ആറ് മാസം; 9 രൂപയിൽ നിന്നും 48ലേക്ക് കുതിച്ചുയർന്നു; ഈ ഓഹരി ട്രെൻഡിങ്ങാകാൻ കാരണമെന്ത്?

കഴിഞ്ഞ ആറ് മാസത്തിനിടെ ഹെൽത്ത്കെയർ മേഖലയിൽ നിന്നുള്ള ഈ കുഞ്ഞൻ ഓഹരിയിൽ 430 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. കമ്പനി കടബാധ്യത കുറച്ചതും പ്രിവന്റീവ് ഹെൽത്ത്കെയർ മേഖലയിലേക്ക് കടന്നതും ഓഹരി കുതിപ്പിന് തുണയേകി.
stock market rally
image credit : canva
Published on

അവസരങ്ങൾ കണ്ടെത്തി യഥാസമയം ആരംഭിക്കുന്ന പുതിയ പദ്ധതികൾക്ക് കമ്പനിയുടെ ​വളർച്ചയിലും മൊത്തത്തിലുള്ള ബിസിനസ് പ്രകടനത്തിലും ക്രിയാത്മകമായ സ്വാധീനം ചെലുത്താൻ കഴിയുന്നതാണ്. പുതിയ ഉത്പന്നങ്ങൾ, പ്രവർത്തനക്രമം പരിഷ്കരിക്കുക, വിപണി കേന്ദ്രീകൃത തന്ത്രങ്ങൾ, ജീവനക്കാരുടെ നൈപുണി വികസനം എന്നിങ്ങനെ കമ്പനി ആവിഷ്കരിക്കുന്ന പുതിയ സംരംഭങ്ങളൊക്കെ ഉചിതമായി നടപ്പിലാക്കിയാൽ കാര്യക്ഷമത മെച്ചപ്പെടുന്നതും വിപണി വിഹിതം ഉയരുന്നതും മുതൽ ലാഭക്ഷമത വർധിക്കുന്നത് വരെയുള്ള ​ഗുണഫലങ്ങൾ തേടിയെത്താം.

ഇത്തരത്തിൽ പുതിയതായി അവതരിപ്പിക്കുന്ന സംരംഭങ്ങളിലൂടെ പോസിറ്റീവായ മാറ്റങ്ങൾ കമ്പനിക്ക് ലഭിക്കുമെന്ന വിലയിരുത്തലുണ്ടെങ്കിൽ അതിന്റെ ഓഹരി വിലയും തിളങ്ങേണ്ടുന്നതാണ്. സമാനമായി പ്രവർത്തന മേഖലയായ ഹെൽത്ത്കെയർ സേവനങ്ങളിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ സന്നിവേശിപ്പിച്ചതോടെ സമീപകാലത്ത് ട്രെൻഡിങ്ങായി മാറിയ സ്മോൾ ക്യാപ് ഓഹരിയാണ് ടേക് സൊലൂഷൻസ് (Take Solutions) ലിമിറ്റ‍ഡ് (BSE: 532890, NSE: TAKE). കഴിഞ്ഞ ആറ് മാസത്തിനിടെ ഈ കുഞ്ഞൻ ഓഹരിയിൽ 430 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്.

ടേക് സൊലൂഷൻസ്

ഹെൽത്ത്കെയർ അനുബന്ധ സേവനങ്ങൾ നൽകുന്ന സ്മോൾ ക്യാപ് കമ്പനിയാണ് ടേക് സൊലൂഷൻസ് ലിമിറ്റഡ്. കഴി‍ഞ്ഞ ഏതാനും വർഷങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും അതു തരണം ചെയ്യാനും സാധിച്ചു. കമ്പനിയുടെ കടബാധ്യത വലിയ തോതിൽ കുറച്ചിട്ടുണ്ട്. ഇതിനിടെ കമ്പനിയിൽ പ്രൊമോട്ടറുടെ ഓഹരി വിഹിതം നാമമാത്രമായി ചുരുങ്ങി. നിലവിൽ ടേക് സൊലൂഷൻസിന്റെ 99 ശതമാനം ഓഹരികളും റീട്ടെയിൽ നിക്ഷേപകരുടെ പക്കലാണുള്ളത്. ഏകദേശം 710 കോടി രൂപയാണ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം.

ഓഹരിയുടെ പ്രകടനം

മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന 2018-19 കാലഘട്ടത്തിൽ 200 രൂപ നിലവാരത്തിൽ വ്യാപാരം ചെയ്യപ്പെട്ടിരുന്ന ഓഹരി കമ്പനി പ്രതിസന്ധിയിൽ അകപ്പെട്ടതിനെ തുടർന്ന് 2022-ഓടെ ടേക് സൊലൂഷൻസ് ഓഹരിയുടെ വില 20 രൂപ നിലവാരത്തിനും താഴേക്ക് പതിച്ചു. എന്നാൽ കമ്പനിയുടെ കടബാധ്യത ​ഗണ്യമായി കുറച്ചുകൊണ്ടുവന്നതോടെ കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഓഹരിയിൽ വൻ മുന്നേറ്റം പ്രകടമാണ്.

2025 ഓ​ഗ​സ്റ്റ് മാസം തുടക്കത്തിൽ 9 രൂപ നിലവാരത്തിൽ നിന്നിരുന്ന ടേക് സൊലൂഷൻസ് ഓഹരി ഇപ്പോൾ 48 രൂപയിലേക്ക് മുന്നേറി. അതായത് കഴിഞ്ഞ ആറ് മാസത്തിനിടെ ഈ സ്മോൾ ക്യാപ് ഓഹരിയിൽ 430 ശതമാനത്തോളം നേട്ടം കരസ്ഥമാക്കിയെന്ന് സാരം.

എന്തുകൊണ്ട് മുന്നേറ്റം?

കടബാധ്യതയുടെ തലവേദന ഏറെക്കുറെ പരിഹരിച്ചതോടെയാണ് ടേക് സൊലൂഷൻസ് ഓഹരി നിലകണ്ടെത്തി തിരികെ കയറാൻ ആരംഭിച്ചത്. അടുത്തിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത നൂതന രോ​ഗനിർണയ സംവിധാനങ്ങൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തുകൊണ്ട് രാജ്യത്ത് അതിവേ​ഗം വളർന്നുകൊണ്ടിരിക്കുന്ന പ്രിവന്റീവ് ഹെൽത്ത്കെയർ മേഖലയിൽ മുന്നേറാനുള്ള പരിശ്രമത്തിലാണ്. ഇതിന്റെ ഭാ​ഗമായി 'വൺ മിനിറ്റ് ക്ലിനിക്' എന്ന ആശയം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

കൂടുതൽ ഇന്റ​ഗ്രേറ്റഡ് സ്മാർട്ട് ഹെൽത്ത് യൂണിറ്റുകൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യാൻ കമ്പനി ആലോചിക്കുന്നുണ്ടെന്നും പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്ന ടേക് സൊലൂഷൻസിന്റെ ഡയറക്ടർ പർവേശ്വർ ധാം​ഗ്രേ പറഞ്ഞു. ഇത്തരം പദ്ധതികളുടെ പ്രഖ്യാപനങ്ങളുമാണ് ടേക് സൊലൂഷൻസ് ഓഹരിയുടെ മുന്നേറ്റത്തിന് പിന്നിലെന്നാണ് പൊതുവായ വിലയിരുത്തൽ.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com