

മലയാളിയായ ക്യാപ്റ്റല്‍ കൃഷ്ണന്‍ നായര്‍ സ്ഥാപിച്ച ലീല ഹോട്ടല്‍സ് ചെയിനിന്റെ ഉടമസ്ഥരായ ശ്ലോസ് ബാംഗളൂര്‍ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പനയക്ക് (ഐ.പി.ഒ) ഇന്ന് തുടക്കമായി. 3,500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടു നടത്തുന്ന ഐ.പി.ഒയില്‍ 2,500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 1,000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് (OFS) ഉള്‍പ്പെടുത്തിയിരിക്കുന്നത്. മേയ് 28നാണ് ഐ.പി.ഒ അവസാനിക്കുക.
10 രൂപ മുഖ വിലയുള്ള ഓഹരി ഒന്നിന് 413 രൂപ മുതല്‍ 435 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 34 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 34ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ജൂണ്‍ രണ്ടിന് ഓഹരികള്‍ എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.
ഇന്ന് രാവിലെ 11.24 വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് റീറ്റെയില്‍ ഇന്‍വെസ്‌റ്റേഴ്‌സ് 0.08 മടങ്ങും സ്ഥാപക ഇതര നിക്ഷേപകര്‍ 0.01 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്കായി മാറ്റി വച്ചതില്‍ ഇതുവരെ സബ്‌സ്‌ക്രിബപ്ഷന്‍ രേഖപ്പെടുത്തിയിട്ടില്ല.
ഐ.പി.ഒയ്ക്ക് മുന്‍പായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 1,575 കോടി രൂപ സമാഹരിച്ചിരുന്നു. എച്ച്.ഡി.എഫ്.സി ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യൽ, നിപ്പോണ്‍ ഇന്ത്യ, മിറെ, ഇന്‍വെസ്‌കോ തുടങ്ങിയ മ്യൂച്വല്‍ഫണ്ടുകളും ആദിത്യ ബിര്‍ള ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയും ഇതില്‍ പങ്കെടുത്തു.
ഓഹരി വിപണിക്ക് പുറത്തുള്ള അനൗദ്യോഗിക വിപണിയില്‍ (Grey Markte) ഐ.പി.ഒ വിലയേക്കാള്‍ 13 രൂപ പ്രീമിയത്തിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. ഇതനുസരിച്ച് 448 രൂപ വിലയിലായിരിക്കും ഓഹരിയുടെ ലിസ്റ്റിംഗ് എന്നാണ് അനുമാനിക്കുന്നത്. അതായത് ഐ.പി.ഒയുടെ ഉയര്‍ന്ന പ്രൈസ് ബാന്‍ഡിനേക്കാള്‍ 2.99 ശതമാനം അധിക വിലയില്‍. ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഒരു സൂചന മാത്രാമാണ്. യഥാര്‍ത്ഥ വില ഇതില്‍ നിന്ന് കൂടാനോ കുറയാനോ സാധ്യതയുണ്ട്.
ദി ലീല ബ്രാന്‍ഡില്‍ പ്രീമിയം ഹോട്ടലുകളും റിസോര്‍ട്ടുകളും നടത്തിവരുന്ന ലക്ഷ്വറി ഹോസ്പിറ്റാലിറ്റി കമ്പനിയാണ് ശ്ലോസ് ബാംഗളൂര്‍. മാര്‍ച്ച് 31 വരെയുള്ള വിവരങ്ങളനുസരിച്ച് കമ്പനിക്ക് 13 ഹോട്ടലുകളും 3,553 റൂമുകളുമുണ്ട്. ഇതില്‍ അഞ്ച് സ്വന്തം ഹോട്ടലുകളും 7 മാനേജ്ഡ് പ്രോപ്പര്‍ട്ടികളും ഒരു ഫ്രാഞ്ചൈസ് ഹോട്ടലും ഉള്‍പ്പെടുന്നു.
2028 ഓടെ ഏഴ് പുതിയ പ്രോപ്പര്‍ട്ടികള്‍ കൂടി സ്ഥാപിച്ചുകൊണ്ട് ലക്ഷ്വറി ഹോസ്പിറ്റാലിറ്റി മേഖലയില്‍ സാന്നിധ്യം ശക്തമാക്കാനാണ് ശ്ലോസ് ബാംഗളൂര്‍ ലക്ഷ്യമിടുന്നത്. ഇതുവഴി 678 ഹോട്ടല്‍ മുറികളും കൂട്ടിച്ചേര്‍ക്കപ്പെടും.
Read DhanamOnline in English
Subscribe to Dhanam Magazine