പവന്‍ വില ലക്ഷത്തിനരികെ! സ്വര്‍ണം വാങ്ങുന്നോ? 2 ലക്ഷത്തിന്റെ രണ്ട് കണക്കും ബില്ലിലെ അഞ്ച് വിവരങ്ങളും അറിയാം

പാന്‍ രേഖപ്പെടുത്തേണ്ടത് എപ്പോള്‍, പണമായി നല്‍കാവുന്ന തുക എത്ര, പണിക്കൂലിക്ക് ജിഎസ്ടി എങ്ങനെ കണക്കാക്കും? ജ്വല്ലറിയില്‍ പണം കൊടുക്കും മുമ്പ് അറിയേണ്ട കാര്യങ്ങള്‍
gold ring
gold making chargecanva
Published on: 

സ്വര്‍ണം വാങ്ങിയപ്പോള്‍ ജ്വല്ലറിയില്‍ ബില്‍ കൃത്യം രണ്ടു ലക്ഷം രൂപ വന്നാല്‍ എന്തു ചെയ്യും? ഈ വാങ്ങലിന് പാന്‍ രേഖപ്പെടുത്താനുള്ള തുകപരിധി കടന്നിട്ടില്ല. പക്ഷേ, 2 ലക്ഷം മുഴുവനായി പണമായി സ്വീകരിക്കാന്‍ ജ്വല്ലറിക്ക് അനുവാദമില്ല. ഒരേ തുകയെ പരാമര്‍ശിക്കുന്ന രണ്ട് വ്യവസ്ഥകള്‍ക്ക് വ്യത്യസ്ത പരിധികളാണ്. സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ ബാധകമായ നിലവിലെ ചട്ടങ്ങളും ഉപഭോക്താവ് നടത്തേണ്ട പരിശോധനകളും അറിയാം.

₹2 ലക്ഷം കടന്നാല്‍ പാന്‍ രേഖപ്പെടുത്തണം

2026ലെ ആദായനികുതി ചട്ടങ്ങളിലെ വകുപ്പ് 159 പ്രകാരം, ഒറ്റ ഇടപാടില്‍ സാധനങ്ങളുടെയോ സേവനങ്ങളുടെയോ വാങ്ങല്‍ തുക 2 ലക്ഷം കടന്നാല്‍ ഇടപാടിന്റെ രേഖകളില്‍ പാന്‍ നമ്പര്‍ നല്‍കണം. സ്വര്‍ണാഭരണത്തിനും ഈ വ്യവസ്ഥ ബാധകമാണ്. 2.10 ലക്ഷത്തിന്റെ ആഭരണം കാര്‍ഡ് ഉപയോഗിച്ചോ ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയോ വാങ്ങിയാലും പാന്‍ രേഖപ്പെടുത്തണം.

കാഷ് പരിധിയില്‍ കൃത്യം ₹2 ലക്ഷവും വരും

ആദായനികുതി നിയമത്തിലെ വകുപ്പ് 186 പ്രകാരം, ഒരാളില്‍ നിന്ന് ഒരു ദിവസം മൊത്തമായോ ഒറ്റ ഇടപാടിനായോ ഒരേ ചടങ്ങുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്കായോ 2 ലക്ഷമോ അതിലധികമോ പണമായി സ്വീകരിക്കുന്നതിന് വിലക്കുണ്ട്. ഉദാഹരണത്തിന്, 2.40 ലക്ഷത്തിന്റെ ഒരേ ആഭരണത്തിന് രണ്ട് ദിവസങ്ങളിലായി 1.20 ലക്ഷം വീതം കാഷായി നല്‍കിയാലും അത് ഒറ്റ ഇടപാടാണ്. ഉയര്‍ന്ന തുകയ്ക്കുള്ള വാങ്ങലില്‍ ബാങ്ക് ട്രാന്‍സ്ഫറോ കാര്‍ഡോ ഉപയോഗിച്ചാല്‍ പണമടച്ചതിന് രേഖയും ലഭിക്കും.

ജിഎസ്ടി മൊത്തം തുകയ്ക്ക്

ചില്ലറ വില്‍പ്പനയില്‍ ആഭരണത്തിന്റെ മൊത്തം ഇടപാട് മൂല്യത്തിനാണ് 3% ജിഎസ്ടി. പണിക്കൂലി ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തിയാലും അത് നികുതി കണക്കാക്കുന്ന തുകയില്‍ ഉള്‍പ്പെടുമെന്ന് കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, സ്വര്‍ണവില 1 ലക്ഷവും പണിക്കൂലി 10,000ഉം ആണെങ്കില്‍ 1.10 ലക്ഷത്തിന്റെ 3%, അതായത് 3,300 ആണ് ജിഎസ്ടി. ഈ കണക്കില്‍ ആകെ നല്‍കേണ്ടത് 1,13,300.

'22K916' എന്താണ്?

ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണത്തില്‍ ബിഐഎസ് മുദ്ര, പരിശുദ്ധി അടയാളം, ആറ് അക്ഷര-സംഖ്യാ ചിഹ്നങ്ങളുള്ള HUID കോഡ് എന്നിവ നോക്കുക. '22K916' എന്ന അടയാളം 22 കാരറ്റിനെയും ആയിരത്തില്‍ 916 ഭാഗം സ്വര്‍ണമെന്ന പരിശുദ്ധി നിലവാരത്തെയും സൂചിപ്പിക്കുന്നു. കടയില്‍വെച്ചുതന്നെ BIS Care ആപ്പിലെ 'Verify HUID' ഉപയോഗിച്ച് കോഡ് പരിശോധിക്കാം. ആപ്പിലെ പരിശുദ്ധി വിവരവും ആഭരണത്തിലെ അടയാളവും ഒത്തുനോക്കുക.

കല്ലുള്ള ആഭരണമാണോ?

ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണത്തിന്റെ ബില്ലില്‍ ഓരോ ആഭരണത്തിന്റെയും വിവരണം, സ്വര്‍ണത്തിന്റെ നെറ്റ് തൂക്കം, കാരറ്റും ഫൈനസും രേഖപ്പെടുത്തിയ പരിശുദ്ധി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ഉണ്ടായിരിക്കണമെന്ന് ബിഐഎസ് നിര്‍ദേശിക്കുന്നു. പണിക്കൂലിയും ജിഎസ്ടിയും കൂടി ഒത്തുനോക്കുക. കല്ല് പതിച്ച ആഭരണമാണെങ്കില്‍, കല്ലിന്റെ തൂക്കം ഒഴിവാക്കി എത്ര ഗ്രാം സ്വര്‍ണമുണ്ടെന്നും കല്ലിന് എത്ര വില ഈടാക്കുന്നുവെന്നും ചോദിച്ചറിയുക.

ബില്‍ സൂക്ഷിക്കുന്നതിനും കാരണമുണ്ട്. ഹാള്‍മാര്‍ക്കില്‍ രേഖപ്പെടുത്തിയതിലും കുറഞ്ഞ പരിശുദ്ധിയാണ് പരിശോധനയില്‍ കണ്ടെത്തുന്നതെങ്കില്‍, പരിശുദ്ധിക്കുറവ് മൂലമുള്ള വിലവ്യത്യാസത്തിന്റെ ഇരട്ടിയും പരിശോധനാ ചെലവും നഷ്ടപരിഹാരമായി ലഭിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ടെന്ന് ബിഐഎസ് വ്യക്തമാക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```