കേരളത്തിൽ നിന്ന് ഫിൻടെക് കമ്പനികൾ ഉയർന്നുവരാത്തത് പോരായ്മ: അനീഷ് അച്യുതൻ

കേരളം ആസ്ഥാനമായി നിരവധി ബാങ്കുകളുണ്ടെങ്കിലും ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ കാര്യമായി ആരംഭിക്കുന്നില്ലെന്നത് പോരായ്മയാണെന്ന് രാജ്യത്തെ പ്രമുഖ നിയോബാങ്കിംഗ് സ്ഥാപനമായ ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസിന്റെ സി.ഇ.ഒ അനീഷ് അച്യുതന്‍. ഉപയോക്താക്കളുടെ പണവും അവരുടെ വിവരങ്ങളും കൈകാര്യം ചെയ്യുന്നതിനാല്‍ റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ക്കനുസൃതമായി ഫിന്‍ടെക് കമ്പനികള്‍ പ്രവര്‍ത്തിക്കണമെന്നും ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് രംഗത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗമമായ ധനം ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ അദ്ദേഹം പറഞ്ഞു.

എസ്.ബി.ഐ പോലുള്ള വന്‍കിട ബാങ്കുകളുമായും ഒരേസമയം വിവിധ ബാങ്കുകള്‍ക്കും ഫിന്‍ടെക് സേവനം നല്‍കുമ്പോള്‍ ഇത്തരം നിബന്ധനകള്‍ക്ക് പ്രധാന്യമേറുന്നു. പുതുതായി തുടങ്ങുന്ന ഫിന്‍ടെക് കമ്പനികള്‍ റിസര്‍വ് ബാങ്ക് പോലുള്ള റെഗുലേറ്ററുകളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടേണ്ടതുണ്ട്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാങ്കുകളും ഫിന്‍ടെക് കമ്പനികളും സംയോജിതമായി പ്രവര്‍ത്തിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ടെക്‌നോളജി മാത്രം ഉപയോഗിച്ച് പരിഹരിക്കാനാവില്ല. ഇത്തരം കുറ്റകൃതൃങ്ങള്‍ മൊത്തത്തിലുള്ള ഫിന്‍ടെക് അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. റെഗുലേറ്ററി അധികാരികള്‍ ഉപഭോക്താവിന്റേയും ബാങ്കുകളുടേയും നന്‍മയ്ക്കായാണ് കര്‍ക്കശമായ നിബന്ധനകള്‍ കൊണ്ടുവരുന്നത്.

തുടക്കത്തില്‍ പ്രശ്‌നങ്ങള്‍ സൃഷിടിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫിന്‍ടെക് സംരംഭങ്ങള്‍ക്ക് ഗുണകരമായി വര്‍ത്തിക്കും. ഭാവിയില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പുതിയ ഫിന്‍ടെക് ഉല്‍പ്പന്നങ്ങള്‍, ഇ-വാലറ്റ്, കോ-ബ്രാന്‍ഡഡ് കാര്‍ഡുകള്‍ എന്നിവ പുറത്തിറക്കാന്‍ സാധ്യതയുണ്ട്. ഇത് ഒരേസമയം വെല്ലുവിളിയും അതേസമയം വന്‍ സാധ്യതകള്‍ക്ക് വഴിതെളിയിക്കുകയും ചെയ്യുമെന്നും അനീഷ് അച്യുതന്‍ പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it