എൽജി ഇലക്ട്രോണിക്‌സ് ഐ.പി.ഒ യ്ക്ക് ചരിത്ര നേട്ടം, ആദ്യമായി നാലുലക്ഷം കോടി രൂപ സബ്‌സ്‌ക്രിപ്‌ഷൻ മറികടന്നു, ഗ്രേ മാര്‍ക്കറ്റില്‍ 32% അധികം
റെക്കോഡ് നേട്ടവുമായി എൽജി ഇലക്ട്രോണിക്‌സ് ഐപിഒ. ഇന്ത്യൻ വിപണിയില്‍ ആദ്യമായി ഒരു കമ്പനിയുടെ ഐപിഒ സബ്‌സ്‌ക്രിപ്‌ഷൻ നാല് ലക്ഷം കോടി രൂപ മറികടക്കുന്നു. ഇതുവരെ ഒരു ഇന്ത്യൻ കമ്പനിക്കും ഐപിഒ യിലൂടെ ഇത്രയും വലിയ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടില്ല. വൻകിട സ്ഥാപനങ്ങളിൽ നിന്നും ചെറുകിട നിക്ഷേപകരിൽ നിന്നും ലഭിച്ച മികച്ച പ്രതികരണമാണ് ഈ റെക്കോഡ് നേട്ടത്തിന് പിന്നിൽ.
ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സിന്റെ (QIB) ഭാഗത്തും നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർമാരുടെ (NII) ഭാഗത്തും സബ്‌സ്‌ക്രിപ്‌ഷൻ റെക്കോഡുകൾ ഭേദിച്ചു. എൽജി ഇലക്ട്രോണിക്‌സിലുള്ള നിക്ഷേപകരുടെ അമിതമായ വിശ്വാസമാണ് ഇത് വ്യക്തമാക്കുന്നത്. ഈ നേട്ടം മറ്റ് വൻകിട ഐപിഒകൾക്ക് പുതിയ മാനദണ്ഡം സ്ഥാപിച്ചിരിക്കുകയാണ്.
മൂന്ന് ദിവസത്തെ പബ്ലിക് ഇഷ്യുവിൽ 7.13 കോടി ഓഹരികൾക്ക് 385 കോടിയിലധികമാണ് ബിഡ് ലഭിച്ചത്. മൊത്തം സബ്‌സ്‌ക്രിപ്‌ഷൻ 54 മടങ്ങ് കവിഞ്ഞു. ഏകദേശം 4.4 ലക്ഷം കോടി രൂപയാണ് മൊത്തം ബിഡ് തുക.
ഒക്ടോബർ 13-ന് ക്രെഡിറ്റ് ചെയ്യും
ഇന്ന് (ഒക്ടോബർ 10) ഐപിഒ അലോട്ട്‌മെന്റ് ആരംഭിക്കുമെന്നാണ് കരുതുന്നത്. ഒക്ടോബർ 14-ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും (BSE) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും (NSE) ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിക്ഷേപകർക്ക് തങ്ങളുടെ അലോട്ട്‌മെന്റ് സ്റ്റാറ്റസ് അറിയുന്നതിനായി ബിഎസ്ഇയുടെയും എൻഎസ്ഇയുടെയും വെബ്സൈറ്റുകൾ ഉപയോഗിക്കാവുന്നതാണ്. ഐപിഒയുടെ രജിസ്ട്രാറായ കെഫിൻ ടെക്‌നോളജീസ് ലിമിറ്റഡിന്റെ ഔദ്യോഗിക പോർട്ടലിലൂടെയും അലോട്ട്‌മെന്റ് നില പരിശോധിക്കാം. അലോട്ട്‌മെന്റ് ഉറപ്പിച്ചവർക്ക് ഒക്ടോബർ 13-ന് ഓഹരികൾ ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
ഗ്രേ മാർക്കറ്റ്
അതിനിടെ, എൽജി ഇലക്ട്രോണിക്‌സിന്റെ ഗ്രേ മാർക്കറ്റ് പ്രീമിയം (GMP) ശക്തമായി തുടരുകയാണ്. നിലവിൽ ഓഹരിക്ക് 365 രൂപയാണ് ജിഎംപി. ഐപിഒയുടെ ഇഷ്യു വിലയായ 1,140 രൂപയിൽ നിന്ന് 32 ശതമാനം അധികമാണിത്. ശക്തമായ ജിഎംപി, ഓഹരി 1,505 രൂപയുടെ പ്രീമിയം നിരക്കിൽ ലിസ്റ്റ് ചെയ്യുമെന്നതിന്റെ സൂചനയാണ് നൽകുന്നത്.
LG Electronics IPO sets record with ₹4.4 lakh crore subscription and 32% GMP ahead of listing.
Read DhanamOnline in English
Subscribe to Dhanam Magazine

