സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ പുതിയ സിരീസ് ഉടൻ തുറക്കും, നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി) നിക്ഷേപത്തിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ സിരീസ് ഓഗസ്റ്റ് 22 ന് ആരംഭിക്കുകയാണ്. ഓഗസ്റ്റ് 22 മുതല്‍ 26 വരെയാകും നടക്കുക. എപ്പോഴത്തെയും പോലെ ഡിജിറ്റലായി വാങ്ങുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ അധിക കിഴിവും ലഭിക്കും.

നിലവിലെ വിപണി വിലയേക്കാളും താഴ്ന്ന നിരക്കില്‍ നിക്ഷേപകര്‍ക്ക് സ്വര്‍ണം വാങ്ങിക്കുവാന്‍ സാധിക്കുമെന്നത് മാത്രമല്ല സര്‍ക്കാരിന്റെ സുരക്ഷിതത്വത്തോടെ ഭാവിയിലേക്ക് സ്വര്‍ണ നിക്ഷേപം നടത്താം എന്നതുമാണ് സോവറിന്‍ സ്വര്‍ണ ബോണ്ടുകളുടെ പ്രത്യേകത.

സ്വര്‍ണബോണ്ടുകള്‍ (Sovereign Gold Bond)

ഭൗതിക സ്വര്‍ണത്തിന് പകരമായി പ്രവര്‍ത്തിക്കുന്ന ആര്‍.ബി.ഐ നല്‍കുന്ന സര്‍ക്കാര്‍ സെക്യൂരിറ്റികളാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. ഗ്രാം അടിസ്ഥാനത്തിലാണ് ഇവിടെ സ്വര്‍ണം അനുവദിക്കുന്നത്. ഓരോ സാമ്പത്തിക വര്‍ഷവും വിവിധ ഘട്ടങ്ങളിലായി നിക്ഷേപകര്‍ക്ക് നിക്ഷേപത്തിന് അവസരമുണ്ട്. എല്ലാ സീരീസിനും ഒരു ഇഷ്യൂ വിലയുണ്ട്. സീരീസ് സമയത്ത് ഒരാള്‍ക്ക് ബോണ്ടുകള്‍ വാങ്ങുകയോ, വില്‍ക്കുകയോ ചെയ്യാം. സീരീസ് അവസാനിച്ച ശേഷം സെക്കണ്ടറി മാര്‍ക്കറ്റിലും ഇടപാട് സാധ്യമാണ്.

ബാങ്കുകളിൽ നിന്നും വാങ്ങാം

എല്ലാ ബാങ്കുകളില്‍ നിന്നും, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എസ്എച്ച്‌സിഐഎല്‍), സ്റ്റോക്ക് മാര്‍ക്കറ്റുകള്‍, തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകള്‍, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്ഇ), ബോംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് (ബിഎസ്ഇ) എന്നിവടങ്ങളില്‍ നിന്നും ബോണ്ടുകള്‍ വാങ്ങാം. എന്നാല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, പെയ്‌മെന്റ് ബാങ്കുകള്‍ എന്നിവയ്ക്ക് എസ്ജിബി ഇഷ്യു ചെയ്യാനുള്ള അവകാശമില്ല.

4 കിലോ ഗ്രാം വരെ

ഇന്ത്യന്‍ പൗരത്വമുള്ള ആര്‍ക്കും എസ്ജിബി വാങ്ങാം. ഹിന്ദു അണ്‍-ഡിവൈഡഡ് ഫാമിലി വിഭാഗത്തിനും ട്രസ്റ്റുകള്‍ക്കും ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാം. വ്യക്തികള്‍ക്ക് 4 കിലോ ഗ്രാം വരെ ഇത്തരത്തില്‍ സ്വര്‍ണം വാങ്ങാം. എന്നാല്‍ ട്രസ്റ്റുകള്‍ക്കും മറ്റ് സമാന സ്ഥാപനങ്ങള്‍ക്കുമുള്ള പരമാവധി നിക്ഷേപ പരിധി 20 കിലോ ഗ്രാം സ്വര്‍ണമാണ്.

