ഓഹരി നിക്ഷേപത്തിലൂടെ 2,100% നേട്ടവുമായി ഈ പൊതുമേഖല കമ്പനി

സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെ.എസ്.ഐ.ഡി.സി) വിവിധ ഓഹരികളിലെ നിക്ഷേപത്തിലൂടെ കൊയ്തത് വന്‍ നേട്ടം. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 20 ലിസ്റ്റഡ് കമ്പനികളിലാണ് നിക്ഷേപമുള്ളത്.

ബി.പി.സി.എല്‍, അപ്പോളോ ടയേഴ്‌സ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നിറ്റാ ജെലാറ്റിന്‍, യുറേക്ക ഫോബ്സ് എന്നിവയില്‍ നിന്നുള്ള നിക്ഷേപങ്ങളില്‍ നിന്ന് മികച്ച മൂലധന വര്‍ധന കൈവരിക്കാന്‍ സാധിച്ചതായി ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്‌ ചെയ്തു.

ഈ കമ്പനികളുടെ ഓഹരികള്‍ വാങ്ങാനായി ചെലവഴിച്ചത് വെറും 40 കോടി രൂപയാണ്. ഇപ്പോള്‍ ഈ ഓഹരികളുടെ മൂല്യം 900 കോടി രൂപയായി ഉയര്‍ന്നു. അതായത് 2,100 ശതമാനത്തിന്റെ വര്‍ധന.

കൂടുതല്‍ നിക്ഷേപം നിറ്റ ജെലാറ്റിനില്‍

കൊച്ചി ആസ്ഥാനമായ പ്രമുഖ വ്യാവസായിക കെമിക്കല്‍ അസംസ്‌കൃത വസ്തു നിര്‍മ്മാതാക്കളായ നിറ്റ ജെലാറ്റിനിലാണ് കെ.എസ്.ഐ.ഡിസിക്ക് കൂടുതല്‍ നിക്ഷേപമുള്ളത്. ഈ കമ്പനിയില്‍ 13.64 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയിരുന്നു. നിലവില്‍ അതിന്റെ മൂല്യം 273 കോടി രൂപയായി ഉയര്‍ന്നു.

പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ (ബി.പി.സി.എല്‍) 1966ലാണ് 33.34 ലക്ഷം രൂപക്ക് ഓഹരി വാങ്ങിയത്, ആ ഓഹരികളുടെ നിലവിലെ മൂല്യം 116.38 കോടി രൂപ.

പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളായ അപ്പോളോ ടയേഴ്‌സില്‍ 1972ല്‍ 13.71 കോടി രൂപയാണ് കെ.എസ്.ഐ.ഡി.സി നിക്ഷേപിച്ചത്. മൂല്യം നിലവില്‍ 265 കോടി രൂപയായി. ജിയോജിത് ഫിനാന്‍സില്‍ 1987ല്‍ 50 ലക്ഷം രൂപ നിക്ഷേപിച്ചത് 156.1 കോടി രൂപയായി ഉയര്‍ന്നു. ഈ കമ്പനിയില്‍ 8.36 ശതമാനം ഓഹരികള്‍ കെ.എസ്.ഐ.ഡി.സിക്കുണ്ട് .

73 കമ്പനികളില്‍ ഓഹരി

സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പടെ 73 കമ്പനികളില്‍ കെ.എസ്.ഐ.ഡി.സിക്ക് ഓഹരി നിക്ഷേപം ഉണ്ട്. ഇതിൽ 20 എണ്ണം ലിസ്റ്റഡ്‌ കമ്പനികളാണ്‌ കരിമണല്‍ ഖനന കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആൻഡ് റൂടൈലിലെ (സി.എം.ആർ.എൽ) ഓഹരി മൂല്യം 31.73 കോടി രൂപ.

യൂറേക്ക ഫോബ്സിലെ നിക്ഷേപം 2.71 കോടി രൂപയില്‍ നിന്ന് 21.86 കോടി രൂപയായി വര്‍ധിച്ചു, റബ്ഫില ഇന്റര്‍നാഷണലില്‍ 3.42 കോടി രൂപയുടെ നിക്ഷേപം 21.88 കോടി രൂപയായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (CIAL) 50 ലക്ഷം ഓഹരികള്‍ 9 കോടി രൂപക്ക് വാങ്ങിയിരുന്നു. നിലവില്‍ അവയുടെ മൂല്യം 27.4 കോടി രൂപയാണ്.

അതേസമയം, കെ.എസ്.ഐ.ഡി.സിയുടെ ചില ഓഹരി നിക്ഷേപങ്ങള്‍ നഷ്ടത്തില്‍ കലാശിച്ചിട്ടുമുണ്ട്. അതില്‍ 11 കമ്പനികളുടെ ബാലന്‍സ് ഷീറ്റ് കെ.എസ്.ഐ.ഡി.സിക്ക് ലഭിച്ചിട്ടില്ല.

Related Articles
Next Story
Videos
Share it