
മലയാളിയായ ക്യാപ്റ്റന്‍ സി.പി കൃഷ്ണന്‍ നായര്‍ സ്ഥാപിച്ച ലീല ഹോട്ടല്‍സിന്റെ (Leela Hotels) പ്രാരംഭ ഓഹരി വില്‍പന ( initial public offering-IPO) മെയ് 26 മുതല്‍. നിലവില്‍ കാനഡ ആസ്ഥാനമായുള്ള ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഷ്ളോസ് ബാംഗ്ലൂര്‍ (Schloss Bangalore) ആണ് ലീല ഹോട്ടല്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥര്‍.
ഐപിഒയിലൂടെ 3,500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മുമ്പ് 5,000 കോടി രൂപ ലക്ഷ്യമിട്ടായിരുന്നു ഐപിഒ നടപടികള്‍ തുടങ്ങിയത്. എന്നാല്‍ പിന്നീട് ഐപിഒ വലുപ്പം 30 ശതമാനം കുറയ്ക്കുകയായിരുന്നു.
ആകെയുള്ള ഐപിഒയുടെ 75 ശതമാനം യോഗ്യതയുള്ള നിക്ഷേപക സ്ഥാപനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. ഇതില്‍ തന്നെ 60 ശതമാനം അഥവാ 1,575 കോടി രൂപയുടെ ഓഹരികള്‍ ആങ്കര്‍ ഇന്‍വെസ്റ്റേഴ്‌സിനാണ് നല്കുക. മൊത്തം ഓഹരികളുടെ 10 ശതമാനമാകും ചെറുകിട നിക്ഷേപകര്‍ക്ക് വാങ്ങാനാകുക.
മെയ് 26ന് തുടങ്ങുന്ന പ്രാരംഭ ഓഹരി വില്‍പന 28 വരെയാണ്. ഓഹരികളുടെ പ്രൈസ് ബാന്‍ഡ് 413-435 രൂപ നിരക്കിലാണ്. ചുരുങ്ങിയത് 34 ഓഹരികളുടെ ലോട്ടുകളായേ അപേക്ഷിക്കാന്‍ പറ്റുകയുള്ളൂ. 14,042 രൂപയുടെ ഓഹരികള്‍ വരുമിത്. ജൂണ്‍ രണ്ടിന് ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യുമെന്നാണ് കരുതുന്നത്. ഓഫര്‍ ഫോര്‍ സെയിലിലൂടെ 5.75 കോടി ഓഹരികളാണ് വില്ക്കുന്നത്.
ഇന്ത്യയില്‍ ഹോസ്പിറ്റാലിറ്റി രംഗത്തു നിന്നുള്ള ഏറ്റവും വലിയ ഐ.പി.ഒയാകും ലീല ഹോട്ടല്‍സിന്റേത്. ഓഹരി വില്പനയിലൂടെ ലഭിക്കുന്ന തുക കടംവീട്ടുന്നതിനും മറ്റ് വിപുലീകരണ പദ്ധതികള്‍ക്കുമാകും ഉപയോഗിക്കുക. 2023-24 സാമ്പത്തികവര്‍ഷം ഷ്ളോസ് ബാംഗ്ലൂര്‍ 2.1 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്.
ഈ സാമ്പത്തികവര്‍ഷം (2024-25) നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക് എത്താന്‍ കമ്പനിക്കായി. 49.2 കോടി രൂപയാണ് സാമ്പത്തികവര്‍ഷത്തെ ലാഭം. ആകെ വരുമാനം മുന്‍ വര്‍ഷത്തെ 1,171.4 കോടി രൂപയില്‍ നിന്ന് 11 ശതമാനം വര്‍ധിച്ച് 1,300.5 കോടി രൂപയായി ഉയര്‍ന്നു.
1986ല്‍ മലയാളിയായ ക്യാപ്റ്റന്‍ സി.പി കൃഷ്ണന്‍ നായരാണ് ലീല ഗ്രൂപ്പ് ഹോട്ടല്‍ ശൃംഖലയ്ക്ക് തുടക്കമിടുന്നത്. പിന്നീട് സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ഹോട്ടല്‍ വ്യവസായത്തിന്റെ ഉടമസ്ഥാവകാശം വില്‍ക്കുകയായിരുന്നു.
ഷ്ളോസ് ബാംഗ്ലൂര്‍ എന്ന പേരിലാണ് ബ്രൂക്ക്ഫീല്‍ഡ് അസെറ്റ് മാനേജ്മെന്റ് ലീല ഹോട്ടല്‍സ് നടത്തുന്നത്. 2019ലാണ് ബ്രൂക്ക്ഫീല്‍ഡ് ഡല്‍ഹി, ബംഗളൂരു, ഉദയ്പൂര്‍ ചെന്നൈ എന്നിവിടങ്ങളിലെ ലീല ഗ്രൂപ്പിന്റെ ആസ്തികള്‍ സ്വന്തമാക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine