

വിലയേറിയ ലോഹങ്ങളിൽ നിക്ഷേപതന്ത്രം മെനയാൻ ആഗോള തലത്തിൽ നിക്ഷേപകർ ആശ്രയിക്കുന്ന ഗോൾഡ്-സിൽവർ റേഷ്യോ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഒരു ഔൺസ് (31.1 ഗ്രാം) സ്വർണത്തിന്റെ വിലയ്ക്ക് തുല്യമാകാൻ എത്ര ഔൺസ് വെള്ളി വേണമെന്ന വെളിവാക്കുന്ന അനുപാതമായ ഗോൾഡ്-സിൽവർ റേഷ്യോ വീണ്ടും 62 നിലവാരത്തിലേക്ക് മടങ്ങിയെത്തി.
രാജ്യത്തെ പ്രധാന അസറ്റ് മാനേജ്മെന്റ് കമ്പനിയായ ടാറ്റ മ്യൂച്വൽ ഫണ്ട് ഈ മാസം പുറത്തിറക്കിയ പുതിയ റിസർച്ച് റിപ്പോർട്ടിൽ ഗോൾഡ്-സിൽവർ റേഷ്യോ 68 നിലവാരത്തിലേക്ക് വരെ ഉയരാമെന്ന് സൂചിപ്പിച്ചിരുന്നു. ആഗോള അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ സമീപ ഭാവിയിൽ വെള്ളിയേക്കാളും താരതമ്യേന ഉയർന്ന നേട്ടം സ്വർണം നൽകാൻ സാധ്യതയുണ്ടെന്നാണ് ഇതിന്റെ വ്യാഖ്യാനമെന്ന് അനലിസ്റ്റുകൾ വിലയിരുത്തി.
സ്വർണത്തിന്റെയും വെള്ളിയുടെയും ആപേക്ഷിക മൂല്യം വിലയിരുത്തുന്നതിനും വിലയേറിയ ഈ രണ്ട് ലോഹങ്ങൾക്കിടയിലെ നിക്ഷേപ അവസരങ്ങൾ കൃത്യമായി തിരിച്ചറിയുന്നതിനും വേണ്ടിയാണ് നിക്ഷേപകർ ഗോൾഡ്-സിൽവർ റേഷ്യോയെ ആശ്രയിക്കുന്നത്. സാധാരണയായി ഗോൾഡ്-സിൽവർ റേഷ്യോ ഉയരുന്നത്, വിപണിയിൽ വെള്ളിയേക്കാൾ സ്വര്‍ണം മികച്ച പ്രകടനം കാഴ്ചവെക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നതാണ്. മറിച്ച്, ഗോൾഡ്-സിൽവർ റേഷ്യോ താഴേക്ക് പോകുന്നത് സ്വർണത്തെ അപേക്ഷിച്ച് വെള്ളിയുടെ വില ഉയരുന്നതിന്റെയും ലക്ഷണമാണ്.
കഴിഞ്ഞ വർഷം സ്വർണത്തേക്കാൾ മികച്ച നേട്ടം കാഴ്ചവെച്ചത് വെള്ളിയായിരുന്നു. 2025-ൽ സ്വർണ വില 60 ശതമാനം ഉയർന്നപ്പോൾ വെള്ളി വില 120 ശതമാനത്തിന്റെ വമ്പൻ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ഇതോടെ ഗോൾഡ്-സിൽവർ റേഷ്യോ 2026 ജനുവരിയിൽ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 47-ലേക്ക് താഴ്ന്നു. എന്നാൽ വെള്ളി വിപണിയിൽ പിന്നീട് ശക്തമായ തിരുത്തൽ പ്രകടമായതോടെ വില ഇടിഞ്ഞു. തുടർന്ന് വിപണിയിൽ ഗോൾഡ്-സിൽവർ റേഷ്യോ അനുപാതം ക്രമാനുഗതമായി ഉയരുന്നതിനാണ് സാക്ഷ്യംവഹിച്ചത്.
മെയ് മാസത്തിൽ 55-ലും ജൂണിൽ 62-ലും എത്തിച്ചേർന്ന ഗോൾഡ്-സിൽവർ റേഷ്യോ, ഇപ്പോൾ അതിന്റെ ചരിത്രപരമായ ശരാശരി നിലവാരമായ 64–65 ലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. വിപണിയിൽ സ്ഥിരമായി വെള്ളിക്കുമേൽ സ്വർണം ആധിപത്യം ഉറപ്പിക്കുന്ന നിലവാരമാണിത്. 2014 മുതലുള്ള വിപണി ചരിത്രം പരിശോധിച്ചാൽ, ഈ അനുപാതം 65-ലേക്ക് അടുക്കുമ്പോഴെല്ലാം സ്വർണ വിലയിൽ വലിയ രീതിയിലുള്ള കുതിച്ചുചാട്ടം ഉണ്ടായിട്ടുള്ളതായി കാണാം.
Read DhanamOnline in English
Subscribe to Dhanam Magazine