നഷ്ടത്തില്‍ ലിസ്റ്റ് ചെയ്ത് ഈ ഓട്ടോമൊബൈല്‍ കമ്പനി ഓഹരികള്‍

വിപണി ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ ലാന്‍ഡ്മാര്‍ക്ക് കാര്‍സ് (Landmark Cars) ഓഹരികള്‍ ലിസ്റ്റ് ചെയ്തു. എന്‍എസ്ഇ, ബിഎസ്ഇ വിപണികളില്‍ 9 ശതമാനം ഡിസ്‌കൗണ്ടിലായിരുന്നു ഓഹരികളുടെ ലിസ്റ്റിംഗ്. 506 രൂപ ഇഷ്യു വിലയുള്ള ഓഹരികള്‍ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തത് 471 രൂപയ്ക്കാണ്.

9.85 ശതമാനം ഇടിഞ്ഞ് 456.15 രൂപയിലാണ് ലാന്‍ഡ്മാര്‍ക്ക് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള ഓഹരി വില 481.15 രൂപവരെ ഉയര്‍ന്നിരുന്നു. 552 കോടി രൂപയാണ് ഐപിഒയിലൂടെ കമ്പനി ലക്ഷ്യമിട്ടത്. 3.06 ഇരട്ടി സബ്സ്‌ക്രിപ്ഷന്‍ ഐപിഒ നേടിയിരുന്നു. അതേ സമയം റീട്ടെയില്‍ നിക്ഷേപകര്‍ക്കായി നീക്കിവെച്ച ഓഹരികളില്‍ വിറ്റുപോയത് 59 ശതമാനം മാത്രമാണ്.

481-506 രൂപയായിരുന്നു പ്രൈസ് ബാന്‍ഡ്. ഐപിഒയിലൂടെ ലഭിച്ച തുക ബാധ്യതകള്‍ തീര്‍ക്കുന്നതിനും മറ്റ് കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും ആവും ഉപയോഗിക്കുക. പുതിയതും പഴയതുമായ വാഹനങ്ങളുടെ വില്‍പ്പന, സര്‍വീസിംഗ്, റീപെയര്‍, സ്പെയര്‍ പാര്‍ട്ട്സ് വില്‍പ്പ, വാഹന ഇന്‍ഷുറന്‍സ് വിതരണം തുടങ്ങിയ തുടങ്ങിയ മേഖലകളില്‍ വ്യാപിച്ചു കിടക്കുന്നതാണ് ലാന്‍ഡ്മാര്‍ക്കിന്റെ ബിസിനസ്.

1998ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനിക്ക് രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലായി 112 ഔട്ട്ലെറ്റുകളാണ് ഉള്ളത്. അതില്‍ 61 എണ്ണം സെയില്‍സിന് വേണ്ടിയുള്ളതാണ്. ബാക്കിയുള്ളവ സര്‍വീസ് ആന്‍ഡ് സ്പെയര്‍ പാര്‍ട്സ് ഔട്ട്ലെറ്റുകളുമാണ്. 2021-22 സാമ്പത്തിക വര്‍ഷം 2989 കോടി രൂപ ലാഭം നേടിയ ലാന്‍ഡ്മാര്‍ക്കിന്റെ അറ്റാദായം 66 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 802 കോടി രൂപയുടെ വരുമാനം ആണ് കമ്പനി നേടിയത്. 18 കോടി ആയിരുന്നു ലാന്‍ഡ്മാര്‍ക്കിന്റെ അറ്റാദായം.

Related Articles
Next Story
Videos
Share it