മണ്ണിലലിയുന്ന പേപ്പര്‍കപ്പുമായി ലീത പാക്ക്

പേപ്പര്‍കപ്പുകളുടെ കയറ്റുമതിയിലൂടെ ശ്രദ്ധേയരായ ലീതാ പാക്ക് പ്രൈവറ്റ് ലിമിറ്റഡ് ആഭ്യന്തരവിപണിയിലും ചുവടുവയ്ക്കുന്നു. നിലവില്‍ രാജ്യത്ത് പേപ്പര്‍ കപ്പുകളെന്ന പേരില്‍ വില്‍ക്കുന്നതില്‍ മുന്തിയപങ്കും പ്ലാസ്റ്റിക് അടങ്ങിയതാണെന്നും മണ്ണിലലിയാത്തതാണെന്നും ലീതാ പാക്ക് മാനേജിംഗ് ഡയറക്ടര്‍ ജാക്‌സണ്‍ മാത്യു പറഞ്ഞു. ഈ സാഹചര്യത്തിലാണ് പൂര്‍ണമായി പേപ്പര്‍നിര്‍മ്മിതവും മണ്ണിലലിയുന്നതുമായ പേപ്പര്‍ കപ്പുകള്‍ കമ്പനി അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ പ്ലാസ്റ്റിക് പേപ്പര്‍ കപ്പുകള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റും ശരാശരി നാല് കോടിയോളം പേപ്പര്‍കപ്പുകള്‍ കേരളത്തിലെത്തുന്നുണ്ടെന്നാണ് വിപണിയില്‍ നിന്ന് തന്നെയുള്ള വിവരം. പ്രതിസന്ധിമൂലം കഴിഞ്ഞവര്‍ഷങ്ങളിലായി 250ഓളം ചെറുകിട പേപ്പര്‍കപ്പ് നിര്‍മ്മാണശാലകള്‍ കേരളത്തില്‍ അടച്ചുപൂട്ടിയിരുന്നു. 5000ഓളം പേര്‍ക്ക് തൊഴിലും നഷ്ടമായി.
ഈ കമ്പനികള്‍ക്ക് പേപ്പര്‍കപ്പ് നിര്‍മ്മാണത്തിന് പേപ്പറുകള്‍ നല്‍കാനും സാങ്കേതികവിദ്യ കൈമാറാനും ലീത പാക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കോസ്റ്റാ കോഫീ, കോസ്റ്റ്‌കോ, ഗ്വിന്നസ് തുടങ്ങിയ ആഗോള ബ്രാന്‍ഡുകള്‍ക്കായി പേപ്പര്‍കപ്പുകള്‍ കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് ലീത പാക്ക്.

കേരളത്തിന് നേട്ടമാകും

മാലിന്യനിര്‍മ്മാര്‍ജനത്തില്‍ വലിയ പ്രതിസന്ധിയിലൂടെ കേരളം കടന്നുപോകുകയാണ്. അടുത്തിടെ എറണാകുളം ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം പോലും കേരളത്തിന്റെ പ്രതിച്ഛായ മോശമാക്കി. പ്ലാസ്റ്റിക് മാലിന്യമാണ് കേരളത്തെ മുഖ്യമായും വലയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ അതിവേഗം മണ്ണിലലിയുന്ന യഥാര്‍ത്ഥ പേപ്പര്‍കപ്പുകള്‍ വിപണിയിലെത്തുന്നത് സംസ്ഥാനത്തിന് വലിയ ആശ്വാസമാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it