷേപകരില്‍ വലിയൊരു ശതമാനത്തിന് സാധിക്കുന്നില്ല''-മാഴ്സലസ് ഇന്‍വെസ്റ്റ്മെന്റ് മാനേജറിന്റെ സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറുമായ സൗരഭ് മുഖര്‍ജി പറയുന്നു.

മാര്‍ഗനിര്‍ദേശങ്ങള്‍ക്കുള്ള അവസരം

ഓഹരി നിക്ഷേപം എത്രമാത്രം ലളിതമാക്കാന്‍ പറ്റുമോ അത്രമാത്രം ലളിതമാക്കുകയാണ് മാഴ്സലസ് ഇന്‍വെസ്റ്റ്മെന്റിന്റെ ലക്ഷ്യമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. അതുപോലെ തന്നെ ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപത്തില്‍ തുടരാനുള്ള വഴികളും ഇവര്‍ നിര്‍ദേശിക്കുന്നു. നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ ഓഹരികള്‍ തിരഞ്ഞെടുക്കുകയെന്നത് തുല്യപ്രാധാന്യമുള്ള കാര്യമാണ്.

എങ്ങനെ ഓഹരി വിപണിയില്‍ നിക്ഷേപിക്കണം? എങ്ങനെ മികച്ച ഓഹരികള്‍ കണ്ടെത്താം? ഓഹരി വിപണിയുടെ മാജിക്കെന്താണ് എന്നൊക്കെ വെളിപ്പെടുത്തുന്ന പുസ്തകങ്ങളും സൗരഭ് മുഖര്‍ജി പ്രസിദ്ധീകരിച്ചിട്ടുണ്ട്. Coffee Can Investing, Diamonds in the Dust എന്നിവയെല്ലാം പ്രതിപാദിക്കുന്നത് ഈ കാര്യങ്ങളാണ്. ന്യായമായ വിലയില്‍ ലഭിക്കുന്ന, തട്ടിപ്പും വെട്ടിപ്പുമില്ലാത്ത, കരുത്തുറ്റ ബാലന്‍സ് ഷീറ്റുള്ള കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ചാല്‍ ദീര്‍ഘകാലത്തേക്ക് അത് നിക്ഷേപകര്‍ക്ക് നേട്ടമാവുക തന്നെ ചെയ്യുമെന്ന് അഭിപ്രായപ്പെടുന്ന സൗരഭ് മുഖര്‍ജിയില്‍ നിന്ന് നിക്ഷേപ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാനുള്ള അവസരം ധനം ഒരുക്കുകയാണ്.

ഓഹരിയില്‍ നിക്ഷേപിച്ചുകൊണ്ട് എങ്ങനെ സമ്പത്ത് സൃഷ്ടിക്കാം? ഓഹരി വിപണിയില്‍ സമയത്തിനുള്ള പ്രാധാന്യമെന്താണ്? തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഓഹരി നിക്ഷേപ ബോധവല്‍ക്കരണ ക്ലാസ് ഒക്ടോബര്‍ അവസാനത്തോടെ നടത്താനാണ് ധനം നിശ്ചയിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 90725 70060.

Related Articles
Next Story
Videos
Share it