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പങ്കാളിത്ത ഉപയോക്താവായും വാങ്ങിക്കാവുന്നതാണ്. പ്രായ പൂര്‍ത്തിയെത്താത്ത കുട്ടികളുടെ പേരിലും സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ഇത്തരത്തില്‍ വാങ്ങാം. പ്രായ പൂര്‍ത്തിയെത്താത്ത കുട്ടികളുടെ പേരിലാണ് വാങ്ങിക്കുന്നത് എങ്കില്‍ കുട്ടിയുടെ മാതാപിതാക്കളോ രക്ഷിതാവോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. തെരഞ്ഞെടുത്ത പോസ്റ്റ്ഓഫീസുകളില്‍ ലഭ്യമാണ് ഈ സൗകര്യം. ഇത് അറിയാന്‍ അതാത് ജില്ലകളിലെ ഹെഡ് പോസ്റ്റ് ഓഫീസില്‍ അന്വേഷിക്കാം.

മെച്യുരിറ്റി കാലാവധിയും പലിശനിരക്കും

മൊത്തം 8 വര്‍ഷത്തേക്കാണ് ബോണ്ടിന്റെ കാലാവധി. നിക്ഷേപകര്‍ക്ക് അഞ്ചാം വര്‍ഷത്തിന് ശേഷം ബോണ്ടില്‍ നിന്ന് പുറത്തുകടക്കാനുള്ള ഓപ്ഷനുണ്ട്, പക്ഷേ അതിന് മുമ്പ് പുറത്തുകടക്കാന്‍ സാധിക്കില്ല. ആരംഭിച്ച് എട്ട് വര്‍ഷം വരെയുള്ള സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതികളില്‍ നിക്ഷേപകന്‍ ഏറ്റവും ചുരുങ്ങിയത് ഒരു ഗ്രാം സ്വര്‍ണമെങ്കിലും നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമാണ്. 2.5 ശതമാനമാണ് സ്വര്‍ണ ബോണ്ടുകള്‍ക്ക് ലഭിക്കുന്നപലിശ നിരക്ക്.

വില്‍ക്കുമ്പോള്‍ പണമാക്കാം

ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജൂവലേഴ്‌സ് അസോസിയേഷന്‍ ലിമിറ്റഡ് (IBJA) പ്രസിദ്ധീകരിക്കുന്ന 999 പ്യുരിറ്റിയുള്ള സ്വര്‍ണത്തിന്റെ വിലയുടെ ശരാശരിയാണ് ഇതിനായെടുക്കുക. സബ്‌സ്‌ക്രിപ്ഷന്‍ നടക്കുന്ന ആഴ്ചയിലെ മൂന്നു പ്രവര്‍ത്തി ദിവസങ്ങളിലെ സ്വര്‍ണത്തിന്റെ ക്ലോസിംഗ് വിലയുടെ ശരാശരിക്കാണ് ബോണ്ട് ഇഷ്യു ചെയ്യുക. ബോണ്ട് പണമാക്കി മാറ്റുമ്പോഴും ഐബിജെഎ ലിമിറ്റഡിന്റെ മുന്‍ മൂന്ന് ദിവസത്തെ ക്ലോസിംഗ് വിലയുടെ ശരാശരി തന്നെയാകും ലഭിക്കുക.

നികുതി അറിയണം

മെച്യൂരിറ്റിയാകുമ്പോഴുള്ള മൂലധന നേട്ടം നികുതി രഹിതമാണ്. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ക്കുള്ള മെച്ചമാണിത്.

വായ്‌പാ സൗകര്യവും

ഏതൊരു നിക്ഷേപകനും സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്മേല്‍ വായ്പാ സേവനവും ലഭ്യമാണ്. ഇഷ്യുവിന്റെ പേപ്പറുകള്‍ ആണ് ബാങ്കുകള്‍ ഇതിനായി ആവശ്യപ്പെടുക.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it