

ഇന്ത്യന്‍ ഐവെയര്‍ വിപണിയിലെ വമ്പന്മാരായ ലെന്‍സ്‌കാര്‍ട്ടിന്റെ പ്രാഥമിക ഓഹരിവില്പന (ഐപിഒ) വെള്ളിയാഴ്ച (ഒക്‌ടോബര്‍ 31) മുതല്‍. ഓഹരിയൊന്നിന്ന് 382-402 റേഞ്ചിലായിരിക്കും പ്രൈസ്ബാന്‍ഡ്. പ്രവര്‍ത്തനമൂലധനം സ്വരൂപിക്കാനും ആദ്യകാല നിക്ഷേപകര്‍ക്ക് വിറ്റൊഴിവാകാനുമാണ് ഓഹരി വില്പനയിലൂടെ ലക്ഷ്യമിടുന്നത്.
പ്രാഥമിക ഓഹരി വില്പനയിലൂടെ 7,278 കോടി രൂപയാകും കണ്ടെത്തുക. ഓഫര്‍ ഫോര്‍ സെയിലിലൂടെ (OFS) നിലവിലുള്ള നിക്ഷേപകര്‍ 12.75 കോടി ഓഹരികള്‍ വിറ്റഴിക്കും.
കമ്പനിയുടെ ഉടമസ്ഥതയില്‍ കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിക്കുക, ടെക്‌നോളജി വിപുലീകരണത്തിനായി കൂടുതല്‍ മുതല്‍മുടക്കുക, മാര്‍ക്കറ്റിംഗ് ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ഓഹരി വില്പനയിലൂടെ ലക്ഷ്യമിടുന്നത്. ഡിമാര്‍ട്ട് സ്ഥാപകന്‍ രാധാകിഷന്‍ ദമാനി 90 കോടി രൂപയുടെ പ്രീ-ഐപിഒ നിക്ഷേപം നടത്തിയത് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
ഈ വര്‍ഷത്തെ വലിയ നാലാമത്തെ ഐപിഒയാണ് ലെന്‍സ്‌കാര്‍ട്ടിന്റേത്. ടാറ്റ ക്യാപിറ്റല്‍, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എല്‍ജി ഇലക്‌ട്രോണിക്‌സ് എന്നിവയാണ് ഈ വര്‍ഷം ഇതുവരെ നടന്ന വലിയ ഐപിഒകള്‍.
സെബിക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത് അനുസരിച്ച് 75 ശതമാനം ഓഹരികള്‍ യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്കായാണ് മാറ്റിവച്ചിരിക്കുന്നത്. 15 ശതമാനം നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സിനുമായും 10 ശതമാനം റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കുമായിട്ടാണ് വിഭജിച്ചിരിക്കുന്നത്. യോഗ്യരായ ജീവനക്കാര്‍ക്കും ഓഹരികള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്.
ഓഫര്‍ ഫോര്‍ സെയിലിലൂടെ പ്രമോട്ടര്‍മാരായ പീയുഷ് ബന്‍സാല്‍, നേഹ ബന്‍സാല്‍, അമിത് ചൗധരി, സുമീത് കപാഹി എന്നിവരുടെയും നിക്ഷേപക സ്ഥാപനങ്ങളായ സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ട്, സ്‌കോഡേഴ്‌സ് ക്യാപിറ്റല്‍, കേഡാര ക്യാപിറ്റല്‍, ആല്‍ഫ വേവ് വെഞ്ചേഴ്‌സ്, പി.ഐ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്നിവരുടെയും ഓഹരികള്‍ വിറ്റഴിക്കും.
2010ല്‍ ഗുരുഗ്രാം ആസ്ഥാനമായി പീയുഷ് ബന്‍സാലാണ് ഈ ബ്രാന്റ് സ്ഥാപിക്കുന്നത്. 2025 സാമ്പത്തികവര്‍ഷം 297 കോടി രൂപയുടെ ലാഭം സ്വന്തമാക്കാന്‍ ലെന്‍സ്‌കാര്‍ട്ടിന് സാധിച്ചിരുന്നു. 2024ല്‍ 10 കോടി രൂപ നഷ്ടത്തില്‍ നിന്നാണ് ഈ കുതിച്ചുകയറ്റം. വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം വര്‍ധിച്ച് 6,625 കോടി രൂപയായി ഉയര്‍ന്നു.
കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, അക്സിസ് ക്യാപിറ്റല്‍, സിറ്റി, മോര്‍ഗന്‍ സ്റ്റാന്‍ലി, അവെന്‍ഡസ് ക്യാപിറ്റല്‍ എന്നീ കമ്പനികളാണ് ഐ.പി.ഒ നടപടികള്‍ നിയന്ത്രിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine