ഇന്ത്യയിൽ 'കൃത്രിമ' വജ്രങ്ങൾക്ക് ഡിമാൻഡ് ഏറുന്നു

പ്രകൃതിദത്ത വജ്രങ്ങളുടെ വിലയിടിവിന് ഇടയില്‍ ഈ വര്‍ഷം രാജ്യത്ത് ലാബ്-ഗ്രോണ്‍ വജ്രങ്ങളുടെ (എല്‍.ജി.ഡി) ഡിമാന്‍ഡ് ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍. ആഗോള വജ്ര, ആഭരണ വിപണിയില്‍ പലപ്പോഴും മികച്ച് നിന്നിട്ടുള്ള വ്യവസായമാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇന്ത്യന്‍ വജ്ര വ്യവസായം. എന്നാല്‍ അടുത്തിടെയുണ്ടായ ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങളും സാമ്പത്തിക തടസ്സങ്ങളും വജ്ര വിപണിയുടെ മൊത്തത്തിലുള്ള ഡിമാന്‍ഡിനെ പ്രതികൂലമായി ബാധിച്ചു.

ഇത് ഇന്ത്യയിലെ പ്രകൃതിദത്ത വജ്രങ്ങളുടെ വിലയിടിവിന് കാരണമാകുകയും കയറ്റുമതി കുറയ്ക്കുകയും ചെയ്തു. 2023ല്‍ ഇന്ത്യയുടെ വജ്ര കയറ്റുമതിയില്‍ തുടര്‍ച്ചയായ ഇടിവുണ്ടായിട്ടുണ്ട്. ജെം ആന്‍ഡ് ജുവലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ (GJEPC) റിപ്പോര്‍ട്ട് അനുസരിച്ച് 2023 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ മൊത്തം വജ്ര കയറ്റുമതി 23.8 ബില്യണ്‍ ഡോളറില്‍ (1.9 ലക്ഷം കോടി രൂപ) നിന്ന് 18.24 ബില്യണ്‍ ഡോളറായി (1.5 ലക്ഷം കോടി രൂപ) കുറഞ്ഞു.

എന്നാല്‍ പ്രകൃതിദത്ത വജ്രങ്ങള്‍ വിലയിടിവും കയറ്റുമതിയിലെ കുറവും നേരിടുന്ന ഈ സാഹചര്യത്തില്‍ രാജ്യത്തെ ലാബ് ഗ്രോണ്‍ വജ്രങ്ങള്‍ വ്യവാസയത്തിന് പ്രതീക്ഷയേകുന്നതായി വിദഗ്ധര്‍ പറയുന്നു. ആഗോള വിപണിയില്‍ ഇത്തരം വജ്രങ്ങളുടെ ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഈ വര്‍ഷം രാജ്യത്ത് ലാബ്-ഗ്രോണ്‍ വജ്രങ്ങളുടെ ഡിമാന്‍ഡ് ഉയര്‍ന്നേക്കും. 2016ല്‍ 8,400 കോടി രൂപയില്‍ താഴെയായിരുന്ന ലാബ്-ഗ്രോണ്‍ വജ്രങ്ങളുടെ വില്‍പ്പന 2023ല്‍ ഒരു ലക്ഷം കോടി രൂപയായി വര്‍ധിച്ചു. മൊത്തത്തിലുള്ള വജ്ര വിപണിയുടെ 17 ശതമാനത്തിലധികം വരുമിത്.

2021 മുതല്‍ 2022 വരെ ഇത്തരം വജ്രങ്ങളുടെ വില്‍പ്പന 38 ശതമാനം ഉയര്‍ന്നിട്ടുണ്ട്. 2023 ഏപ്രിലിനും ജൂലൈയ്ക്കും ഇടയില്‍ ലാബ്-ഗ്രോണ്‍ വജ്രങ്ങളുടെ (കട്ട് ആന്‍ഡ് പോളിഷ്ഡ്) കയറ്റുമതി 2 ലക്ഷം കാരറ്റായി ഉയര്‍ന്നു. 2030ഓടെ ലാബ്-ഗ്രോണ്‍ വജ്രങ്ങളുടെ ആവശ്യം 16 ലക്ഷം കാരറ്റിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ ഈ വജ്രങ്ങള്‍ക്ക് വര്‍ധിച്ചുവരുന്ന ആവശ്യം കയറ്റുമതി ഇടിവിന്റെ ആഘാതം ലഘൂകരിക്കുകയും വ്യവസായം മെച്ചപ്പെടുന്നതിനും സഹായിക്കുമെന്നും അവര്‍ പറയുന്നു.




Related Articles
Next Story
Videos
Share it