അദാനിയും എൽ.ഐ.സിയും തമ്മിലെന്ത്? ലാഭം പെരുകിയതിനൊപ്പം അദാനി കമ്പനിയിൽ നിക്ഷേപ വർധന; ₹ 5,000 കോടിയുടെ അദാനി ബോണ്ട് മുഴുവൻ വാങ്ങിയത് എൽ.ഐ.സി

2025 സാമ്പത്തിക വർഷത്തിൽ മാത്രം ബോണ്ട് ഇഷ്യൂകളിൽ എല്‍.ഐ.സി നിക്ഷേപിച്ചത് 80,000 കോടി രൂപ
LIC, Adani ports
Image courtesy: Canva
Published on

അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോണിന്റെ (APSEZ) 5,000 കോടി രൂപയുടെ ബോണ്ട് ഇഷ്യു പൂര്‍ണമായും ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (LIC). 7.75 ശതമാനം പലിശ നിരക്കിലാണ് ബോണ്ടുകൾ ഏറ്റെടുത്തിരിക്കുന്നത്. 15 വർഷത്തെ കാലാവധിയുളള ബോണ്ടുകളാണ് ഇവ.

അദാനി പോർട്ട്സിൽ എൽ.​ഐ.സിക്ക് 8.06 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. മറ്റ് അദാനി കമ്പനികളിലും എൽ.ഐ.സിക്ക് ഗണ്യമായ നിക്ഷേപമുണ്ട്. ഇന്ത്യന്‍ കടപ്പത്ര വിപണിയിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളില്‍ ഒന്നാണ് എൽ.ഐ.സി. 2025 സാമ്പത്തിക വർഷത്തിൽ മാത്രം ഇന്ത്യൻ കമ്പനികളുടെ ബോണ്ട് ഇഷ്യൂകളിൽ 80,000 കോടി രൂപയാണ് എല്‍.ഐ.സി നിക്ഷേപിച്ചത്. മുന്‍ വർഷത്തേക്കാൾ 30 ശതമാനം വർധനയാണ് ഇത്.

ലാഭത്തില്‍ വര്‍ധന

അതേസമയം, 2025 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ എല്‍.ഐ.സി ലാഭത്തില്‍ 38 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ജനുവരി-മാർച്ച് പാദത്തില്‍ സ്ഥാപനത്തിന്റെ അറ്റാദായം 19,013 കോടി രൂപയാണ്. വരുമാനം നാലാം പാദത്തിൽ 3 ശതമാനം കുറഞ്ഞ് 1,47,586 കോടി രൂപയായി.

ഇൻഷുറൻസ് വ്യവസായത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എല്‍.ഐ.സി ക്ക് 57.05 ശതമാനം വിപണി വിഹിതമുണ്ട്. മികച്ച പ്രവര്‍ത്തന ഫലങ്ങളെ തുടര്‍ന്ന് ഓഹരിക്ക് 12 രൂപ ലാഭവിഹിതമാണ് കമ്പനി നല്‍കുന്നത്.

ഓഹരി ഇന്ന് (വെളളിയാഴ്ച) 0.31 ശതമാനം താഴ്ന്ന് 941 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അദാനി പോർട്ട്‌സ്

ബോണ്ട് ഇഷ്യൂവിൽ നിന്നുള്ള വരുമാനം അദാനി പോർട്ട്‌സ് നിലവിലുള്ള കടബാധ്യതയുടെ തിരിച്ചടവിന് ഉപയോഗിക്കുന്നതാണ്. ആകെ 36,422 കോടി രൂപയുടെ കടബാധ്യതയുള്ള കമ്പനിയാണ് അദാനി പോർട്ട്സ്. കൂടാതെ, തുറമുഖത്തിന്റെയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിനായുള്ള മൂലധന ചെലവിനായും തുക വിനിയോഗിക്കും. രൂപയിലുളള ഏറ്റവും വലിയ ബോണ്ട് ഇഷ്യുവാണ് ഇത്. ഇന്ത്യയിലെ ബോണ്ട് മാർക്കറ്റിൽ സ്വകാര്യ കമ്പനികള്‍ക്കിടയിൽ ഇത്രയും ദൈർഘ്യമേറിയ കാലയളവുകൾ അപൂർവമാണ്. സാധാരണയായി 10 വർഷത്തേക്കാണ് ബോണ്ടുകള്‍ പരിമിതപ്പെടുത്തിയിരിക്കുന്നത്.

633 മില്യണ്‍ മെട്രിക് ടൺ ശേഷിയുള്ള സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്ററാണ് അദാനി പോർട്ട്‌സ്. 2025 സാമ്പത്തിക വർഷത്തിൽ ഇത് 450 മില്യണ്‍ മെട്രിക് ടൺ ചരക്കാണ് കൈകാര്യം ചെയ്തത്. 15 ആഭ്യന്തര തുറമുഖങ്ങളിലും നാല് അന്താരാഷ്ട്ര തുറമുഖങ്ങളിലും അദാനി പോർട്ട്‌സിന് സാന്നിധ്യമുണ്ട്.

LIC fully subscribes to ₹5,000 crore Adani Ports bonds amid 38% YoY profit growth and strategic infrastructure funding.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com